Wednesday, November 21, 2007

പട്ടാളം പിള്ളയുടെ തോക്ക്‌

വീണ്ടും ഒരു മടക്കയാത്ര.

ഞാനന്ന് ആറു വയസ്സുകാരന്‍. താമസം മൂലമറ്റം പവര്‍ഹസിനടുത്തുള്ള ഒരു സ്ഥലം.

(കൃത്യമായി പറഞ്ഞാല്‍ പഴയ തല്ലുകൊള്ളിത്തരങ്ങളുടെ ബാക്കി പത്രങ്ങള്‍ വിസയെടുത്ത്‌ ഇവിടെ വന്നു പെരുമാറിയിട്ടു പോകും. അതിനാല്‍ ക്ഷമി!)

ഞങ്ങളുടെ പുരയിടം ഒരു കുന്നിന്‍ പ്രദേശത്താണ്‌. തെങ്ങും, കശുമാവും മരച്ചീനിത്തോട്ടവും, വിവിധ ഇനം മാവുകളും നെല്ലിയും ഒക്കെയുള്ള നാലേക്കറോളം സ്ഥലം.

പക്ഷെ ഞങ്ങള്‍ മൂന്നു മക്കള്‍ക്ക്‌ സ്കൂളില്‍ പോകാന്‍ ബുദ്ധിമുട്ടായതിനാല്‍ റോഡരികില്‍ ഒരു വീട്ടിലാണ്‌ താമസം. (അതുകൊണ്ടും സ്കൂളില്‍ പോകാനുള്ള എന്റെ "ബുദ്ധിമുട്ട്‌" മാറിയേയില്ല കേട്ടൊ.)

ശനിയാഴ്ചയും ഞായറാഴ്ചയും ഞങ്ങള്‍ മലയില്‍ പോകും, പ്രത്യേകിച്ച്‌ പഴങ്ങളുടെ സീസണില്‍. വേനലവധിക്കാലത്ത്‌ മിക്കവാറും താമസവും അവിടെയാക്കും.

അവധിക്കാലത്ത്‌ മലയായ മല മുഴുവന്‍ കറങ്ങി നടക്കലാണ്‌ ഞങ്ങള്‍ മൂവരുടെയും പരിപാടി. ഞങ്ങളുടെ പുരയിടത്തില്‍ നിറയെ പഴങ്ങളുണ്ടെകിലും അയല്‍വക്കത്തെ പുരയിടങ്ങളില്‍ പോയി അടിച്ചുമാറ്റിയാലെ ഒരു തൃപ്തി വരൂ.

പ്രധാനമായും നെല്ലിക്കയാണ്‌ അയല്‍വക്കത്തു നിന്നും വേണ്ടത്‌.

അധികമൊന്നും വേണ്ട, ചേട്ടന്റെ നിക്കറിന്റെ രണ്ട്‌ കീശ നിറയെ, ചേച്ചിയുടെ ഉടുപ്പിന്റെ മടക്കുനിറയെ, എനിക്കു കീശയും കൈയും നിറയെ.

പിന്നെ ഏതെങ്കിലും വലിയ പാറപ്പുറത്ത്‌ കയറി കരുതിക്കൊണ്ടു വരുന്ന ഉപ്പും കാന്താരി മുളകും ചേര്‍ത്ത്‌ തിന്നുക (പണ്ടാരം.... വായില്‍ വെള്ളം നിറഞ്ഞിട്ട്‌ ടൈപ്പു ചെയ്യാനും കൂടി പറ്റുന്നില്ല.....).

ഇതിനിടയില്‍ ഞങ്ങള്‍ക്കൊരു സുഹൃത്തിനെക്കൂടി കിട്ടി.

രവി.

ചേട്ടന്റെ പ്രായം. എന്നാല്‍ തരികിടക്ക്‌ എന്റെയും ചേട്ടന്റെയും ചേര്‍ന്ന പ്രായം.

ഏതു പുരയിടത്തില്‍ എന്തിനം നെല്ലിക്ക, മാങ്ങ, നാരങ്ങ ഇത്യാദി വഹകള്‍ ഉണ്ടെന്നു വര്‍ഷങ്ങളായി ഗവേഷണം മുഖ്യതൊഴില്‍.

സൈഡായി പഠനത്തൊഴിലും!

ഏതായാലും രവി കൂടി ഗാങ്ങിലെത്തിയതോടെ ഞങ്ങളുടെ വിഹാരങ്ങളുടെ വിശാലതയും സമയവും കൂടി.കറക്കം കഴിഞ്ഞ്‌ തിരിയെ വരുമ്പോള്‍ അമ്മയുടെ കയ്യില്‍ നിന്നു കിട്ടുന്ന തല്ലിന്റെ അളവും!

അങ്ങനെയിരിക്കെ രവി ഒരു പുതിയ ഗവേഷണഫലവുമായെത്തി. ഏകദേശം ഒന്നര രണ്ടു കിലോമീറ്റര്‍ ദൂരെയൊരിടത്ത്‌ ഒത്തിരി വലിയ നെല്ലിക്ക അവൈലബിള്‍!

അടുത്ത പ്രദേശത്തൊന്നും ആ വലിപ്പമുള്ള ഇനം ഇല്ലത്രേ!!

കേട്ടപാതി കേള്‍ക്കാത്ത പാതി ഞാന്‍ മുന്നിട്ടിറങ്ങി.

പക്ഷെ വേറെ പ്രശ്നമുണ്ട്‌. ഉടമസ്ഥന്‍ ആളു കുഴപ്പക്കാരനാണ്‌. എക്സ്‌ മിലിട്ടറി കൂടിയായ ---- പിള്ള .

മുഖം നിറഞ്ഞ കൊമ്പന്‍ മീശ. തോക്കു സ്ഥിരം കൈയ്യിലുണ്ടെന്നും അതല്ല നിറച്ച്‌ വീട്ടില്‍ വച്ചിരിക്കയാണെന്നും രണ്ടു കേള്‍വി.

അയാള്‍ കണ്ണിലെ കൃഷ്ണമണി പോലാണ്‌ നെല്ലിമരം കാത്തുസൂക്ഷിക്കുന്നത്‌. ഒളിച്ചും പതുങ്ങിയും പോകണം.

ഏതായാലും ബാലനായ എന്നെയും അബലയായ ചേച്ചിയെയും ഒഴിവാക്കി ചേട്ടനും രവിയും സാഹസികമായി കാര്യം സാധിച്ചു.

സത്യം പറയണമല്ലൊ ആ നെല്ലിക്കയുടെ വലിപ്പവും രുചിയും ഒന്നു വേറെ തന്നെ!

അടുത്ത ആഴ്ചത്തെ പര്യടനത്തിന്‌ ഞാനുമുണ്ടെന്നു നേരത്തെ അവരെ അറിയിച്ചു. പറ്റില്ലെന്നു പറഞ്ഞ ചേട്ടനെ വിവരം വീട്ടിലറിയിക്കുമെന്ന ഭീഷണിയില്‍ വരുതിയിലാക്കി. മുഖം വീര്‍പ്പിച്ച ചേച്ചിയെ ഞാന്‍ രണ്ടു നെല്ലിക്ക എക്സ്ട്ര പറഞ്ഞൊതുക്കി.

ഏതായാലും പിള്ളയുടെ പുരയിടം ദൂരെക്കണ്ടതോടെ എന്റെ ധൈര്യമെല്ലാം ചോര്‍ന്നു. കാലിനിത്തിരി ബലക്ഷയം!

ഈ പറയപ്പെടുന്ന തോക്കെന്നു പറയുന്ന സാധനം ചുക്കോ ചുണ്ണാമ്പോ എന്നറിയില്ലെങ്കിലും, രവി പറയാറുള്ള എംജിആര്‍ സിനിമക്കഥകള്‍ ഓര്‍ത്തപ്പോള്‍ അമ്മച്ചിയെ അപ്പോള്‍ തന്നെ കണ്ടാല്‍ കൊള്ളാമെന്നൊരു തോന്നല്‍.

എന്റെ സ്പീഡ്‌ കുറഞ്ഞ്‌ കുറഞ്ഞ്‌ സീറോ ആയി.

ഒടുവില്‍ എന്നെ കുറെ ദൂരെ നിര്‍ത്തിയിട്ട്‌ അവര്‍ രണ്ടുപേരും മുന്നോട്ടുപോയി.

ഞാന്‍ ഒരു വലിയ പാറപ്പുറത്ത്‌ കയറി അവര്‍ പോയ വഴിയേ നോക്കി നില്‍പ്പായി. .....

ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞു കാണും, ദൂരെ കുറ്റിക്കാട്ടിലൂടെ ചേട്ടന്റെയും രവിയുടെയും തലവെട്ടം കണ്ടെന്നു തോന്നിയപാടെ ആവേശം മൂത്ത ഞാന്‍ പാറയില്‍ നിന്നു ചാടിയിറങ്ങി അവരുടെ അടുത്തേക്കോടി.

പോകുന്ന വഴിയില്‍ "ഇഷ്ടം പോലെ കിട്ടിയോ ചേട്ടായി" എന്നുറക്കെ വിളിച്ചു ചോദിച്ചു കൊണ്ടിരുന്നു.

മറുപടി കിട്ടിയില്ലെങ്കിലും ഞാന്‍ ഓട്ടം നിര്‍ത്തിയില്ല.

ഏതാണ്ട്‌ നൂറ്‌ മീറ്റര്‍ ദൂരെയെത്തിയപ്പോള്‍ ഒരു പറ പറ ശബ്ദത്തില്‍ മറുപടി കിട്ടി

"കിട്ടിയെടാ കിട്ടി"

"ഇന്നാണെടാ നിന്നെയൊക്കെ എനിക്കു കിട്ടിയതെടാ കൊച്ചു കഴുവേറീടെ മോനെ"

ഇടിവെട്ടേറ്റ പോലെ നിന്ന ഞാന്‍ നോക്കുമ്പോള്‍ പിള്ളയുടെ നീണ്ട ഇരുകൈകളിലും ചേട്ടനും രവിയും!!

മാത്രമല്ല പിള്ളയുടെ പിറകില്‍ തോളിനു പിന്നിലൂടെ ഉയര്‍ന്നു നില്‍ക്കുന്ന തോക്കിന്‍ കുഴലും!!

എനിക്കോര്‍മ്മ വീഴുമ്പോള്‍ പിള്ളേച്ചന്‍ എന്റെ മുഖത്തു വെള്ളം തളിച്ചു തടവുകയാണ്‌!

ചേട്ടനും രവിയും അടുത്ത്‌ നിന്ന് വിങ്ങിക്കരയുന്നു!

തോക്കെന്നു കരുതിയ സാധനം ഒരു കല്ലില്‍ ചാരിവച്ചിരിക്കുന്നു!!

പുരയിടത്തിലൂടെ നടക്കുമ്പോള്‍ പാമ്പിനെ പേടിച്ച്‌ കരുതാറുള്ള മുട്ടന്‍ വടി!!!

1 comment:

പഥികന്‍ said...

പഥികന്‍ എന്ന പേരില്‍ ഞന്‍ ഒരു ബ്ലോഗ് www.emalayalam.blogsot.com എഴുതുന്നുണ്ട് ഒരേ പേരില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ ബ്ലോഗ് എഴുതുന്നത് ആശയക്കുഴപ്പം സ്രിഷ്ടിക്കാന്‍ ഇടയുണ്ട് അതിനാല്‍ മറ്റോരു പേര്‍ തിരഞ്ഞെടുക്കുക