Friday, October 26, 2007

റബ്ബര്‍ പാല്‍ കുളി

അന്നെനിക്കു രണ്ടോ രണ്ടരയോ വയസ്സ്‌. അത്യാവശ്യം ഓടി നടക്കുന്ന പ്രായം.
ഇടക്കു പറയട്ടെ, ഞാന്‍ ജനിച്ചതു കോട്ടയം ജില്ലയില്‍ പാലായ്ക്കടുത്ത്‌ ചെറുകിട റബ്ബര്‍ കര്‍ഷകരുടെ ഗ്രാമത്തില്‍. വീടിന്റെ നാലുചുറ്റും കപ്പയും മറ്റു നടുതലകളും, കുറച്ചു ദൂരെയായി ഒന്നോ രണ്ടോ ഏക്കര്‍ റബ്ബറും. ഇതാണാ നാട്ടിലെ വീടുകളുടെ സാമാന്യ സ്വഭാവം.കപ്പവാട്ടിനും, പുരമേയലിനും (അന്നത്തെ മിക്ക വീടുകളും പനയോല മേഞ്ഞവ.. ഓടുമേയുന്നവര്‍ മുതലാളിമാര്‍) ഒന്നിച്ചുകൂടി ആഘോഷമാക്കുന്നവരുടെ ഗ്രാമം.
അടുത്ത വീട്ടിലെ പാപ്പച്ചന്‍ ചേട്ടനും ചേട്ടത്തിക്കും ഞാന്‍ പ്രിയപ്പെട്ടവന്‍. കുട്ടികളെല്ലാം സ്കൂളില്‍ പോയ്ക്കഴിഞ്ഞാല്‍ ഞാനാണവര്‍ക്ക്‌ നേരമ്പോക്ക്‌. എനിക്കും അവരെ ഇഷ്ടം. കാരണം, ഒന്നിനും സമയമില്ലാത്ത അമ്മച്ചിക്കു പകരം, ഇവരെന്നെ കാര്യമായി ലാളിച്ചിരുന്നു. എന്റെ ചില്ലറ കുസ്രുതികള്‍ സഹിക്കാനും ഇവര്‍ തയ്യാര്‍. (അമ്മച്ചി ഇടക്കു നുള്ളു തരും).
പാപ്പച്ചന്‍ ചേട്ടനെ ഞാന്‍ പാപ്പട്ടനെന്നാണു വിളിക്കാറു. രാവിലെ ചേട്ടന്‍ റബ്ബര്‍ വെട്ടാന്‍ (ടാപ്പു ചെയ്യാന്‍) ഇറങ്ങുമ്പോള്‍ കൂടെ ഞാനുണ്ടാകും.പുള്ളിക്കാരന്‍ നടക്കുന്ന വഴിയെ വലിയ വര്‍ത്തമാനങ്ങളുമായി ഇടക്കിടെ പാപ്പട്ടാ..പാപ്പട്ടാ എന്നു വിളിച്ചു ഞാന്‍ നടക്കും. ഇടക്കുള്ള ചായ കുടിയിലും, ചേട്ടന്റെയും ചേട്ടത്തിയുടെയും പാത്രങ്ങളില്‍ മാറി മാറി കയ്യിട്ടുവാരി സജീവമായി പങ്കെടുത്ത്‌, ഒടുവില്‍ അമ്മച്ചി വന്നു ചെവിയില്‍ തൂക്കി കൊണ്ടുപോവുന്നതു വരെ അവിടെത്തന്നെ ചുറ്റിത്തിരിയും.
ഇങ്ങനെയിരിക്കെ ഒരു ദിവസം പതിവു പോലെ ചേട്ടന്റെ പിന്നാലെ നടക്കവെ എന്റെ ബുദ്ധിയില്‍ ഒരാശയം ഉദിച്ചു. നമ്മളാല്‍ കഴിയുന്ന സഹായം പാപ്പട്ടനു ചെയ്യുക തന്നെ.
(റബ്ബറിന്റെ തൊലിയില്‍ ചാലു കീറി, ആ ചാലില്‍ ചെറിയ തകര പാത്തി പിടിപ്പിച്ച്‌ അതിനു താഴെ ഒരു ചിരട്ട വച്ചാണു റബ്ബര്‍ പാല്‍ സംഭരിക്കുക)
ആശയം കിട്ടിയ പാടെ ഞാന്‍ പണി തുടങ്ങി. ചേട്ടന്‍ ടാപ്പു ചെയ്തു ചിരട്ടയും വച്ചു നീങ്ങുന്ന മരങ്ങളുടെയെല്ലാം അടുത്തുപോയി, ചിരട്ടകളെല്ലാം എടുത്തു കമഴ്തി വയ്കാന്‍ തുടങ്ങി.
കുറച്ചു നേരമായി എന്റെ വിളിയൊച്ച കേള്‍ക്കാഞ്ഞ്‌, ജോലി നിര്‍ത്തി എന്നെ നോക്കിയ ചേട്ടന്‍ എടാ കൊച്ചു കഴുവേറി.... എന്നു വിളിച്ചോടി വന്നതും, റബ്ബര്‍ പാലില്‍ കുളിച്ചു നില്‍ക്കുന്ന എന്നെയും, പാഴായി പോകുന്ന റബ്ബര്‍പാലും കണ്ട്‌ ചിരിക്കണോ, കരയണൊ അതോ ദേഷ്യപ്പെടണോ എന്നറിയാതെ നിന്ന രംഗം, മങ്ങിയ ഓര്‍മ്മയായി മനസ്സില്‍ തങ്ങി നില്‍ക്കുന്നു.

വിവരമറിഞ്ഞ്‌ എന്നെ തല്ലാനോടിച്ച അമ്മച്ചിയില്‍ നിന്നും എന്നെ രക്ഷിച്ചു എളിയിലെടുത്തുകൊണ്ട്‌ ഓടിപ്പോയ ചേട്ടത്തിയുടെ സ്നേഹം കണ്ണും നിറയ്ക്കുന്നു.


No comments: