Sunday, October 28, 2007

ആരോ

പുള്ളിക്കോണകമുടുത്തു നടന്ന പ്രായത്തിലെ ഓര്‍മകള്‍ അന്‍പതുകളിലെ സിനിമ പോലാണു മനസ്സില്‍.എങ്കിലും ഏതെങ്കിലും പോസ്റ്റ്‌ വായിക്കുന്ന സമയത്ത്‌ അതു മെല്ലെ മെല്ലെ മിന്നും. ആ മിന്നലിനു കാത്തിരിക്കുന്നതിനിടയില്‍, കാലിത്തിരി കവച്ചു വയ്ച്‌ ഞാന്‍ കോട്ടയം സി. എം. എസ്‌. കോളേജിലേക്കൊന്നു കടന്നു ചെല്ലട്ടെ.
കാലം 1980. ജയന്റെ സിനിമകളും ബെല്‍ബോട്ടം പന്റ്സുകളും കൊടികുത്തി വാഴുന്ന കാലം.
ഇക്കാലത്ത്‌ തന്നെയാണു, ജയന്‍ ഹെലികോപ്റ്ററില്‍ നിന്നു വീണു മരിച്ചതും (?). പിന്നീടു കുറച്ചുകാലം, ടിയാന്‍ അമേരിക്കയിലോ, ജപ്പാനിലോ അതോ വിദൂരസ്തമായ വൈപ്പിന്‍ കരയിലോ, ബാലന്‍ കെ നായരോടു പകരം വീട്ടാനായി കാത്തിരിക്കുന്നോ ഇല്ലയോ തുടങ്ങിയ കാലിക പ്രസക്തമായ ചര്‍ച്ചകളിലായിരുന്നു യുവജന സമൂഹം.
അതവിടെ നില്‍ക്കട്ടെ. ഇടുക്കി ജില്ലയിലെ ഒരു ഓണം (സംക്രാന്തിയും) കേറാ മൂലയില്‍ നിന്നും കോട്ടയം പട്ടണത്തിലെത്തിയ ഞാന്‍ (കോട്ടയത്ത്‌ എത്തിപ്പെടാനുണ്ടായ കാരണം രഹസ്യം)
വികാരിയച്ചന്‍ കാബറെ ഹോട്ടലില്‍ കയറിയതു പോലെ ആദ്യമൊന്നു പകച്ചു എങ്കിലും പോകെപ്പോകെ, ഗ്രഹണിപ്പിള്ളേരുടെ മുന്‍പില്‍ ചക്കക്കൂട്ടാന്‍ തുറന്നുവച്ചതുപോലെ കാര്യമായി ആര്‍മാദിച്ചു.

ആദ്യമുണ്ടായ രണ്ടെണ്ണത്തിന്റെയും മുഖത്ത്‌ എങ്ങനെ നോക്കിയിട്ടും ഡോക്ടര്‍ ലക്ഷണങ്ങള്‍ കാണാനാവാതെ വന്നപ്പോള്‍, അടുത്തത്‌ ഡോക്ടര്‍ തന്നെ എന്നുറപ്പിച്ചാണു എന്റപ്പന്‍ എന്നെ സ്വരുക്കൂട്ടിയത്‌. അപ്പോള്‍പിന്നെ പ്രീഡിഗ്രിക്ക്‌ സെക്കന്റ്‌ ഗ്രൂപ്പല്ലാതെ ഞാന്‍ ചേരാനിടയില്ലെന്ന് ഇതു വായിക്കനിടയുള്ള ഏത്‌ പോലീസുകാരനും മനസ്സിലാകുമല്ലോ.

ശനിദശ ചന്ദ്രനില്‍ ചെന്നാലും തീരില്ലല്ലോ! കോളേജിലും പ0നം തന്നെയാണു നടക്കുന്നത്‌ എന്ന ദു:ഖസത്യം ഞാന്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു.

പിന്നെ ആകെയുള്ള മെച്ചം, ഇന്ന ക്ലാസ്സെന്നു വ്യത്യാസമില്ലാതെ ഏതു ക്ലാസ്സിലും കയറി ഇരിക്കാം എന്നതു മാത്രം. എന്റെ പ്രധാന അവതാരം തേര്‍ഡ്‌ ഗ്രൂപ്പ്‌ ക്ലാസ്സിലാണു. കാരണം സാറന്മാര്‍ വന്നു മാക്രൊ ഇക്കണോമിക്സ്‌, മൈക്രോ ഇക്കണോമിക്സ്‌ എന്നൊക്കെ വിരട്ടുമെന്നല്ലാതെ വേറെ ശല്യമില്ല. മുട്ടത്തുവര്‍ക്കിയുടെ മാനസപുത്രിമാരുടെ നീണ്ട നിരയും അവിടെ ലഭ്യം.

അന്നത്തെ കുട്ടികളുടെ, ക്ലാസ്സിനുള്ളിലെ പ്രധാന ഹോബി, കടലാസ്‌ കടലപ്പൊതി പോലെ ചുരുട്ടി, പരത്തി, മടക്കി, വിരലിന്നിടയില്‍ വച്ച്‌ പറപ്പിക്കുന്നതാണു. വി-2 എന്നും, ആരൊ എന്നും, റോക്കെറ്റെന്നുമൊക്കെ ഓമനപ്പേരില്‍ ഈ സൂത്രം അറിയപ്പെട്ടു.
ഇത്‌ ആണു പെണ്ണു വ്യത്യാസമില്ലതെ നിര്‍മ്മിക്കുകയും, ആവശ്യാനുസരണം ഉപയോഗിക്കുകയും ചെയ്തിരുന്നു.

അദ്ധ്യാപഹയര്‍ വന്നു തട്ടില്‍ കയറിയാലുടന്‍ എല്ലാവരും ചേര്‍ന്നു റോക്കെറ്റാക്രമണമാണു ആദ്യ സ്വീകരണം. സാധുക്കള്‍ സ്നേഹപൂര്‍വം ഉള്ളില്‍ പ്രാകിക്കൊണ്ട്‌, വി-2 എല്ലാം തട്ടി മാറ്റി കര്‍മ്മം തുടങ്ങും.

അങ്ങനെയിരിക്കെ, ആ സുദിനമെത്തി. പതിവുപോലെ ഞാനന്നും കോളേജിലെത്തി.

വഴിതെറ്റിക്കയറിയത്‌ സ്വന്തം ക്ലാസ്സില്‍ തന്നെ.

സമയനിഷ്ടയില്‍ നിര്‍ബ്ബന്ധമുണ്ടായിരുന്നതിനാല്‍,സാധാരണ പോലെ, സെക്ക്ന്റവര്‍ പകുതിയേ ആയിരുന്നുള്ളു.

ഞാന്‍ ചെല്ലുന്നതു കൊണ്ട്‌ ക്ലാസ്സിനോ സാറിനോ പ്രത്യേക ഗുണദോഷങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍, പാറപ്പുറത്ത്‌ അപ്പൂപ്പന്‍ താടി വീണ അനുഭവമേ ക്ലാസ്സിലുണ്ടായുള്ളു.

ഞാന്‍ സ്ഥിരം ഇടമായ ബായ്ക്‌ ബെഞ്ചില്‍ ചെന്നിരുന്നു സാറിനെ നോക്കി.മൂപ്പര്‍ തിരിഞ്ഞുനിന്നു തവളയുടെ ആന്തരികാവയവങ്ങള്‍ ബോര്‍ഡില്‍ തകര്‍ത്ത്‌ വരക്കുകയാണു.

നല്ല സമയം. ഞാന്‍ ബുക്കിനകത്തു നിന്നും തലേന്നു ബാക്കിയായ ഒരു വി-2 പുറത്തെടുത്തു. ചൂണ്ടുവിരലുകള്‍ക്കിടയില്‍ വച്ച്‌ 45 ഡിഗ്രി ആംഗിളില്‍ സാറിന്റെ പുറം ലക്ഷ്യമാക്കി പറപ്പിച്ചു. ആയുധം കൃത്യമായി തറച്ച ത്രില്ലില്‍ ഞാന്‍ ചുറ്റും കണ്ണോടിച്ചു.

എന്താണെന്നറിയില്ല ക്ലാസ്സ്‌ ഒറ്റയടിക്കു നിശ്ശബ്ദമായി!!

സാറിന്റെ പടം വര നിന്നു. ആളു മെല്ലെ തിരിഞ്ഞു.
എന്റെ ചങ്കില്‍ ത്രുശ്ശൂര്‍ പൂരത്തിന്റെ കരിമരുന്നു പ്രയോഗം കത്തിപ്പടര്‍ന്നു.

സുവോളജി ഡിപ്പാര്‍ട്‌മന്റ്‌ ഹെഡ്‌!! കോളെജില്‍ പേരുകേട്ട കിടിലന്‍! പ്രിന്‍സിയെക്കാള്‍ പുലി!!

സി. എം. എസ്സിന്റെ ഒരു വീരപുത്രനും വി-2 അയയ്ക്കാന്‍ ധൈര്യപ്പെടാത്ത പുപ്പുലി!!!

ക്ലാസ്സില്‍ സ്ഥിരം കയറിയിരുന്നതു കൊണ്ട്‌, ഇദ്ദേഹം എന്റെ ക്ലാസ്സില്‍ പഡിപ്പിക്കാറുണ്ടെന്നു ഞാനറിഞ്ഞിരുന്നില്ല.

സപ്ത നാഡികളും തളര്‍ന്ന് ഞാനിരിക്കുമ്പോള്‍ അദ്ദേഹം കുനിഞ്ഞ്‌ എന്റെ വി-2 കൈയ്യിലെടുത്തു. മെല്ലെ ചിരിച്ചുകൊണ്ട്‌ ക്ലാസ്സില്‍ മുഴുവന്‍ നോക്കി ചോദിച്ചു.

"ഇതാരാ വിട്ടത്‌"

ആരും മിണ്ടിയില്ലെങ്കിലും എല്ലാ നോട്ടവും എന്റെ നേര്‍ക്കു നീണ്ടു വരുന്നത്‌ സാര്‍ കണ്ടു.

" ആഹ! നീയാ...? ഒന്നെണീറ്റെ, കാണട്ടെ" ചിരിച്ചുകൊണ്ടുതന്നെ അദ്ദേഹം പറഞ്ഞു.
ആ ചിരിയില്‍ വിശ്വാസമുറപ്പിച്ച്‌ ബലം കുറയുന്ന കാലുകളില്‍ ഞാന്‍ എണീറ്റു.
ചിരി മായാതെ തന്നെ അദ്ദേഹം ചോദിച്ചു.

"ആരോ ഉണ്ടാക്കി ഇങ്ങോട്ടു വിട്ടു അല്ലെ"

"ഉണ്ടാക്കി" എന്ന വാക്കിനു അദ്ദേഹം കൊടുത്ത പ്രത്യേക ശക്തിയുടെ അര്‍ത്ഥം മാലപ്പടക്കം പോലെ ക്ലാസ്സില്‍ പൊട്ടിപ്പടര്‍ന്നു.

പിറ്റേന്നു മുതല്‍ സി. എം. എസ്സിന്റെ വശ്യസുന്ദരമായ കാമ്പസ്സിലെ ചൂള മരങ്ങളുടെ തണലില്‍ സ്ഥിരം ഉറങ്ങിക്കിടക്കുന്ന ഒരു ബുദ്ധിജീവി കൂടി അവതരിച്ചു.

3 comments:

വാണി said...

ഹഹഹ.. ബുദ്ധിജീവിയുടെ അവതരണം കലക്കി.
രസായി എഴുതിയിരിക്കണു..

Roy said...

പ്രിയവാണി,
ഒന്നെത്തി നോക്കിയതിനു നന്ദി.
ഞാനും എങ്ങനെ ബുദ്ധി ജീവിയായി എന്ന് താങ്കളെങ്കിലും മനസ്സിലാക്കിയല്ലൊ. ജന്മം (ഒരിത്തിരി) സഫലമായി.

മൂര്‍ത്തി said...

ഇത് നല്ല രസമുണ്ട്...