Tuesday, March 24, 2009

കോട്ടപ്പാറയുടെ ഇതിഹാസം - 2

അന്നക്കുട്ടി ഒരാനക്കുട്ടി തന്നെയായിരുന്നു, എല്ലാ അർത്ഥത്തിലും.
പത്രുവെന്ന ഒറ്റയാനു ചേർന്ന പിടിയാന.
അവൾ കൂടെ വന്നതോടെ, പത്രുവിന്റെ ജീവിതത്തിൽ പുതിയ വർണ്ണങ്ങൾ വിടർന്നു.
പുതിയ ദിശാബോധവും കാഴ്ചപ്പാടുകളുമുണ്ടായി. കടമകളും, ഉത്തരവാദിത്തങ്ങളുമുണ്ടായി.
പത്രുവിന്റെ ജീവിതം ഏറിയ പങ്കും,വനത്തിലും, ദിവസേന വെട്ടിയും ചുട്ടുമൊരുക്കുന്ന ഭൂമിയിലുമായി. താമസം വനത്തിനു നടുവിലെ തടിയൻ 'ഇരൂൾ' മരത്തിൽ പണിതുണ്ടാക്കിയ ഏറുമാടത്തിൽ!

അവരുടെ മധുവിധു സ്വപ്നങ്ങൾ പൂത്തുലഞ്ഞത്‌, അങ്ങനെ മണ്ണിനും വിണ്ണിനുമിടയിലെ അതുല്യമായൊരു മേഖലയിലായിരുന്നു!

നാട്ടുവെട്ടം തെളിഞ്ഞാൽ അന്നക്കുട്ടി കൊടുക്കുന്ന ഒരു കോപ്പച്ചട്ടി ചക്കരക്കാപ്പിയും കുടിച്ച്‌ പത്രു ഏറുമാടത്തിൽനിന്നും ഇറങ്ങിക്കഴിഞ്ഞാൽ, അയാൾ മണ്ണിൽ നിന്നും തല ഉയർത്തുക, നിഴൽപ്പാതിയിൽ, അന്നക്കുട്ടി ഒരു കലം പുഴുക്കും, കനലിൽ ചുട്ട്‌, കാന്താരിയും, വെളിച്ചെണ്ണയും ചേർത്തിടിച്ച ഉണക്ക മീനുമായി വരുമ്പോഴാണ്‌.

രണ്ടുപേരും കൂടി ഒരു തേക്കിലയിൽ വിളമ്പിയ കപ്പയും മീനും തിന്നു കഴിഞ്ഞാൽ പിന്നത്തെ അധ്വാനമൊന്നിച്ചാണ്‌.

ഉച്ചപ്പാതിയായാൽ, പണി നിർത്തി ഏറുമാടത്തിലേക്ക്‌ മടക്കം. രാവിലെ അന്നയുണ്ടാക്കി വച്ചിട്ടു പോയ ഗോതമ്പ്‌ കഞ്ഞി ഈരണ്ട്‌ കവടിപ്പിഞ്ഞാണത്തിൽ നിറയെ കഴിച്ചുകഴിഞ്ഞാൽ പിന്നെ അവരുടെ മുന്നിൽ, അവരുടെ മാത്രം സ്വർഗ്ഗം തുറക്കുകയായി!

ഒടുവിൽ മലങ്കാറ്റിന്റെ നനുത്ത സ്പർശം, അവരുടെ നഗ്ന മേനികളെ ഉണക്കിയെടുക്കുമ്പോഴേക്കും, പത്രുവിന്റെ മാറിൽ തലയണച്ച്‌, അവന്റെ തുടകൾക്കുമേലെ തുട ചേർത്ത്‌ വച്ച്‌ അവളും, അവളെ കൈയ്യിൽ അണച്ചുചേർത്ത്‌ അവനും ഉറക്കത്തിലാണ്ടിരിക്കും.

ഞായറാഴ്ച, അതി പുലർച്ചെ, രണ്ടു പേരും, പുരയിടത്തിൽ നിന്നു കിട്ടിയ കപ്പയോ കാച്ചിലോ മറ്റു നടുതലകളോ, പിന്നെ അന്നു പുലർച്ചെ പടക്കം കടിച്ചു ചത്ത വല്ല മൃഗങ്ങളുടെയും ഇറച്ചിയോ അല്ലെങ്കിൽ ഉണങ്ങിയതോ ഒക്കെയായി കോട്ടപ്പാറ അങ്ങാടിയിലെത്തും. ഞായറാഴ്ച ഇവരുടെ വരവിനായി കാത്തിരിക്കുന്നവർ ചുറ്റും കൂടി ദാന്നു പറഞ്ഞ നേരം കൊണ്ട്‌ വ്യാപാരം തീർക്കും. ഓല മേഞ്ഞുണ്ടാക്കിയ ചെറിയ പള്ളിയിൽ കയറി ഇത്തിരി നേരമിരിക്കും. (അക്കാലത്ത്‌ അവിടെ അച്ചനില്ല, ഒരു ഷെഡ്ഡും അതിലൊരു രൂപവും അതാണ്‌ പള്ളി).

പിന്നെ വിശദമായ ഒരു ഷോപ്പിംഗ്‌, അടുത്ത ആഴ്ചയിലേക്കുള്ള പൊരുളുകൾ. ഒടുവിൽ വളവിലെ കള്ളുഷാപ്പിനു പുറത്ത്‌ അന്നക്കുട്ടിയെ കാവലാക്കി പത്രു രണ്ടു ചെറുകുടം കള്ളകത്താക്കും. അന്നക്കുട്ടിക്ക്‌ പാളയിൽ ഒരു കുടം കള്ളുമായി പുറത്തിറങ്ങും. ഉൾക്കാട്ടിലേക്കു കടക്കുന്നതിനു മുൻപുള്ള മൊട്ടക്കുന്നിലിരുന്ന് അന്നക്കുട്ടി ആ കള്ള്‌ ഒരു കള്ളച്ചിരിയോടെ വലിച്ചുകുടിക്കുന്നത്‌ പത്രു നോക്കിയിരിക്കും.

പിന്നെ വച്ചു പിടിച്ചൊരു നടപ്പാണ്‌. ചെറിയ കൈത്തോടുകൾ ഇറങ്ങിക്കയറി, ചാലു മാത്രമായ വഴികളിലൂടെ, കലപില ചിലക്കുന്ന പക്ഷിക്കൂട്ടങ്ങളെ കടന്ന്, മരച്ചില്ലകളിൽ ഊഞ്ഞാലാടിക്കളിക്കുന്ന, കുരങ്ങുകളെ കടന്ന്, കാലിൽ കടിച്ചു തൂങ്ങുന്ന അട്ടകളെ പുകയിലച്ചാറു പുരട്ടി നുള്ളിയെറിഞ്ഞുകൊണ്ട്‌, ചിലപ്പോൾ ആനക്കൂട്ടങ്ങളെ കണ്ട്‌ വഴി മാറിയോ, ഓടിയകന്നോ- അങ്ങനെയങ്ങനെ വീണ്ടും തങ്ങളുടെ ഏറുമാടത്തിന്റെ സുരക്ഷിതത്വത്തിലേക്കും, കാടിന്റെ വിശാലതയിലേക്കും ആഴ്‌ന്നിറങ്ങുന്നു.

(ഇനിയും തുടർന്നേക്കാം........)