Saturday, October 20, 2007

ഒരു ബാല്യകാല സ്മൃതി.

എന്റപ്പനു മക്കള്‍ മൂന്ന്. ഇളയയവന്‍ ഞാന്‍.മൂത്തതു ചേട്ടന്‍. നടുക്കു പെങ്ങള്‍.ഞാന്‍ ജനിച്ചപ്പോള്‍ വീട്ടില്‍ നല്ല സ്തിതി. (എന്റെ തല കണ്ടു കഴിഞ്ഞു കീഴോട്ടായി). ധാരാളം ജോലിക്കാര്‍ എന്നും ഉണ്ടാവും. അമ്മക്കു അവരുടെ പിന്നാലെ നടക്കനെ നേരമുള്ളു. (അപ്പനന്നേ നാടു നന്നാക്കലാണു ജോലി)പിച്ച നടക്കുന്ന എന്നെ നോക്കനുള്ള ഉത്തരവാദിത്തം ചേട്ടനായി. മൂപ്പര്‍ക്കാണെങ്കില്‍ ഒരു പറ്റം കൂട്ടുകാരുമായി കുത്തിമറിയണം. (ഏഴാണു വയസ്സ്‌.) ഇവരുടെ പ്രധാന ഹോബി നാട്ടിലുള്ള സര്‍വമാന മാവിലും മരത്തിലും കയറ്റം. അക്കാലത്ത്‌ അതിനൊട്ട്‌ ക്ഷാമവുമില്ല. ഏതായാലും മാമ്പഴം തിന്ന് എനിക്ക്‌ വയറ്റിളക്കം പിടിച്ചു. എന്നെ ഇത്രയും മാമ്പഴം തീറ്റിയതിനു അമ്മ ചേട്ടനെ ശാസിച്ചു. ഇനി എനിക്കു മാമ്പഴം തരരുതെന്ന് വിലക്കുകയും ചെയ്തു.പക്ഷെ ചേട്ടനും കൂട്ടുകാരും മാമ്പഴം തിന്നുമ്പോള്‍ ഞാന്‍ കരച്ചിലും ബഹളവുമായി. കൊച്ചുകുട്ടിയല്ലേ, എന്തു ചെയ്യും?എന്റെ കരച്ചില്‍ മാറ്റണം. വയറ്റിളക്കം ഉണ്ടാവാനും പാടില്ല. ഒടുവില്‍ ചേട്ടന്‍ ഒരു വഴി കണ്ടെത്തി.ഒരു മാമ്പഴം മുഴുവന്‍ മൂപ്പര്‍ തിന്നും. ഒട്ടും കഴമ്പ്‌ ബാക്കിയില്ലതെ മാങ്ങാണ്ടി എന്റെ കയ്യില്‍ തരും.മാമ്പഴം കിട്ടിയ സന്തോഷത്തില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ആ മാങ്ങാണ്ടിയും നക്കി ഞാന്‍ ചേട്ടന്റെ പിന്നാലെ ഒരു വഴക്കുമില്ലാതെ നടക്കും. എനിക്കു വയറിളക്കമില്ല, ചേട്ടനു ശല്ല്യമില്ല. അമ്മയുടെ ശാസനയുമില്ല.ഇന്നും ആ മാങ്ങാണ്ടിയുടെ മധുരം ഞാനെന്റെ നാവില്‍ കൊണ്ടു നടക്കുന്നു.


6 comments:

കൊച്ചുത്രേസ്യ said...

ശ്ശൊ പാവം.. ഇപ്പഴും മാങ്ങാണ്ടി തന്നെയാണോ പ്രിയപ്പെട്ട ഭക്ഷണം :-)

ശ്രീ said...

മധുരമുള്ള നല്ല ഓര്‍‌മ്മകള്‍‌...
:)

Roy said...

സത്യം കൊച്ചുത്രേസ്യക്കുട്ടി, ഇന്നും പഴങ്ങളില്‍ മാമ്പഴമാനെന്റെ ആദ്യ ചോയ്സ്‌. അതും മുറിക്കാതെ കടിച്ചു തിന്നണം. കമന്റിയതിനു നന്ദി.

മന്‍സുര്‍ said...

പ്രിയ സ്നേഹിതാ പഥികാ...

അറിയാന്‍ കഴിഞതില്‍ സന്തോഷം..
എഴുത്ത്‌ ഇഷ്ടായി,,,ഇനിയും എഴുതുക...എല്ലാ സഹകരണങ്ങളും കൂടെയുണ്ടാവും..
പിന്നെ എഴുതി കഴിഞു പോസ്റ്റ്‌ ചെയ്യുന്നതിന്‌ മുന്‍പ്പായി...താഴത്തെ കാലി സ്ഥലം ഒഴിവാക്കുക.....ബാക്ക്‌ സ്‌പെയ്‌സ്‌ കൊടുത്താല്‍ മതി. എന്നാല്‍ അത്രയും ഭാഗം വെറുതെ കിടക്കുകയില്ല...

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

Roy said...

നന്ദി മന്‍സൂര്‍ ജി,
കമന്റിനും, പുതിയ അറിവിനും.
മലയാളത്തില്‍ എഴുതാന്‍ പിച്ച വയ്ക്കുന്നതേയുള്ളു ഞാന്‍.
വീണ്ടും തിരുത്തലുകള്‍ ഉണ്ടാവണം.

വാണി said...

ചില മധുരങ്ങള്‍ അങ്ങിനെയാണ്. നാവിന്‍ തുമ്പില്‍..ഓര്‍മതുമ്പില്‍ എപ്പോഴും അങ്ങിനെ കാണും അല്ലേ...

എഴുതിയത് നന്നായിരികുന്നു.