Sunday, February 22, 2009

കോട്ടപ്പാറയുടെ ഇതിഹാസം!

(ഇതു വലിയൊരു ഇതിഹാസത്തിന്റെ തുടക്കമാകുന്നു!
കോട്ടപ്പാറയെന്ന ഒരു പ്രദേശത്തിന്റെ ഇതിഹാസം!
ജീവിച്ചിരിക്കുന്ന പലരുമായും സാമ്യം കണ്ടാൽ വെറും യാദൃശ്ചികം!
സമയം കിട്ടുമ്പോഴൊക്കെ തുടരും!)


കോട്ടപ്പാറ മാത്തുവിന്റെ വല്ല്യപ്പൂപ്പൻ
പത്രു എന്ന പത്രോസ്‌, കഠിനാധ്വാനിയായിരുന്നു.
മീനച്ചിൽ താലൂക്കിലെ ഏതോ ഗ്രാമത്തിൽ നിന്നും കോട്ടപ്പാറ ചരുവിലേയ്ക്ക്‌ കുടിയേറിയതാണ്‌ കുറേ കൊല്ലങ്ങൾക്ക്‌ മുൻപ്‌.
അന്ന് കോട്ടപ്പാറയിലേക്ക്‌ കുടിയേറ്റം ആരഭിച്ചിട്ടേ ഉള്ളു.
ഇട തൂർന്ന വനം, നിറയെ അട്ടയും ആനയും.
മന:സ്തൈര്യം ഒന്നു കൊണ്ടു മാത്രം പിടിച്ചു നിൽക്കാൻ പറ്റുന്ന സാഹചര്യങ്ങൾ.

പത്രു കോട്ടപ്പാറയിൽ എത്തുമ്പോൾ ഒറ്റാംതടി. ഭൂതവും ഭാവിയുമില്ലാത്ത ജീവിതം.
ആരോടും പ്രത്യേകിച്ച്‌ ഇഷ്ടമോ അനിഷ്ടമോ ഇല്ലാത്ത ഇത്തിരി മുരട്ട്‌ സ്വഭാവം.
ആരു കൊടുക്കുന്ന എന്തു കടുപ്പ വേലയും മടുപ്പില്ലാതെ ചെയ്യും. കൊടുക്കുന്ന കൂലി വാങ്ങും കൂടിയാലും കുറഞ്ഞാലും പരാതിയില്ല. കൊടുത്തത്‌ കുറഞ്ഞു പോയി എന്നു മനസ്സിലാവുന്നത്‌ പിന്നീട്‌ ജോലിക്കു വിളിച്ചാൽ വരാതാവുമ്പോൾ മാത്രം.

ഇങ്ങനെ കഴിയുന്നതിനിടയിലും പത്രു ഒരു കാര്യം മറന്നില്ല. പകൽ മുഴുവൻ മറ്റ്‌ കുടിയേറ്റക്കാർക്കായി അധ്വാനിച്ച്‌, രാത്രിയിൽ, ആരും കടന്നുചെല്ലാൻ മടിക്കുന്ന നിബിഡ വനമേഖലയിൽ സ്വന്തമായി കുറേ ഭൂമി വളച്ചെടുത്ത്‌ നല്ല നിലാവത്ത്‌ കുറച്ചു കുറച്ചായി വെട്ടിത്തെളിച്ചുകൊണ്ടിരുന്നു. പകലധ്വാനത്തിൽ നിന്നും കിട്ടുന്ന പണം ഉപയോഗിച്ച്‌ ചുറ്റും കമ്പി വേലിയും പടക്ക കെണികളും സ്ഥാപിച്ച്‌ കൃഷിയിറക്കാനും തുടങ്ങി.

തിരുവിതാങ്കൂറുകാർ അച്ചായന്മാർക്ക്‌ ഞായറാഴ്ച കുർബ്ബാന കണ്ടില്ലെങ്കിലും ഇറച്ചിയില്ലാത്ത ഊണ്‌ അചിന്ത്യം. അതിനും പരിഹാരമായി പത്രുവിന്റെ പടക്ക കെണികൾ.

കോട്ടപ്പാറയിലെ പ്രമാണി അവറാനാണ്‌. ആദ്യകാലത്തു തന്നെ കുറേയേറെ പണവുമായി എത്തി നല്ലൊരു പ്രദേശം കയ്യടക്കി, കാശുമുടക്കി കൃഷിയിറക്കി, നല്ലനിലയിലായതാണ്‌ അവറാൻ. എട്ടാണ്മക്കളിൽ ഇളയവനൊഴികെ എല്ലാരും കൃഷിയും, കച്ചവടവും, ഒക്കെയായി നല്ലനിലയിൽ.

ഇളയവൻ ആന്റുവാകട്ടെ അപ്പൻ പ്രമാണിയായതിനാൽ ഏതു ചെറ്റയും പൊക്കാം, ഏതു ഷാപ്പിലും കടം കുടിക്കാം എന്ന ലൈനിലാണ്‌.
കോട്ടപ്പാറയിൽ അടി എവിടെയുണ്ടോ അവിടെ ഓടിക്കൊണ്ട്‌ പോയി മുഖം കാണിക്കുന്ന ശീലം.
വേറെ ഏഴെണ്ണം കൂടെ വീട്ടിലുള്ളതിനാൽ പക്ഷെ ആരും മന:പൂർവ്വം അവനെ തല്ലാറില്ല.

അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി, ആന്റു കണ്ടൻ പുലയന്റെ കൂരയിൽ ചുമ്മാ ഒരു സന്ദർശനത്തിനു പോയി.
കണ്ടന്റെ മോള്‌ കറുമ്പിയാണെങ്കിലും അവളുടെ ഫിഗറിൽ കൊതി തോന്നി കയറിപ്പോയതാണ്‌.
പക്ഷെ അവളു അരിവാളെടുത്ത്‌ ഉറഞ്ഞു തുള്ളിയപ്പോൾ ഉള്ളിലുള്ള കള്ളിന്റെ സർവ്വ കെട്ടും വിട്ട്‌ ഇറങ്ങിയോടിയ വഴിയിൽ കണ്ടനും കൂട്ടരും ചേർന്ന് നന്നായി സൽക്കരിക്കുകയും ചെയ്തു.

പിറ്റേന്ന് പത്രു, കവലയിലേക്കു വരുമ്പോൾ കാണുന്ന കാഴ്ച, കണ്ടൻ പുലയനെയും മകനെയും, അവറാന്റെ എട്ടു മക്കളും ചേർന്ന് അടിച്ചൊതുക്കുന്നതാണ്‌.
അങ്ങനെയാരോടും ഒരു കരുണയൊന്നും കാട്ടിയിട്ടില്ലാത്ത പത്രു ചുമ്മാ ഒന്നിടപെട്ടു.
ഇടപാട്‌ കഴിഞ്ഞ്‌ ചിന്നഭിന്നമായിപ്പോയ കൈലിയും, നാണം മറയ്ക്കാൻ കഷ്ടിച്ചു ബാക്കിയുള്ള വരയൻ നിക്കറുമായി, കവലയിൽ നിന്നു പോരുമ്പോൾ, അവറാന്റെ എട്ടു മക്കളും, പോകല്ലെ എന്നു പറയാൻ പോലും ആവതില്ലാതെ പൂഴിമണ്ണിൽ കിടപ്പുണ്ടായിരുന്നു.

അങ്ങനെ പത്രു കോട്ടപ്പാറയുടെ ആദ്യത്തെ ഹീറോ ആയി.
അവറാനും കൂട്ടരും പടിച്ച പണിയെല്ലാം നോക്കിയിട്ടും പത്രുവിനെ ഒതുക്കാൻ പറ്റിയില്ല.
അവർ പത്രുവിന്റെ കുറെ നടുതല നശിപ്പിച്ചു, പിറ്റേന്ന് അവറാന്റെ മൂന്നേക്കറിലെ കുരുമുളക്‌ ചെടികൾകത്തിച്ചാമ്പലായി.
അവറാൻ പത്രുവിന്റെ ഏറുമാടം കത്തിച്ചു. അവറാനു നഷ്ടമായത്‌, വലിയ തൊഴുത്തും, നാലു പശുക്കളും, കളപ്പുരയിലെ നെല്ലും, രണ്ടു വയ്ക്കോൽ തുറുവും.
ഇതിനെല്ലാം പത്രുവിന്‌ കണ്ടൻ പുലയന്റേയും കൂട്ടരുടെയും പിൻബലമുണ്ടായിരുന്നു.

ഒടുവിൽ വശം കെട്ട അവറാൻ, പത്രുവിന്‌ 'പുലയൻ പത്രു' എന്നൊരു പേരു സമ്മാനിച്ച്‌ പത്തി മടക്കി. എന്നാൽ പിന്നെ അങ്ങനെ തന്നെ എന്നു കരുതിയ പത്രു കണ്ടന്റെ മകളെ പെണ്ണു ചോദിച്ചു.

അങ്ങനെ ചിരുത, ഒരു പള്ളിയിലും പോകാതെ, പത്രുവിന്റെ മാത്രം കാർമികത്വത്തിൽ, അന്നക്കുട്ടിയെന്ന് പേരുമാറ്റുകയും, പത്രു കൊടുത്ത കാൽപവൻ താലി, നൂലിൽ കോർത്ത്‌ കഴുത്തിലിട്ട്‌ അവനു ചേർന്ന ഭാര്യയാവുകയും ചെയ്തു.

(ആദ്യം തന്നെ പറഞ്ഞതു പോലെ ഇടയ്ക്കിടെ തുടരും......)