Saturday, November 29, 2008

കള്ളും കോഴിക്കാലും!

പണ്ട്‌ കവി "നാട്ടിൻപുറം നന്മകളാൽ സമൃദ്ധം" എന്നു പാടിയത്‌ മിക്കവാറും കോട്ടപ്പാറ ചെരുവിലെ കുന്നേൽ ഷാപ്പിലെ അന്തിയടിച്ചപ്പോഴായിരിക്കണം!
കാരണം, കുന്നേൽ ഷാപ്പിന്റെ പ്രൊപ്രൈറ്റർ കം കസ്റ്റമർ നം: 1 ആയ കോട്ടപ്പാറ മാത്തു പോലും, രാവിലെ പറശ്‌ശിനിക്കടവ്‌ മുത്തപ്പന്റെ 'പോട്ട'ത്തിനു മുമ്പിൽ വയ്ക്കുന്ന കള്ളു ഗ്ലാസ്സ്‌, രാത്രിയിൽ ഷാപ്പടയ്ക്കുന്നതിനു മുൻപായി ഒറ്റവലിക്കു കുടിച്ചു കഴിഞ്ഞാൽ പിന്നെ, ഇതിലും വലിയ കവിതകൾ പാടാറുണ്ട്‌.

മാത്തുവിന്റെ കവിതകളും ഗദ്യങ്ങളും, വഴിയെ പോകുന്ന ആരെങ്കിലും, കാലു മടക്കി അടി നാഭി നോക്കി ഒന്നു കൊടുക്കുന്നതോടെ, വഴിയരികിൽ ചുരുണ്ടു കൂടി അവസാനിക്കാറാണ്‌ പതിവ്‌.

എന്നാൽ മാത്തുവിന്റെ, ആത്മ മിത്രവും, ഷാപ്പിലെ പ്രധാന പറ്റുപടിക്കാരനുമായ, മേൽക്കുണ്ടൻ കാളി കവിതയും പാട്ടും നിർത്തണമെങ്കിൽ, വീട്ടിലെത്തി ഭാര്യ ഭവാനി അളന്നു തൂക്കി നൽകുന്ന നാലു പെട ചെള്ളയിൽ കിട്ടണം.

കാളിദാസനെന്ന കാളിക്കു മേൽക്കുണ്ടൻ എന്ന ഓമനപ്പേരു വീഴാൻ കാരണം, മൂപ്പരുടെ പിന്നാമ്പുറം, സധാരണക്കാരുടേതിൽനിന്നും ഉദ്ദേശ്യം 150% അധികം തള്ളി നിൽപ്പുണ്ട്‌ എന്ന ചെറിയ കാരണത്താലാണ്‌.(13 ചീട്ട്‌ ഒന്നിച്ച്‌ കൈയ്യിൽ പിടിക്കാൻ പ്രാപ്തിയുണ്ടായ അന്നു മുതൽ കാളിയുടെ പ്രധാന ജോലി റമ്മി കളിയാണ്‌. ഇരുന്നിരുന്ന് ചന്തി തള്ളി പ്പോയതാണെന്ന് വിദഗ്ദാഭിപ്രായം)

എന്തെങ്കിലുമാകട്ടെ, കുന്നേൽ ഷാപ്പിലേ കള്ളിന്റെ അപാര കഴിവുകളെ ഒന്നു പുറം ലോകം അറിയിക്കുക എന്നതാണെന്റെ ലക്ഷ്യം. 'അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ്‌ വരേണം' എന്ന മിനിമം ഉദ്ദേശ്യമേ ഇതിനുള്ളു.

കുന്നേൽ ഷാപ്പിന്റെ വൈവിധ്യപൂർണമായ പാനീയങ്ങളും, അനുബന്ധ അനുസാരികളുടെ നീണ്ട നിരയും (വിവരിച്ച്‌ നിങ്ങളുടെ ആകാംഷയിൽ ഞാൻ മണ്ണു വാരിയിടുന്നില്ല-വരുവിൻ ആസ്വദിപ്പിൻ)ചേർന്ന്, ഇവിടം കുടിയന്മാരുടെ പറുദീസയാക്കി മാറ്റുന്നു.

ഇതൊരു വാണിജ്യ വ്യവസായ സ്ഥാപനമാണ്‌, ഇവിടെയുള്ളതൊക്കെ വിൽക്കാനുള്ളതാണ്‌, ആയതിനാൽ പുറമേ നിന്നുള്ള ഒരു വക വസ്തുക്കളും ഇവിടെ പ്രവേശിപ്പിക്കാനോ ഇതിനുള്ളിലിരുന്ന് ആസ്വദിക്കാനോ പാടില്ല എന്ന സങ്കുചിത ചിന്തകളൊന്നും കുന്നേൽ ഷാപ്പിന്റെ ആളിന്നോളായ, മാത്തുവിനില്ല. എന്നാൽ ഒരു കാര്യം നിർബന്ധമാണു താനും. ഇങ്ങനെയുള്ള എക്സ്റ്റ്രാ ഷാപ്പിയറി ആക്റ്റിവിറ്റീസിൽ മാത്തുവിനും ആദരണീയമായ സ്ഥാനമുണ്ടാകണം!അത്ര തന്നെ.

കോട്ടപ്പാറയുടെ ആസ്ഥാന മത്സ്യ മുതലാളിയായ പളുങ്ക്‌ വർക്കി (രണ്ടു വണ്ടിയും ഒരു പമ്പും സ്വന്തമായുള്ള ബൂർഷ്വ! ഒരു വണ്ടിയിൽ സ്വന്തമായും രണ്ടാമത്തേതിൽ മൂത്ത മകനും മത്സ്യ വ്യവസായം നടത്തുന്നു. പഴയ പമ്പ്‌ തകരാറായതിനാൽ പുതിയത്‌ വാങ്ങി വീട്ടിൽ വച്ചിരിക്കുന്നു. എത്ര ദിവസം പഴകിയ മീനും പളുങ്കാണ്‌ പളുങ്ക്‌ എന്നു പറഞ്ഞു വിൽക്കുന്ന വീരൻ) ബിവറേജസിൽ നിന്നു വാങ്ങി വരുന്ന കൂമ്പു കലക്കി റമ്മും, ബാറ്ററി വാസു സ്വകാര്യാവശ്യത്തിനായി വാറ്റുന്ന സ്പെഷ്യൽ അമൃതുമൊക്കെ, മാത്തുവിന്റെ മുഖ്യ കാർമ്മികത്വത്തിൽ ഇവിടെ നിവേദിക്കപ്പെടാറുണ്ട്‌.

ഇങ്ങനെയുള്ള വിശിഷ്ടാവസരങ്ങളിൽ കോഴി, പന്നി തുടങ്ങിയവ ഉലർത്തിയത്‌, വറുത്തത്‌ തുടങ്ങിയ അവശ്യ വസ്തുക്കളും കൂട്ടിനുണ്ടാകും. (പോത്ത്‌, പോട്ടി മീൻ പീര എന്നീ ചീളു സാധനങ്ങൾ ഷാപ്പിൽ ഡെയ്‌ലി ഉള്ളതാണല്ലോ!)

രണ്ടെണ്ണം അകത്തു ചെന്നാൽ പിന്നെ കാളിയുടെ കൈ ഇറച്ചിപ്പാത്രത്തിൽനിന്ന് മാറുകയേയില്ല എന്ന കാര്യം അറിയാവുന്നതിനാൽ, കാളിയെ എപ്പോഴും ഇറച്ചിപ്പാത്രത്തിൽ കൈയ്യെത്താത്ത ദൂരത്തിലെ ഇരുത്താറുള്ളൂ. കാളിക്കതിൽ പരാതിയുമില്ല, കാരണം പോത്തിറച്ചി കണക്കില്ലാതെ തിന്നിട്ടാണ്‌ തന്റെ ബാക്ക്‌ ഇത്തിരി അഡീഷണലായിപ്പോയത്‌ എന്ന പരാതി കാളിക്കു തന്നെ തോന്നിയിട്ടുള്ളതാണ്‌.

ഏതായാലും അന്ന് ബാറ്ററിയുടെ ഇളയ മോള്‌ പത്താം ക്ലാസ്സിൽ നാലാമത്തെ പ്രാവശ്യവും തോറ്റതിന്റെ ദു:ഖം തീർക്കാനായി, വാസുവിന്റെ പ്രത്യേക ആവശ്യ പ്രകാരം ചേർന്ന അനുശോചന യോഗം കുന്നേൽ ഷാപ്പിലാരംഭിച്ചു. (തന്തയ്ക്കു പിറക്കാത്തവള്‌! ഒരിക്കൽ കൂടി ഇത്തരമൊരു യോഗത്തിന്‌ ചാൻസ്‌ കൊടുത്തതേയില്ല! റിസൽട്ട്‌ വന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ, ടൗണിലെ ബ്രദേഴ്സ്‌ കോളേജിനടുത്ത്‌ സ്ഥിരം വായിൽ നോക്കിയിരുന്ന, ലോട്ടറി മമ്മദിന്റെയൊപ്പം പൊയ്ക്കളഞ്ഞു!)
ഏതായാലും, അന്നത്തെ സ്പെഷ്യൽ വറുത്ത കോഴി.
തമിഴ്‌ നാട്ടിൽ കോഴികളെല്ലാം വസന്ത പിടിച്ചു ചാകാൻ തുടങ്ങിയപ്പോൾ, ചെറുതും വലുതുമായി എല്ലാറ്റിനേയും പിടിച്ചു കേരളാവിലേക്ക്‌ ചുളു വിലയ്ക്ക്‌ അയയ്ക്കുന്ന കാലമായിരുന്നതിനാൽ കോഴി വറുത്തത്‌ ധാരാളം. അതുകൊണ്ടു തന്നെ, കാളിയെ സാധാരണയിലും ഇത്തിരി കൂടി ദൂരത്തിലേ ഇരുത്തിയുള്ളു.

ആഘോഷം കൊഴുത്തു, സിനിമാപ്പാട്ട്‌, സർവ്വ മത ഭക്തിപ്പാട്ട്‌, പുത്തൻ ബ്രാന്റ്‌ മാപ്പിളപ്പാട്ട്‌ തുടങ്ങിയയവ എല്ലാം കടന്ന് ഭരണിപ്പാട്ടിന്റെ സംഗതികൾ ഒന്നും നഷ്ടപ്പെടുത്താതെ പാടി വരുമ്പോഴേക്കും, സ്റ്റോക്ക്‌ മിക്കവാറും തീർന്നു, കള്ളിന്റേയും, കോഴിയുടേയും!

ഇത്രയായിട്ടും, മേൽക്കുണ്ടൻ കാളി മാത്രം, എന്തോ നഷ്ടപ്പെട്ടവനേപ്പോലെ വിഷമിച്ചിരിക്കുന്നു! സഹകുടിയന്മാർക്ക്‌ സഹിക്കുന്ന കാര്യമല്ലല്ലോ! അവരു മാറി മാറി ചോദിച്ചു.

ഒടുവിൽ കാളി വേദനയോടെ കാര്യം പറഞ്ഞു. ഇത്തവണ കോഴി വാങ്ങാൻ പോയതും, അതിനെ ഭക്ഷണയോഗ്യമാക്കി മുമ്പിലെത്തിച്ചതും, കാളിയുടെ മേൽനോട്ടത്തിലായിരുന്നു. അതു കൊണ്ടു തന്നെ ഇങ്ങനെയൊരു ചതി പറ്റിയതിൽ, കാളി എല്ലാവരുടെയും കാലിൽ മാറി മാറി വീണു മാപ്പു പറഞ്ഞു!

എന്നിട്ടും ആർക്കും ഒന്നും മനസ്സിലായില്ല. ഒരു ദീഘനിശ്വാസത്തോടെ കാളി പറഞ്ഞു,
"ഈ കോഴിയിൽ എല്ലു മാത്രമല്ലേയുള്ളു, കോഴിക്കാരൻ ലോന നമ്മളെ പറ്റിച്ചു കളഞ്ഞില്ലേ?"
"ഇവനിതെന്താ പറ്റിയെ? ഇത്രയും ഇറച്ചിയുള്ള കോഴി അടുത്ത കാലത്തൊന്നും നമുക്കു കിട്ടിയിട്ടില്ലല്ലോ! നിനക്കു മാത്രമെന്താ ഇങ്ങനെ തോന്നിയത്‌?"
എനിക്കും ആദ്യം ഒന്നു രണ്ടു കഷണം നല്ലതു കിട്ടി. പിന്നെയെല്ലാം എല്ലു മാത്രം.
നീയിതെവിടുന്നാടാ കഴിച്ചത്‌?
ദേ ഈ പാത്രത്തീന്ന്.
"ആ പാത്രം എല്ലാവരും കോഴി കഴിച്ചതിനു ശേഷം എല്ലിട്ടു വച്ചിരുന്ന പാത്രമായിരുന്നു"

Tuesday, November 25, 2008

ശംഖുമുഖത്തെ കുളിസീൻ

കാലം എൺപതുകളുടെ യൗവ്വനം.
എൻ. സി. സി യെന്ന കുട്ടിപ്പട്ടാളം ലാടം തറച്ച ബൂട്ടുമിട്ട്‌, കോളേജുകളുടെ വരാന്തകളും, കളിസ്ഥലവുമെല്ലാം മുഖരിതമാക്കിയിരുന്ന കാലം.
പൊക്കം ഇത്തിരി കുറവായിരുന്നാലും, പകരത്തിനും കൂടി തടി ഉണ്ടായിരുന്നതിനാൽ, പട്ടാളത്തിൽ ഒരു ബ്രിഗേഡിയറൊ (മലയാറ്റൂരിന്റെ ബ്രിഗേഡിയർ എന്നെ സ്വാധീനിച്ചിട്ടേയില്ലാട്ടോ!) ഇല്ലെങ്കിൽ കേരള പോലീസിൽ ഒരു ഡി. ജി. പി യൊ ആകാനുള്ള തയ്യാറെടുപ്പിലായിരുന്നതിനാൽ, എൻ. സി. സി എന്റെ ദൗർബ്ബല്യമായി മാറിയിരുന്നു.
(പരേഡുള്ള ദിവസങ്ങളിൽ കിട്ടുന്ന മുട്ടയും ഏത്തപ്പഴവും.....യേയ്‌ ആർക്ക്‌ വേണം! ചുമ്മാ ആത്മാർഥതയെ ചോദ്യം ചെയ്യല്ലെ!)

പിന്നെ ഇടക്കിടയ്ക്ക്‌, അവിടെയും ഇവിടെയുമൊക്കെ, ക്യാമ്പുകളുണ്ടാവും. ഓസിനുള്ള യാത്രകളും, ആഴ്ചകളോളം ക്ലാസ്സിൽ കയറണ്ട എന്ന മഹത്തായ ബോണസ്സും, എല്ലാം ചേർന്ന് ഞാനൊരു നല്ല കേഡറ്റായി മാറി.

ആഗസ്റ്റ്‌ 15-ാ‍ം തിയതിയും, ജാനുവരി 26-ാ‍ം തിയതിയുമൊക്കെ ജില്ലാ കേന്ദ്രത്തിൽ പരേഡുണ്ടാകും (എന്തിനാന്നാർക്കറിയാം!)

അങ്ങനെയിരിക്കെ, തിരുവനന്തപുരത്തെ, നെയ്യാർ ഡാമിൽ വച്ച്‌ ഒരു ക്യാമ്പു നടന്നു. ആത്മാർഥതയ്ക്കു കയ്യും കാലും മുളച്ചു ഭൂമിയിൽ അവതരിച്ച ഞാൻ പോകാതിരിക്കാനോ? നോ ചാൻസ്‌!

ഡെയ്‌ലി കവാത്ത്‌, വെടി പരിശീലനം, ഓട്ടം, ചാട്ടം തീറ്റ, വൈകുന്നേരങ്ങളിൽ സമീപത്തെ പാർക്കിൽ വായിൽ നോട്ടം, ഇത്യാദി രാജ്യസേവന പരിപാടികളുമായി ഇരിക്കവെ, ക്യാമ്പ്‌ മാനേജർ സർദാർജിക്കു കരുണ തോന്നി ഒരു ഉച്ചനേരം എല്ലാവരെയും പിക്‌നിക്കിനു കൊണ്ടുപോകാൻ തീരുമാനിച്ചു. (പഞ്ചാബിൽ നിന്നു വന്ന മൂപ്പർ കടലു കണ്ടിട്ടില്ലാത്തതിനാലാവണം, അതോ കോവളത്ത്‌ ചെന്നാൽ വെയിലത്ത്‌ തുറന്നു വെച്ചിരിക്കുന്ന മാംസം കാണാനുള്ള മോഹം കൊണ്ടാണോ എന്തോ) കണ്ടം ചെയ്യാറായ പട്ടാള വണ്ടിയിൽ ഞങ്ങളെ കോവളത്തെത്തിച്ചു.
ക്യാമ്പിൽ നിന്നിറങ്ങുന്നതിനു മുൻപ്‌, കടലിൽ കുളിക്കാമെന്ന് പറഞ്ഞ കേമന്മാരൊക്കെ, കടലു കണ്ടതേ പിന്മാറി.
ഒടുവിൽ ഞാനും ദാസും മാത്രം.
ഉച്ചയുറക്കത്തിലായിരുന്നതിനാലാവണം, കടലിൽ തിരകൾക്കൊരു ക്ഷീണഭാവമായിരുന്നതിനാൽ അധികം കുളിക്കാതെ കയറിപ്പോന്നു.
അടുത്ത സ്ഥലം ശംഖുമുഖം!
ഇവിടെ തിരകൾ കുറച്ച്‌ ഉഷാറിലായിരുന്നു. ഞാനും ദാസും വീണ്ടും റെഡി.
(ഇനിയൊരു രഹസ്യം പറഞ്ഞോട്ടെ, നാട്ടിൻപുറത്ത്‌ കൈത്തോട്ടിലും, കുളക്കരയിലും വെറും തോർത്തുടുത്തു കുളിക്കുന്ന സ്വഭാവം വച്ച്‌ ഞങ്ങൾ രണ്ടാളും ഓരോ തോർത്തുമുടുത്താണ്‌ കുളിക്കാനിറങ്ങിയയത്‌.അടിയിലെന്തെങ്കിലും ധരിക്കുക എന്നത്‌ അപരാധമായി കണ്ടിരുന്നതിനാൽ, അതിനേപ്പറ്റി പ്രത്യേകിച്ച്‌ പരാമർശിക്കാനില്ല. )
-ഇന്നു ഫേമസ്സായ ബർമുട അന്നു കാണുന്നത്‌, തമിഴ്‌ സിനിമകളിൽ, ജനകരാജൊ, കൗണ്ടമണിയൊ കൈലി മാടിക്കുത്തുമ്പോൾ മാത്രമായിരുന്നു-
ഏതായാലും നന്നായി ആസ്വദിച്ച്‌ കുളിച്ചുകൊണ്ടിരുന്ന എനിക്ക്‌ ഒരു സംശയം.
തിരയുടെ മുകളിൽ തുഴഞ്ഞു നിൽക്കണം എന്നാണ്‌ എന്റെ നാട്ടുകാരനും ഇനിയും കടൽ കണ്ടിട്ടില്ലാത്ത നീന്തൽ വിദഗ്ദനുമായ, കോട്ടപ്പാറ മാത്തു എനിക്കു നൽകിയിട്ടുള്ള ഉപദേശം.
എന്നാൽ തിര വരുമ്പോൾ ഒന്നു മുങ്ങി നോക്കിയാൽ എന്താ കുഴപ്പം? ഇതാണെന്റെ സംശയം.
സംശയം വന്നാൽ ദൂരീകരിക്കുക തന്നെ!
അടുത്തതായി വന്ന വലിയ തിരയുടെ മുന്നിൽ ഞാനൊന്നു കുനിഞ്ഞു കൊടുത്തു!

പിന്നെയുള്ള എന്റെ ഓർമ്മ തിരയുടെ ഉള്ളിൽ കിടന്നു കറങ്ങുന്നതാണ്‌.
കടലിലേക്കാണോ അതോ കരയിലേക്കാണോ എന്നൊരു പിടിയുമില്ല.
ആകെ ഭയന്നു പോയെങ്കിലും ഉപ്പുവെള്ളം കുടിക്കുന്നതിൽ ഞാനൊരു പിശുക്കും കാണിച്ചില്ല കേട്ടോ.

ഏതായാലും, കടലമ്മ ഭദ്രമായി എന്നെ കരയിൽ കൊണ്ടിരുത്തി. എന്താ പറ്റിയത്‌ എന്ന് വ്യക്തമായി വരുമ്പോഴേക്കും, കടപ്പുറത്തൊരു ആരവം കേട്ടു.

ചിരിച്ചു ബോധം കെടാതിരുന്ന ഒരാൾ തോളത്തു കിടന്ന തോർത്തെടുത്ത്‌ എന്റെ നേർക്കെറിഞ്ഞു.

പിന്നീടാണറിഞ്ഞത്‌, എന്റെ അന്നേരത്തെ അവസ്ഥയിൽ നിന്ന് ആവേശമുൾക്കൊണ്ടാണത്രേ, ശ്രീ കാനായി കുഞ്ഞിരാമൻ, മലമ്പുഴയിലെ യക്ഷിയെ സൃഷ്ടിക്കാനുള്ള ശ്രമം തുടങ്ങിയത്‌.