Wednesday, November 21, 2007

പട്ടാളം പിള്ളയുടെ തോക്ക്‌

വീണ്ടും ഒരു മടക്കയാത്ര.

ഞാനന്ന് ആറു വയസ്സുകാരന്‍. താമസം മൂലമറ്റം പവര്‍ഹസിനടുത്തുള്ള ഒരു സ്ഥലം.

(കൃത്യമായി പറഞ്ഞാല്‍ പഴയ തല്ലുകൊള്ളിത്തരങ്ങളുടെ ബാക്കി പത്രങ്ങള്‍ വിസയെടുത്ത്‌ ഇവിടെ വന്നു പെരുമാറിയിട്ടു പോകും. അതിനാല്‍ ക്ഷമി!)

ഞങ്ങളുടെ പുരയിടം ഒരു കുന്നിന്‍ പ്രദേശത്താണ്‌. തെങ്ങും, കശുമാവും മരച്ചീനിത്തോട്ടവും, വിവിധ ഇനം മാവുകളും നെല്ലിയും ഒക്കെയുള്ള നാലേക്കറോളം സ്ഥലം.

പക്ഷെ ഞങ്ങള്‍ മൂന്നു മക്കള്‍ക്ക്‌ സ്കൂളില്‍ പോകാന്‍ ബുദ്ധിമുട്ടായതിനാല്‍ റോഡരികില്‍ ഒരു വീട്ടിലാണ്‌ താമസം. (അതുകൊണ്ടും സ്കൂളില്‍ പോകാനുള്ള എന്റെ "ബുദ്ധിമുട്ട്‌" മാറിയേയില്ല കേട്ടൊ.)

ശനിയാഴ്ചയും ഞായറാഴ്ചയും ഞങ്ങള്‍ മലയില്‍ പോകും, പ്രത്യേകിച്ച്‌ പഴങ്ങളുടെ സീസണില്‍. വേനലവധിക്കാലത്ത്‌ മിക്കവാറും താമസവും അവിടെയാക്കും.

അവധിക്കാലത്ത്‌ മലയായ മല മുഴുവന്‍ കറങ്ങി നടക്കലാണ്‌ ഞങ്ങള്‍ മൂവരുടെയും പരിപാടി. ഞങ്ങളുടെ പുരയിടത്തില്‍ നിറയെ പഴങ്ങളുണ്ടെകിലും അയല്‍വക്കത്തെ പുരയിടങ്ങളില്‍ പോയി അടിച്ചുമാറ്റിയാലെ ഒരു തൃപ്തി വരൂ.

പ്രധാനമായും നെല്ലിക്കയാണ്‌ അയല്‍വക്കത്തു നിന്നും വേണ്ടത്‌.

അധികമൊന്നും വേണ്ട, ചേട്ടന്റെ നിക്കറിന്റെ രണ്ട്‌ കീശ നിറയെ, ചേച്ചിയുടെ ഉടുപ്പിന്റെ മടക്കുനിറയെ, എനിക്കു കീശയും കൈയും നിറയെ.

പിന്നെ ഏതെങ്കിലും വലിയ പാറപ്പുറത്ത്‌ കയറി കരുതിക്കൊണ്ടു വരുന്ന ഉപ്പും കാന്താരി മുളകും ചേര്‍ത്ത്‌ തിന്നുക (പണ്ടാരം.... വായില്‍ വെള്ളം നിറഞ്ഞിട്ട്‌ ടൈപ്പു ചെയ്യാനും കൂടി പറ്റുന്നില്ല.....).

ഇതിനിടയില്‍ ഞങ്ങള്‍ക്കൊരു സുഹൃത്തിനെക്കൂടി കിട്ടി.

രവി.

ചേട്ടന്റെ പ്രായം. എന്നാല്‍ തരികിടക്ക്‌ എന്റെയും ചേട്ടന്റെയും ചേര്‍ന്ന പ്രായം.

ഏതു പുരയിടത്തില്‍ എന്തിനം നെല്ലിക്ക, മാങ്ങ, നാരങ്ങ ഇത്യാദി വഹകള്‍ ഉണ്ടെന്നു വര്‍ഷങ്ങളായി ഗവേഷണം മുഖ്യതൊഴില്‍.

സൈഡായി പഠനത്തൊഴിലും!

ഏതായാലും രവി കൂടി ഗാങ്ങിലെത്തിയതോടെ ഞങ്ങളുടെ വിഹാരങ്ങളുടെ വിശാലതയും സമയവും കൂടി.കറക്കം കഴിഞ്ഞ്‌ തിരിയെ വരുമ്പോള്‍ അമ്മയുടെ കയ്യില്‍ നിന്നു കിട്ടുന്ന തല്ലിന്റെ അളവും!

അങ്ങനെയിരിക്കെ രവി ഒരു പുതിയ ഗവേഷണഫലവുമായെത്തി. ഏകദേശം ഒന്നര രണ്ടു കിലോമീറ്റര്‍ ദൂരെയൊരിടത്ത്‌ ഒത്തിരി വലിയ നെല്ലിക്ക അവൈലബിള്‍!

അടുത്ത പ്രദേശത്തൊന്നും ആ വലിപ്പമുള്ള ഇനം ഇല്ലത്രേ!!

കേട്ടപാതി കേള്‍ക്കാത്ത പാതി ഞാന്‍ മുന്നിട്ടിറങ്ങി.

പക്ഷെ വേറെ പ്രശ്നമുണ്ട്‌. ഉടമസ്ഥന്‍ ആളു കുഴപ്പക്കാരനാണ്‌. എക്സ്‌ മിലിട്ടറി കൂടിയായ ---- പിള്ള .

മുഖം നിറഞ്ഞ കൊമ്പന്‍ മീശ. തോക്കു സ്ഥിരം കൈയ്യിലുണ്ടെന്നും അതല്ല നിറച്ച്‌ വീട്ടില്‍ വച്ചിരിക്കയാണെന്നും രണ്ടു കേള്‍വി.

അയാള്‍ കണ്ണിലെ കൃഷ്ണമണി പോലാണ്‌ നെല്ലിമരം കാത്തുസൂക്ഷിക്കുന്നത്‌. ഒളിച്ചും പതുങ്ങിയും പോകണം.

ഏതായാലും ബാലനായ എന്നെയും അബലയായ ചേച്ചിയെയും ഒഴിവാക്കി ചേട്ടനും രവിയും സാഹസികമായി കാര്യം സാധിച്ചു.

സത്യം പറയണമല്ലൊ ആ നെല്ലിക്കയുടെ വലിപ്പവും രുചിയും ഒന്നു വേറെ തന്നെ!

അടുത്ത ആഴ്ചത്തെ പര്യടനത്തിന്‌ ഞാനുമുണ്ടെന്നു നേരത്തെ അവരെ അറിയിച്ചു. പറ്റില്ലെന്നു പറഞ്ഞ ചേട്ടനെ വിവരം വീട്ടിലറിയിക്കുമെന്ന ഭീഷണിയില്‍ വരുതിയിലാക്കി. മുഖം വീര്‍പ്പിച്ച ചേച്ചിയെ ഞാന്‍ രണ്ടു നെല്ലിക്ക എക്സ്ട്ര പറഞ്ഞൊതുക്കി.

ഏതായാലും പിള്ളയുടെ പുരയിടം ദൂരെക്കണ്ടതോടെ എന്റെ ധൈര്യമെല്ലാം ചോര്‍ന്നു. കാലിനിത്തിരി ബലക്ഷയം!

ഈ പറയപ്പെടുന്ന തോക്കെന്നു പറയുന്ന സാധനം ചുക്കോ ചുണ്ണാമ്പോ എന്നറിയില്ലെങ്കിലും, രവി പറയാറുള്ള എംജിആര്‍ സിനിമക്കഥകള്‍ ഓര്‍ത്തപ്പോള്‍ അമ്മച്ചിയെ അപ്പോള്‍ തന്നെ കണ്ടാല്‍ കൊള്ളാമെന്നൊരു തോന്നല്‍.

എന്റെ സ്പീഡ്‌ കുറഞ്ഞ്‌ കുറഞ്ഞ്‌ സീറോ ആയി.

ഒടുവില്‍ എന്നെ കുറെ ദൂരെ നിര്‍ത്തിയിട്ട്‌ അവര്‍ രണ്ടുപേരും മുന്നോട്ടുപോയി.

ഞാന്‍ ഒരു വലിയ പാറപ്പുറത്ത്‌ കയറി അവര്‍ പോയ വഴിയേ നോക്കി നില്‍പ്പായി. .....

ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞു കാണും, ദൂരെ കുറ്റിക്കാട്ടിലൂടെ ചേട്ടന്റെയും രവിയുടെയും തലവെട്ടം കണ്ടെന്നു തോന്നിയപാടെ ആവേശം മൂത്ത ഞാന്‍ പാറയില്‍ നിന്നു ചാടിയിറങ്ങി അവരുടെ അടുത്തേക്കോടി.

പോകുന്ന വഴിയില്‍ "ഇഷ്ടം പോലെ കിട്ടിയോ ചേട്ടായി" എന്നുറക്കെ വിളിച്ചു ചോദിച്ചു കൊണ്ടിരുന്നു.

മറുപടി കിട്ടിയില്ലെങ്കിലും ഞാന്‍ ഓട്ടം നിര്‍ത്തിയില്ല.

ഏതാണ്ട്‌ നൂറ്‌ മീറ്റര്‍ ദൂരെയെത്തിയപ്പോള്‍ ഒരു പറ പറ ശബ്ദത്തില്‍ മറുപടി കിട്ടി

"കിട്ടിയെടാ കിട്ടി"

"ഇന്നാണെടാ നിന്നെയൊക്കെ എനിക്കു കിട്ടിയതെടാ കൊച്ചു കഴുവേറീടെ മോനെ"

ഇടിവെട്ടേറ്റ പോലെ നിന്ന ഞാന്‍ നോക്കുമ്പോള്‍ പിള്ളയുടെ നീണ്ട ഇരുകൈകളിലും ചേട്ടനും രവിയും!!

മാത്രമല്ല പിള്ളയുടെ പിറകില്‍ തോളിനു പിന്നിലൂടെ ഉയര്‍ന്നു നില്‍ക്കുന്ന തോക്കിന്‍ കുഴലും!!

എനിക്കോര്‍മ്മ വീഴുമ്പോള്‍ പിള്ളേച്ചന്‍ എന്റെ മുഖത്തു വെള്ളം തളിച്ചു തടവുകയാണ്‌!

ചേട്ടനും രവിയും അടുത്ത്‌ നിന്ന് വിങ്ങിക്കരയുന്നു!

തോക്കെന്നു കരുതിയ സാധനം ഒരു കല്ലില്‍ ചാരിവച്ചിരിക്കുന്നു!!

പുരയിടത്തിലൂടെ നടക്കുമ്പോള്‍ പാമ്പിനെ പേടിച്ച്‌ കരുതാറുള്ള മുട്ടന്‍ വടി!!!

Tuesday, November 20, 2007

ഒരു വീരകൃത്യം

കാലം എണ്‍പതുകളുടെ അവസാന ഭാഗം.

ഹൈറേഞ്ചിന്റെ കളിത്തൊട്ടിലായ, തൊടുപുഴയുടെ മണിമുത്തായ ന്യൂമാന്‍ കോളേജാണ്‌ രംഗവേദി.
ഞാനന്നു ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി.

പഠിക്കുന്ന കാര്യമൊഴിച്ച്‌ എന്തിനും റെഡി. പ്രധാന ഹോബി വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ തമ്മിലുള്ള അലക്കും തല്ലും കണ്ടാസ്വദിക്കല്‍.

അന്ന് ന്യുമാനില്‍ കെ എസ്‌ യു, ഒരിനം കെ എസ്‌ സി, എം എസ്‌ എഫ്‌ എന്നിവര്‍ ചേര്‍ന്നൊരു മുന്നണി, വേരൊരിനം കെ എസ്‌ സി, എ ബി വി പി, ചേര്‍ന്ന മറ്റൊരു മുന്നണി, എസ്‌ എഫ്‌ ഐ തനിയെ എന്നൊക്കെയാണ്‌ അവിയലുകള്‍.

ഏതു പാര്‍ട്ടി സമരം പ്രഖ്യാപിക്കുന്നോ, അന്നത്തേക്ക്‌ എന്റെ സപ്പോര്‍ട്ട്‌ അവര്‍ക്ക്‌. പ്രത്യേകിച്ച്‌ ഗോപാലകൃഷ്ണന്‍ സാറിന്റെയോ (അടൂരല്ല) മണി സാറിന്റെയോ പടം റിലീസാകുന്ന ദിവസമാണെങ്കില്‍ ഡബിള്‍ സപ്പോര്‍ട്ട്‌.

ഏതായാലും ഒരു സുദിനം, സമരദിനം!!

അന്നേദിവസം രണ്ടു കൂട്ടര്‍ക്ക്‌ അവകാശബോധമുദിച്ചു. ഗ്രൗണ്ട്‌ ഫ്ലോറിന്റെ ഓരോ അറ്റങ്ങളില്‍ നിന്നും ഇരുകൂട്ടരും പ്രകടനം തുടങ്ങി.

ശബ്ദം കേട്ട പാടെ സേവന തല്‍പരനായ ഞങ്ങടെ മാഷ്‌ പുസ്തകം മടക്കി പുറത്തിറങ്ങി.(അദ്ദേഹത്തിനു സെക്കന്റ്‌ ഹാന്റ്‌ കാറിന്റെ സൈഡ്‌ ബിസിനസ്സുണ്ട്‌)

മാഷിന്റെ പിന്നാലെ ആവേശഭരിതനായി ഞാനും.

പക്ഷെ സ്ഥിരം കുറ്റികളുമായി ഒത്തുകൂടിയപ്പോള്‍ ആവേശം ഇത്തിരി തണുത്തു.
ആകെയുള്ള മൂന്നു തിയേറ്ററിലും തല്ലിപ്പൊളി പടങ്ങള്‍. ഒരിടത്ത്‌ മമ്മൂട്ടി, മറ്റൊരിടത്ത്‌ മോഹന്‍ലാല്‍, മൂന്നമത്തെയിടത്ത്‌ ബാലചന്ദ്രമേനോന്‍!

ഛെ ആര്‍ക്കുവേണം! എവിടെ അഭിലാഷ? എവിടെ.......???

അതുകൊണ്ട്‌ നേരെ ഗള്‍ഫിലേക്കു നടന്നു. (ലേഡീസ്‌ കോര്‍ണറാണ്‌ ഗള്‍ഫ്‌. അവരുടെ മൂത്രപ്പുര വിശ്രമ, സല്ലാപ കേന്ദ്രങ്ങള്‍ തുടങ്ങിയവ ഇവിടെ.) എല്ലാ പ്രകടനങ്ങളുടെയും സ്വാഭാവിക അവസാനം ഗല്‍ഫിലാണ്‌. കാരണം പ്രസാദിക്കേണ്ടത്‌ പെണ്‍മണികളാണ്‌. വോട്ട്‌ വീഴണ്ടെ!?

പക്ഷെ കുറെ കാത്തിരുന്നിട്ടും രണ്ടു കൂട്ടരും ഗള്‍ഫിലെത്തുന്നില്ല. അപ്പോള്‍ കേള്‍ക്കാം മൂന്നാം നിലയില്‍ നിന്നൊരാരവം. ആരൊ പറഞ്ഞു, അടി തുടങ്ങിയെന്ന്.

അടി കാണാന്‍ പറ്റിയില്ലെങ്കില്‍ കോളേജു ജീവിതം കൊണ്ടെന്തു ഗുണം?

നേരെ മുകളിലേക്കോടി. മൂന്നാം നിലയിലെ കോറിഡോറിന്റെ നടുവിലായി രണ്ടു കൂട്ടരും മുഖാമുഖം നില്‍ക്കുന്നു. പരസ്പരം ചീത്തവിളിയും ഒച്ചപ്പാടുമല്ലാതെ അടിവീണിട്ടില്ല.
(ഒരുകാര്യം പ്രത്യേകം പറയട്ടെ, ന്യൂമാനില്‍ വന്ന ശേഷം, ചില്ലറ ഉന്തും തള്ളുമല്ലാതെ നല്ലൊരടി ഇനിയും കാണാന്‍ പറ്റിയിട്ടില്ല. ഇവിടുത്തെ നേതാക്കളും അനുയായികളും വലിയ ആഢ്യന്മാര്‍, ഷര്‍ട്ട്‌ ചുളിയുന്ന ഒരിടപാടിനുമില്ല)

അടിവീഴുന്നെങ്കില്‍ ഓടാനുള്ള പാകത്തില്‍ ഒരു മൂലയില്‍ നിന്നു ഞങ്ങള്‍ എത്തിനോക്കിക്കൊണ്ടിരുന്നു.

ഇതിനിടയില്‍ ഹംസ പോയി അടുത്ത ക്ലാസ്സില്‍ നിന്നും ഒരു സ്റ്റൂള്‍ കൊണ്ടുവന്ന് അതില്‍ക്കയറി നിന്നു നോക്കാന്‍ തുടങ്ങി.

ഞാനന്നും ഇന്നും നല്ല പൊക്കക്കാരനായതിനാല്‍ (സച്ചിന്‍ തെണ്ടുല്‍ക്കറേക്കാള്‍ വെറും രണ്ടിഞ്ചു കുറവേയുള്ളു. അതത്ര കുറവാണൊ? എല്ലാവര്‍ക്കും സച്ചിനാവാന്‍ പറ്റുവോ!!) ഞാനും അതില്‍ കയറിക്കൂടി.

രണ്ടു പ്രകടനവും ഏതാണ്ട്‌ മൂന്നു മീറ്റര്‍ അകലത്തിലായി നില്‍ക്കുന്നു. എന്തും സംഭവിക്കാം.

അപ്പോഴാണ്‌ എന്റെ അയല്‍വാസിയും, പ്രകടനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ഒരു പാര്‍ട്ടിയുടെ യൂണിറ്റ്‌ പ്രസിഡന്റുമായ മനോഹരന്‍ എന്റെ അടുത്തെത്തിയത്‌. എന്തേ പ്രകടനത്തില്‍ ചേര്‍ന്നില്ല എന്നതിന്‌ താന്‍ വന്നപ്പോള്‍ താമസിച്ചു എന്നും രംഗം എങ്ങിനെയുണ്ടെന്നറിഞ്ഞിട്ട്‌ കൂടാം എന്നും പറഞ്ഞ്‌ എന്നെ സ്റ്റൂളില്‍ നിന്നിറക്കി അതില്‍ക്കയറി നോക്കിനിന്നു.

ശബ്ദകോലാഹലമല്ലാതെ അടിയുടെ ഒരു ലക്ഷണവും കാണുന്നേയില്ല.

പെട്ടെന്നാണ്‌ ഞങ്ങളുടെ പിന്നിലൂടെ പ്രിസിപ്പല്‍ തിരക്കിട്ടു വരുന്നത്‌ ഞാന്‍ കണ്ടത്‌.

ദാണ്ടെടാ ------ (പ്രിസിപ്പലിന്റെ വിളിപ്പേര്‌) വരുന്നു എന്നു ഞാന്‍ പറഞ്ഞതും ഹംസ സ്റ്റൂളില്‍ നിന്നും ചാടിയിറങ്ങി.

ബാലന്‍സ്‌ പോയ മനോഹരന്‍ സ്റ്റൂളുമായി ടപ്പേയെന്ന് തറയില്‍!

തിരിഞ്ഞു നോക്കിയ ഹംസ പ്രിന്‍സിപ്പലിനെ കണ്ട്‌ ഭയന്ന് ഓടിച്ചെന്നു കയറിയത്‌ പ്രകടനത്തിന്റെ ഇടയിലേക്ക്‌!

സ്റ്റൂള്‍ വീഴുന്ന ശബ്ദവും, ഹംസയുടെ പെട്ടെന്നുള്ള തള്ളിക്കയറ്റവും എല്ലാം ചേര്‍ന്നുള്ള ഇളക്കത്തില്‍ അടിയും തുടങ്ങി.

അടി തുടങ്ങിയതും നാലുകാലും പൊക്കി ഞാനോടിയതും ഒന്നിച്ച്‌!!

കോറിഡോറിന്റെ ഏറ്റവും അറ്റത്തെത്തി കോണിപ്പടികള്‍ മൂന്നുവീതം ചാടിയിറങ്ങി ഒന്നാം നിലയിലെത്തുന്നതു വരെ ഞാന്‍ കരുതി ഏറ്റവും മുന്നിലോടുന്നത്‌ ഞാന്‍ തന്നെ....

ആ ചിന്തയില്‍ ഒന്നു ചിരിച്ച്‌ തല ഉയര്‍ത്തിയ ഞാന്‍ കണ്ടത്‌ എന്റെ മുന്നിലോടുന്ന മനോഹരനെ!!
അതിനു തൊട്ടു പിന്നില്‍ മനോഹരനോടു മല്‍സരിച്ച്‌ ളോഹയും പൊക്കിപ്പിടിച്ചോടുന്ന പ്രിന്‍സിപ്പലച്ചനെ!!

Sunday, October 28, 2007

ആരോ

പുള്ളിക്കോണകമുടുത്തു നടന്ന പ്രായത്തിലെ ഓര്‍മകള്‍ അന്‍പതുകളിലെ സിനിമ പോലാണു മനസ്സില്‍.എങ്കിലും ഏതെങ്കിലും പോസ്റ്റ്‌ വായിക്കുന്ന സമയത്ത്‌ അതു മെല്ലെ മെല്ലെ മിന്നും. ആ മിന്നലിനു കാത്തിരിക്കുന്നതിനിടയില്‍, കാലിത്തിരി കവച്ചു വയ്ച്‌ ഞാന്‍ കോട്ടയം സി. എം. എസ്‌. കോളേജിലേക്കൊന്നു കടന്നു ചെല്ലട്ടെ.
കാലം 1980. ജയന്റെ സിനിമകളും ബെല്‍ബോട്ടം പന്റ്സുകളും കൊടികുത്തി വാഴുന്ന കാലം.
ഇക്കാലത്ത്‌ തന്നെയാണു, ജയന്‍ ഹെലികോപ്റ്ററില്‍ നിന്നു വീണു മരിച്ചതും (?). പിന്നീടു കുറച്ചുകാലം, ടിയാന്‍ അമേരിക്കയിലോ, ജപ്പാനിലോ അതോ വിദൂരസ്തമായ വൈപ്പിന്‍ കരയിലോ, ബാലന്‍ കെ നായരോടു പകരം വീട്ടാനായി കാത്തിരിക്കുന്നോ ഇല്ലയോ തുടങ്ങിയ കാലിക പ്രസക്തമായ ചര്‍ച്ചകളിലായിരുന്നു യുവജന സമൂഹം.
അതവിടെ നില്‍ക്കട്ടെ. ഇടുക്കി ജില്ലയിലെ ഒരു ഓണം (സംക്രാന്തിയും) കേറാ മൂലയില്‍ നിന്നും കോട്ടയം പട്ടണത്തിലെത്തിയ ഞാന്‍ (കോട്ടയത്ത്‌ എത്തിപ്പെടാനുണ്ടായ കാരണം രഹസ്യം)
വികാരിയച്ചന്‍ കാബറെ ഹോട്ടലില്‍ കയറിയതു പോലെ ആദ്യമൊന്നു പകച്ചു എങ്കിലും പോകെപ്പോകെ, ഗ്രഹണിപ്പിള്ളേരുടെ മുന്‍പില്‍ ചക്കക്കൂട്ടാന്‍ തുറന്നുവച്ചതുപോലെ കാര്യമായി ആര്‍മാദിച്ചു.

ആദ്യമുണ്ടായ രണ്ടെണ്ണത്തിന്റെയും മുഖത്ത്‌ എങ്ങനെ നോക്കിയിട്ടും ഡോക്ടര്‍ ലക്ഷണങ്ങള്‍ കാണാനാവാതെ വന്നപ്പോള്‍, അടുത്തത്‌ ഡോക്ടര്‍ തന്നെ എന്നുറപ്പിച്ചാണു എന്റപ്പന്‍ എന്നെ സ്വരുക്കൂട്ടിയത്‌. അപ്പോള്‍പിന്നെ പ്രീഡിഗ്രിക്ക്‌ സെക്കന്റ്‌ ഗ്രൂപ്പല്ലാതെ ഞാന്‍ ചേരാനിടയില്ലെന്ന് ഇതു വായിക്കനിടയുള്ള ഏത്‌ പോലീസുകാരനും മനസ്സിലാകുമല്ലോ.

ശനിദശ ചന്ദ്രനില്‍ ചെന്നാലും തീരില്ലല്ലോ! കോളേജിലും പ0നം തന്നെയാണു നടക്കുന്നത്‌ എന്ന ദു:ഖസത്യം ഞാന്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു.

പിന്നെ ആകെയുള്ള മെച്ചം, ഇന്ന ക്ലാസ്സെന്നു വ്യത്യാസമില്ലാതെ ഏതു ക്ലാസ്സിലും കയറി ഇരിക്കാം എന്നതു മാത്രം. എന്റെ പ്രധാന അവതാരം തേര്‍ഡ്‌ ഗ്രൂപ്പ്‌ ക്ലാസ്സിലാണു. കാരണം സാറന്മാര്‍ വന്നു മാക്രൊ ഇക്കണോമിക്സ്‌, മൈക്രോ ഇക്കണോമിക്സ്‌ എന്നൊക്കെ വിരട്ടുമെന്നല്ലാതെ വേറെ ശല്യമില്ല. മുട്ടത്തുവര്‍ക്കിയുടെ മാനസപുത്രിമാരുടെ നീണ്ട നിരയും അവിടെ ലഭ്യം.

അന്നത്തെ കുട്ടികളുടെ, ക്ലാസ്സിനുള്ളിലെ പ്രധാന ഹോബി, കടലാസ്‌ കടലപ്പൊതി പോലെ ചുരുട്ടി, പരത്തി, മടക്കി, വിരലിന്നിടയില്‍ വച്ച്‌ പറപ്പിക്കുന്നതാണു. വി-2 എന്നും, ആരൊ എന്നും, റോക്കെറ്റെന്നുമൊക്കെ ഓമനപ്പേരില്‍ ഈ സൂത്രം അറിയപ്പെട്ടു.
ഇത്‌ ആണു പെണ്ണു വ്യത്യാസമില്ലതെ നിര്‍മ്മിക്കുകയും, ആവശ്യാനുസരണം ഉപയോഗിക്കുകയും ചെയ്തിരുന്നു.

അദ്ധ്യാപഹയര്‍ വന്നു തട്ടില്‍ കയറിയാലുടന്‍ എല്ലാവരും ചേര്‍ന്നു റോക്കെറ്റാക്രമണമാണു ആദ്യ സ്വീകരണം. സാധുക്കള്‍ സ്നേഹപൂര്‍വം ഉള്ളില്‍ പ്രാകിക്കൊണ്ട്‌, വി-2 എല്ലാം തട്ടി മാറ്റി കര്‍മ്മം തുടങ്ങും.

അങ്ങനെയിരിക്കെ, ആ സുദിനമെത്തി. പതിവുപോലെ ഞാനന്നും കോളേജിലെത്തി.

വഴിതെറ്റിക്കയറിയത്‌ സ്വന്തം ക്ലാസ്സില്‍ തന്നെ.

സമയനിഷ്ടയില്‍ നിര്‍ബ്ബന്ധമുണ്ടായിരുന്നതിനാല്‍,സാധാരണ പോലെ, സെക്ക്ന്റവര്‍ പകുതിയേ ആയിരുന്നുള്ളു.

ഞാന്‍ ചെല്ലുന്നതു കൊണ്ട്‌ ക്ലാസ്സിനോ സാറിനോ പ്രത്യേക ഗുണദോഷങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍, പാറപ്പുറത്ത്‌ അപ്പൂപ്പന്‍ താടി വീണ അനുഭവമേ ക്ലാസ്സിലുണ്ടായുള്ളു.

ഞാന്‍ സ്ഥിരം ഇടമായ ബായ്ക്‌ ബെഞ്ചില്‍ ചെന്നിരുന്നു സാറിനെ നോക്കി.മൂപ്പര്‍ തിരിഞ്ഞുനിന്നു തവളയുടെ ആന്തരികാവയവങ്ങള്‍ ബോര്‍ഡില്‍ തകര്‍ത്ത്‌ വരക്കുകയാണു.

നല്ല സമയം. ഞാന്‍ ബുക്കിനകത്തു നിന്നും തലേന്നു ബാക്കിയായ ഒരു വി-2 പുറത്തെടുത്തു. ചൂണ്ടുവിരലുകള്‍ക്കിടയില്‍ വച്ച്‌ 45 ഡിഗ്രി ആംഗിളില്‍ സാറിന്റെ പുറം ലക്ഷ്യമാക്കി പറപ്പിച്ചു. ആയുധം കൃത്യമായി തറച്ച ത്രില്ലില്‍ ഞാന്‍ ചുറ്റും കണ്ണോടിച്ചു.

എന്താണെന്നറിയില്ല ക്ലാസ്സ്‌ ഒറ്റയടിക്കു നിശ്ശബ്ദമായി!!

സാറിന്റെ പടം വര നിന്നു. ആളു മെല്ലെ തിരിഞ്ഞു.
എന്റെ ചങ്കില്‍ ത്രുശ്ശൂര്‍ പൂരത്തിന്റെ കരിമരുന്നു പ്രയോഗം കത്തിപ്പടര്‍ന്നു.

സുവോളജി ഡിപ്പാര്‍ട്‌മന്റ്‌ ഹെഡ്‌!! കോളെജില്‍ പേരുകേട്ട കിടിലന്‍! പ്രിന്‍സിയെക്കാള്‍ പുലി!!

സി. എം. എസ്സിന്റെ ഒരു വീരപുത്രനും വി-2 അയയ്ക്കാന്‍ ധൈര്യപ്പെടാത്ത പുപ്പുലി!!!

ക്ലാസ്സില്‍ സ്ഥിരം കയറിയിരുന്നതു കൊണ്ട്‌, ഇദ്ദേഹം എന്റെ ക്ലാസ്സില്‍ പഡിപ്പിക്കാറുണ്ടെന്നു ഞാനറിഞ്ഞിരുന്നില്ല.

സപ്ത നാഡികളും തളര്‍ന്ന് ഞാനിരിക്കുമ്പോള്‍ അദ്ദേഹം കുനിഞ്ഞ്‌ എന്റെ വി-2 കൈയ്യിലെടുത്തു. മെല്ലെ ചിരിച്ചുകൊണ്ട്‌ ക്ലാസ്സില്‍ മുഴുവന്‍ നോക്കി ചോദിച്ചു.

"ഇതാരാ വിട്ടത്‌"

ആരും മിണ്ടിയില്ലെങ്കിലും എല്ലാ നോട്ടവും എന്റെ നേര്‍ക്കു നീണ്ടു വരുന്നത്‌ സാര്‍ കണ്ടു.

" ആഹ! നീയാ...? ഒന്നെണീറ്റെ, കാണട്ടെ" ചിരിച്ചുകൊണ്ടുതന്നെ അദ്ദേഹം പറഞ്ഞു.
ആ ചിരിയില്‍ വിശ്വാസമുറപ്പിച്ച്‌ ബലം കുറയുന്ന കാലുകളില്‍ ഞാന്‍ എണീറ്റു.
ചിരി മായാതെ തന്നെ അദ്ദേഹം ചോദിച്ചു.

"ആരോ ഉണ്ടാക്കി ഇങ്ങോട്ടു വിട്ടു അല്ലെ"

"ഉണ്ടാക്കി" എന്ന വാക്കിനു അദ്ദേഹം കൊടുത്ത പ്രത്യേക ശക്തിയുടെ അര്‍ത്ഥം മാലപ്പടക്കം പോലെ ക്ലാസ്സില്‍ പൊട്ടിപ്പടര്‍ന്നു.

പിറ്റേന്നു മുതല്‍ സി. എം. എസ്സിന്റെ വശ്യസുന്ദരമായ കാമ്പസ്സിലെ ചൂള മരങ്ങളുടെ തണലില്‍ സ്ഥിരം ഉറങ്ങിക്കിടക്കുന്ന ഒരു ബുദ്ധിജീവി കൂടി അവതരിച്ചു.

Friday, October 26, 2007

റബ്ബര്‍ പാല്‍ കുളി

അന്നെനിക്കു രണ്ടോ രണ്ടരയോ വയസ്സ്‌. അത്യാവശ്യം ഓടി നടക്കുന്ന പ്രായം.
ഇടക്കു പറയട്ടെ, ഞാന്‍ ജനിച്ചതു കോട്ടയം ജില്ലയില്‍ പാലായ്ക്കടുത്ത്‌ ചെറുകിട റബ്ബര്‍ കര്‍ഷകരുടെ ഗ്രാമത്തില്‍. വീടിന്റെ നാലുചുറ്റും കപ്പയും മറ്റു നടുതലകളും, കുറച്ചു ദൂരെയായി ഒന്നോ രണ്ടോ ഏക്കര്‍ റബ്ബറും. ഇതാണാ നാട്ടിലെ വീടുകളുടെ സാമാന്യ സ്വഭാവം.കപ്പവാട്ടിനും, പുരമേയലിനും (അന്നത്തെ മിക്ക വീടുകളും പനയോല മേഞ്ഞവ.. ഓടുമേയുന്നവര്‍ മുതലാളിമാര്‍) ഒന്നിച്ചുകൂടി ആഘോഷമാക്കുന്നവരുടെ ഗ്രാമം.
അടുത്ത വീട്ടിലെ പാപ്പച്ചന്‍ ചേട്ടനും ചേട്ടത്തിക്കും ഞാന്‍ പ്രിയപ്പെട്ടവന്‍. കുട്ടികളെല്ലാം സ്കൂളില്‍ പോയ്ക്കഴിഞ്ഞാല്‍ ഞാനാണവര്‍ക്ക്‌ നേരമ്പോക്ക്‌. എനിക്കും അവരെ ഇഷ്ടം. കാരണം, ഒന്നിനും സമയമില്ലാത്ത അമ്മച്ചിക്കു പകരം, ഇവരെന്നെ കാര്യമായി ലാളിച്ചിരുന്നു. എന്റെ ചില്ലറ കുസ്രുതികള്‍ സഹിക്കാനും ഇവര്‍ തയ്യാര്‍. (അമ്മച്ചി ഇടക്കു നുള്ളു തരും).
പാപ്പച്ചന്‍ ചേട്ടനെ ഞാന്‍ പാപ്പട്ടനെന്നാണു വിളിക്കാറു. രാവിലെ ചേട്ടന്‍ റബ്ബര്‍ വെട്ടാന്‍ (ടാപ്പു ചെയ്യാന്‍) ഇറങ്ങുമ്പോള്‍ കൂടെ ഞാനുണ്ടാകും.പുള്ളിക്കാരന്‍ നടക്കുന്ന വഴിയെ വലിയ വര്‍ത്തമാനങ്ങളുമായി ഇടക്കിടെ പാപ്പട്ടാ..പാപ്പട്ടാ എന്നു വിളിച്ചു ഞാന്‍ നടക്കും. ഇടക്കുള്ള ചായ കുടിയിലും, ചേട്ടന്റെയും ചേട്ടത്തിയുടെയും പാത്രങ്ങളില്‍ മാറി മാറി കയ്യിട്ടുവാരി സജീവമായി പങ്കെടുത്ത്‌, ഒടുവില്‍ അമ്മച്ചി വന്നു ചെവിയില്‍ തൂക്കി കൊണ്ടുപോവുന്നതു വരെ അവിടെത്തന്നെ ചുറ്റിത്തിരിയും.
ഇങ്ങനെയിരിക്കെ ഒരു ദിവസം പതിവു പോലെ ചേട്ടന്റെ പിന്നാലെ നടക്കവെ എന്റെ ബുദ്ധിയില്‍ ഒരാശയം ഉദിച്ചു. നമ്മളാല്‍ കഴിയുന്ന സഹായം പാപ്പട്ടനു ചെയ്യുക തന്നെ.
(റബ്ബറിന്റെ തൊലിയില്‍ ചാലു കീറി, ആ ചാലില്‍ ചെറിയ തകര പാത്തി പിടിപ്പിച്ച്‌ അതിനു താഴെ ഒരു ചിരട്ട വച്ചാണു റബ്ബര്‍ പാല്‍ സംഭരിക്കുക)
ആശയം കിട്ടിയ പാടെ ഞാന്‍ പണി തുടങ്ങി. ചേട്ടന്‍ ടാപ്പു ചെയ്തു ചിരട്ടയും വച്ചു നീങ്ങുന്ന മരങ്ങളുടെയെല്ലാം അടുത്തുപോയി, ചിരട്ടകളെല്ലാം എടുത്തു കമഴ്തി വയ്കാന്‍ തുടങ്ങി.
കുറച്ചു നേരമായി എന്റെ വിളിയൊച്ച കേള്‍ക്കാഞ്ഞ്‌, ജോലി നിര്‍ത്തി എന്നെ നോക്കിയ ചേട്ടന്‍ എടാ കൊച്ചു കഴുവേറി.... എന്നു വിളിച്ചോടി വന്നതും, റബ്ബര്‍ പാലില്‍ കുളിച്ചു നില്‍ക്കുന്ന എന്നെയും, പാഴായി പോകുന്ന റബ്ബര്‍പാലും കണ്ട്‌ ചിരിക്കണോ, കരയണൊ അതോ ദേഷ്യപ്പെടണോ എന്നറിയാതെ നിന്ന രംഗം, മങ്ങിയ ഓര്‍മ്മയായി മനസ്സില്‍ തങ്ങി നില്‍ക്കുന്നു.

വിവരമറിഞ്ഞ്‌ എന്നെ തല്ലാനോടിച്ച അമ്മച്ചിയില്‍ നിന്നും എന്നെ രക്ഷിച്ചു എളിയിലെടുത്തുകൊണ്ട്‌ ഓടിപ്പോയ ചേട്ടത്തിയുടെ സ്നേഹം കണ്ണും നിറയ്ക്കുന്നു.


Saturday, October 20, 2007

ഒരു ബാല്യകാല സ്മൃതി.

എന്റപ്പനു മക്കള്‍ മൂന്ന്. ഇളയയവന്‍ ഞാന്‍.മൂത്തതു ചേട്ടന്‍. നടുക്കു പെങ്ങള്‍.ഞാന്‍ ജനിച്ചപ്പോള്‍ വീട്ടില്‍ നല്ല സ്തിതി. (എന്റെ തല കണ്ടു കഴിഞ്ഞു കീഴോട്ടായി). ധാരാളം ജോലിക്കാര്‍ എന്നും ഉണ്ടാവും. അമ്മക്കു അവരുടെ പിന്നാലെ നടക്കനെ നേരമുള്ളു. (അപ്പനന്നേ നാടു നന്നാക്കലാണു ജോലി)പിച്ച നടക്കുന്ന എന്നെ നോക്കനുള്ള ഉത്തരവാദിത്തം ചേട്ടനായി. മൂപ്പര്‍ക്കാണെങ്കില്‍ ഒരു പറ്റം കൂട്ടുകാരുമായി കുത്തിമറിയണം. (ഏഴാണു വയസ്സ്‌.) ഇവരുടെ പ്രധാന ഹോബി നാട്ടിലുള്ള സര്‍വമാന മാവിലും മരത്തിലും കയറ്റം. അക്കാലത്ത്‌ അതിനൊട്ട്‌ ക്ഷാമവുമില്ല. ഏതായാലും മാമ്പഴം തിന്ന് എനിക്ക്‌ വയറ്റിളക്കം പിടിച്ചു. എന്നെ ഇത്രയും മാമ്പഴം തീറ്റിയതിനു അമ്മ ചേട്ടനെ ശാസിച്ചു. ഇനി എനിക്കു മാമ്പഴം തരരുതെന്ന് വിലക്കുകയും ചെയ്തു.പക്ഷെ ചേട്ടനും കൂട്ടുകാരും മാമ്പഴം തിന്നുമ്പോള്‍ ഞാന്‍ കരച്ചിലും ബഹളവുമായി. കൊച്ചുകുട്ടിയല്ലേ, എന്തു ചെയ്യും?എന്റെ കരച്ചില്‍ മാറ്റണം. വയറ്റിളക്കം ഉണ്ടാവാനും പാടില്ല. ഒടുവില്‍ ചേട്ടന്‍ ഒരു വഴി കണ്ടെത്തി.ഒരു മാമ്പഴം മുഴുവന്‍ മൂപ്പര്‍ തിന്നും. ഒട്ടും കഴമ്പ്‌ ബാക്കിയില്ലതെ മാങ്ങാണ്ടി എന്റെ കയ്യില്‍ തരും.മാമ്പഴം കിട്ടിയ സന്തോഷത്തില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ആ മാങ്ങാണ്ടിയും നക്കി ഞാന്‍ ചേട്ടന്റെ പിന്നാലെ ഒരു വഴക്കുമില്ലാതെ നടക്കും. എനിക്കു വയറിളക്കമില്ല, ചേട്ടനു ശല്ല്യമില്ല. അമ്മയുടെ ശാസനയുമില്ല.ഇന്നും ആ മാങ്ങാണ്ടിയുടെ മധുരം ഞാനെന്റെ നാവില്‍ കൊണ്ടു നടക്കുന്നു.


ആമുഖം

നടന്നു തീര്‍ത്ത ഇടവഴികളില്‍ നിന്നും വീണു കിട്ടിയ വളപ്പൊട്ടുകള്‍.അടുക്കും ചിട്ടയുമില്ലാതെ നിരത്തുകയാണു ഞാന്‍.അവകാശവാദങ്ങളില്ല.സ്വപ്നങ്ങള്‍ മാത്രം. പഥികന്‍