Sunday, June 29, 2008

കൊച്ചായനും ഭക്തിഗാനമേളയും

അന്ന് ഞങ്ങളുടെ കോളേജിന്‌ ഹോസ്റ്റലില്ല.

സമീപ ഭാഗങ്ങളിൽ കുറേ ലോഡ്ജുകളുണ്ട്‌ സ്റ്റുഡന്റ്‌സ്‌ ഒൺലി.

ദൈവസഹായം ലോഡ്ജ്‌ ഫെയ്മസ്സാണ്‌.

സർവ്വ തക്കിട തരികിടകളും ചെന്നെത്തുന്നതവിടെയാണ്‌. കോളേജിൽ നിന്ന് ഇത്തിരി ദൂരത്തായതിനാൽ വലിയ ശല്ല്യങ്ങളുമില്ല.

എസ്തപ്പാനോസ്‌ അച്ചായന്റേതാണ്‌ ലോഡ്ജ്‌.

വലിയ ഭക്തനും സാത്വികനുമാണ്‌ അച്ചായൻ. പച്ച വെള്ളം ചവച്ചു കഴിക്കുന്നയാൾ.

അതുകൊണ്ട്‌ തന്നെ വന്നു താമസിക്കുന്ന ഏതു പച്ചപ്പാവവും തരികിട ശീലിച്ചതു തന്നെ.

അച്ചായന്റെ ആറു മക്കളിൽ മൂത്ത നാലെണ്ണവും ഗൾഫിൽ. ഇളയ മോളും മോനുമാണ്‌ കൂടെയുള്ളത്‌.

ഇളയ മകനായ ചാണ്ടി വലിയ സ്റ്റയിലുകാരൻ. ഏതാണ്ട്‌ കോട്ടയം കുഞ്ഞച്ചനിലെ കുഞ്ചനെപ്പോലെ.

ലോഡ്ജിൽ താമസിക്കുന്ന ഞങ്ങളോടൊന്നും മിണ്ടുക കൂടി ചെയ്യാത്ത പവറു കാരൻ.

ഇദ്ദേഹത്തെ ഞങ്ങൾ കൊച്ചായൻ എന്നു വിളിച്ചു പോന്നു. (എസ്തപ്പാനോസ്‌ അച്ചായൻ വളർത്തുന്ന കണ്ണു കാണാൻ വയ്യാത്ത പട്ടിയും ഈ പേരിൽ തന്നെയാണു അറിയപ്പെട്ടിരുന്നത്‌.)

രണ്ട്‌ കൊച്ചായന്മാരുടെയും പ്രധാന പണി തീറ്റയും ഉറക്കവും.

വീട്ടിൽ വരുന്ന അതിഥികൾക്കും പിന്നെ വീട്ടിലെ ആവശ്യത്തിനുമായി അച്ചായൻ ഒരു വലിയ കൂടു നിറയെ കോഴികളെ വളർത്തിയിരുന്നു. കൊച്ചായന്റെ പ്രധാന ജോലിയും കോഴി തീറ്റ തന്നെ. (ഞങ്ങളുടെയും.... !! ആ കഥ പിന്നാലെ.)

വൈകുന്നേരമായാൽ നാണുച്ചേട്ടന്റെ ഹോട്ടലിലെ ശാപ്പാടും കഴിഞ്ഞ്‌, കഴിച്ച ശാപ്പാടിന്റെ വിഷമം മാറാനായി സംഘം ചേർന്ന് പാടുക എന്നതാണു ഞങ്ങളുടെ പരിപാടി.

ഞങ്ങളുടെ കൂട്ടത്തിലെ പാരഡി വിദഗ്ദന്മാർ കൊള്ളാവുന്ന സർവ പാട്ടുകളെയും അശ്ലീലവൽക്കരിച്ചു വച്ചിട്ടുണ്ടാവും. നാട്‌ മുഴുവൻ കേൾക്കാവുന്ന വിധത്തിൽ തകർത്ത്‌ പാടുകയാണു രീതി.

ഒച്ചപ്പാട്‌ കേട്ട്‌ ആദ്യ കാലത്ത്‌ ഒരിക്കൽ അച്ചായൻ കയറി വന്നപ്പോൾ ഞങ്ങളുടെ പാട്ട്‌ ഭക്തി ഗാനമായി.

വൈകുന്നേരം ഉറക്കത്തിനു മുൻപായി ഭക്തി ഗാനം പാടുന്ന വിദ്യാർത്ഥികളെ കണ്ട്‌ ആനന്ദഭരിതനായി, താളത്തിൽ കൊട്ടിപ്പാടാനായി ഒരു ഡ്രം തന്നു അച്ചായൻ.

അതോടെ ഞങ്ങളുടെ തെറിപ്പാട്ടിനു അകമ്പടിയായി ഡ്രമ്മിന്റെ മുഴക്കവുമുണ്ടായി.

അങ്ങനെയിരിക്കെ അച്ചായനു ഒരു ചിന്തയുദിച്ചു.

വീടിനു പുറത്തിറങ്ങാത്ത, ആരോടും മിണ്ടാത്ത, സ്നേഹിതരില്ലാത്ത കൊച്ചായനെ, വൈകുന്നെരത്തെ ഞങ്ങളുടെ ഭക്തിഗാനമേളയിൽ പങ്കെടുപ്പിച്ചാൽ ഇത്തിരി ഗുണമുണ്ടായാലോ എന്ന്.

ഏതായാലും പിറ്റേന്നു മുതൽ കൊച്ചായൻ ഞങ്ങളുടെ കൂടെ വൈകുന്നേരത്തെ പാട്ടിനെത്തി.

ഇൻഡ്രൊഡ്യൂസ്‌ ചെയ്യാനെത്തിയ അച്ചായൻ പോകുന്നതു വരെ ഞങ്ങൾ അറിയാവുന്ന പള്ളിപ്പാട്ടുകൾ പാടി.

ബോറടിച്ച്‌ വലഞ്ഞ്‌, അച്ചായനെ ഭയന്ന് കൊച്ചായനും ഞങ്ങളോടൊപ്പം ചുണ്ടനക്കി.

അച്ചായൻ പോയതോടെ ഞങ്ങളുടെ പാട്ടിന്റെ ലൈൻ മാറാൻ തുടങ്ങി.

ആദ്യം സംഭവം മനസ്സിലാകാതിരുന്ന കൊച്ചായൻ പതിയെ ശ്രദ്ധിക്കാൻ തുടങ്ങി.

എന്തിനേറെപ്പറയുന്നു പിറ്റേന്നു മുതൽ കൊച്ചായൻ ഞങ്ങളുടെ ഗാനമേളയിലെ പ്രധാന ഗായകനും, ഞങ്ങളുടെയെല്ലാം സുഹൃത്തുമായി മാറി.

കൊച്ചായനെ ഇത്തരത്തിൽ മാറ്റിയെടുത്ത ഞങ്ങൾക്കു അച്ചായന്റെ പ്രത്യേക ഈസ്റ്റർ സദ്യയും കിട്ടി.

ഒരിക്കൽ ഓർക്കാപ്പുറത്തു കടന്നു വന്ന അച്ചായൻ ഞങ്ങളുടെ യഥാർത്ഥ ഭക്തിഗാന സുധ കേട്ടപ്പോഴുണ്ടായ ചീത്ത വിളിക്കു പക്ഷെ സദ്യയുടെ രുചി ഉണ്ടായിരുന്നില്ല.

Tuesday, June 17, 2008

കേരളം ഹാ കേരളം!

സർക്കാരിലേക്ക്‌ മദ്യനികുതി സ്വരുക്കൂട്ടുന്നതിൽ മത്സരിക്കുന്ന പൗരജനങ്ങളുടെ ഇടം!വൈകുന്നേരങ്ങളിൽ രണ്ട്‌ കുഞ്ഞനടിക്കാനും ചിക്കനടിക്കാനും (കോഴിയല്ല!),
നേരേചൊവ്വെ വടിപിടിക്കാനറിയാത്തവർ ഗ്വാൾഫുകൾ കളിക്കുന്നത്‌ കാണാനും പോകാറുള്ള
ഗ്ലബ്ബ്‌ പൂട്ടിക്കെട്ടാൻ, വകുപ്പ്‌ തലവന്മാർ തുരുമ്പിച്ച താഴുമായി പോകുന്നിടം!
പട്ടിണിപ്പാവത്തിനു കഞ്ഞി പാരാനുള്ള പദ്ധതിയിലും, കയ്യിട്ട്‌ വാരാനുള്ള മുഖ്യ അവകാശത്തെച്ചൊല്ലി തമ്പ്രാക്കൾ തമ്മിലടിക്കുന്നിടം!!
കാശും കൊടുത്ത്‌ മൂട്ട കടിയും കൊണ്ട്‌ നാട്ടുകാർ എറിഞ്ഞിട്ട്‌ പോകുന്ന ഭിക്ഷയാണു സ്വന്തം ചോറെന്നറിയാതെ തമ്മിലടിക്കുന്ന ക(കൊ)ലാകാരന്മാരുള്ളിടം!!!
കേരളം ഹ ഹ ഹ കേരളം!!!!

Monday, June 16, 2008

തിരിച്ചു വരവ്‌

നീണ്ട ഒരു വനവാസത്തിനുശേഷം ഞാൻ തിരിച്ചു വരുന്നു.
മലയാള ബ്ലോഗുകളിൽ നിന്നും അകലെയായിരുന്നെങ്കിലും ചുരുങ്ങിയ ഇടവേളകളിൽ ചലനങ്ങൾ അറിയുന്നുണ്ടായിരുന്നു.
പുരോഗമനപരവും അല്ലാത്തതും.
നാറുന്നതും നാറാത്തതും.
വായിച്ചവയ്കു കമന്റിടാൻ പോലും തോന്നാത്ത ക്ലീഷേകൾ.
അച്ചടി മഷി പുരളാൻ യോഗ്യതയില്ലാത്ത പാമരന്മാർ സ്വയം പ്രകാശനം നടത്തുന്ന വേദികളിൽ എന്തോന്നു ചേരികൾ, രാഷ്ട്രീയം, പാരകൾ, ഒതുക്കലുകൾ, ഏറാന്മൂളിത്തരങ്ങൾ?
ഞാനായി എന്റെ പാടായി.
എന്റെ പാമരത്തം ഒക്കുമ്പോളൊക്കെ ഞാനും തുടരട്ടെ!!!