Thursday, July 3, 2008

ഓന്തിന്റെ നിറം!

അക്കാലത്ത്‌ പ്ലസ്‌ 2 ഉണ്ടായിരുന്നില്ല!
പ്രി ഡിഗ്രി ബോർഡ്‌ എന്ന് ചുമ്മാ ഒന്നു പറഞ്ഞ മന്ത്രിയെ വിപ്ലവക്കുരുന്നുകൾ റോഡു നീളെ തടയുന്ന കാലം!
പത്താം ക്ലാസ്സിൽ നല്ല നിലയിൽ പാസ്സായി, കോളേജെന്ന വൻ സാഗരത്തിലേക്കു വരുന്ന കൗമാരങ്ങളെ, ചോപ്പും പച്ചയും നീലയും വെള്ളയുമായ കൊടികൾക്കു കീഴിൽ കുടുക്കി, കുരുന്നുകുത്തി കളയുന്ന കാലം.
അക്കാലത്താണ്‌ ഇമ്മിണി വല്ല്യ ഡിഗ്രിയായ പ്രി ഡിഗ്രിക്കു പഠിക്കാൻ ഞാനും തീരുമാനിക്കുന്നത്‌.
(സത്യത്തിൽ തീരുമാനം എന്റേതായിരുന്നില്ല. മോനെ അപ്പോത്തിക്കിരിയാക്കിയേക്കാം എന്നു നേർച്ച നേർന്ന എന്റെ അപ്പന്റേതായിരുന്നു. കാരണം പത്താം ക്ലാസ്സ്‌ വരെ തന്നെ പഠിക്കാൻ പെട്ട പാട്‌ നമുക്കല്ലേ അറിയൂ!)
ഏതായാലും കോളേജിലെ (എല്ലാ പാർട്ടിയിലും പെട്ട) നേതാക്കൾക്ക്‌ ഞാനൊരു അസ്സറ്റായിമാറി. കാരണം സമരം പ്രഖ്യാപിക്കുന്ന ഏതു പാർട്ടിയുടെയും കൂടെ മുദ്രാവാക്യം വിളിക്കാൻ ആദ്യത്തെ അര മണിക്കൂർ ഞാനുണ്ടാവും കട്ടായം!
പിന്നെ അവരായി അവരുടെ പാടായി!
എപ്പോഴും നമ്മളിങ്ങനെ നയിക്കാൻ നിന്നാൽ നേതാക്കളെങ്ങനെ സ്വയം പര്യാപ്തരാവും?
അവരും സ്വാശ്രയരാവട്ടെ! നേതാക്കളവട്ടെ!
മാത്രമല്ല, നമ്മുടെ സഹായമാവശ്യമുള്ള മറ്റു പലരും സമീപത്തെ തിയേറ്ററുകളിൽ കാത്തിരിക്കുന്നു!
നമ്മളായിട്ട്‌ ആരെയും നിരാശരാക്കാൻ പാടില്ലല്ലൊ!
അക്കാലത്ത്‌ ആകപ്പാടെ മനസ്സായിട്ട്‌ കയറുന്ന ഒരേയൊരു ക്ലാസ്സ്‌ ജോസഫ്‌ സാറിന്റേതാണ്‌.
ആദ്യകാലങ്ങളിൽ ഞാനദ്ദേഹത്തിനൊരു നോട്ടപ്പുള്ളിയായിരുന്നെങ്കിലും, പിന്നീടേതോ ഒരു കഷ്ടകാല സമയത്ത്‌ (എന്റെയല്ല) ഞാനദ്ദേഹത്തിന്റെ ഗുഡ്‌ ബുക്കിലെത്തി.
അദ്ദേഹത്തിന്റെ തിയറി ക്ലാസ്സിൽ കയറാൻ കഴിഞ്ഞില്ലെങ്കിലും പ്രക്റ്റിക്കൽ ക്ലാസ്സ്‌ ഞാനൊഴിവാക്കാറേയില്ല. സിൽക്കിനോ, എന്തിന്‌! അഭിലാഷയ്ക്കു പോലുമോ മടിയോടെയാണെങ്കിലും ഞാൻ അവധി പറയുമായിരുന്നു, ഈ പ്രാക്റ്റിക്കൽ ക്ലാസ്സിനു വേണ്ടി!
ആദ്യമായി ബയോളജി ലാബിലേക്കു ചെല്ലുമ്പോൾ ഫോർമാലിൻ മണത്തു തല പെരുത്തു നിൽക്കുന്ന നമ്മുടെ മുൻപിലേക്ക്‌ കുറെ ജന്തുക്കളുടെ കുപ്പിയിലാക്കിയ ശവങ്ങളാണു തരിക. ലവന്മാരെ തിരിച്ചും മറിച്ചും നോക്കി കുറിപ്പെഴുതണം. ചിലരെ സ്റ്റഫ്‌ ചെയ്ത്‌ വച്ചിട്ടുണ്ടാകും.
ഇക്കൂട്ടരെയെല്ലാം നോക്കി വായും പൊളിച്ചു നിൽക്കുന്ന നമ്മുടെ സമീപത്തേക്കു ജോസഫ്‌ സാർ നാടകീയമായി നടന്നു വരും.
വന്നു നിൽക്കുന്നത്‌ ഒരു ബോർഡിൽ സ്റ്റഫ്‌ ചെയ്തു വച്ചിരിക്കുന്ന വലിയൊരു ഓന്തിന്റെ അടുത്ത്‌.
എന്നിട്ടൊരു ചോദ്യം,"ഇതെന്താണെന്നറിയാമൊ?"
കുട്ടികൾ പറയും,"ഓന്ത്‌"
"ഓന്തല്ലെടോ പിള്ളാരെ, ഇതാണ്‌ കലോട്ടെസ്‌,
കലോട്ടെസ്‌ വേർസ്സിക്കൊളാർ""ശരി സാർ"
"ഇതിന്റെ നിറമെന്താണ്‌?"
"ചുവപ്പ്‌"
"ഇതിനെങ്ങനെയാണ്‌ ചുവപ്പു നിറം വന്നതെന്നറിയാമോ?"
"ഇതു നിറം മാറും"
"പക്ഷേ ചുവപ്പു നിറം എങ്ങനെ വരും?"
കുട്ടികൾ മൗനം.
ശബ്ദത്തിൽ ഇത്തിരി കനം കൊടുത്ത്‌ ഒരു സ്വകാര്യം പോലെ സാർ പറഞ്ഞു, "ഇതു ചോര കുടിക്കും"
കുട്ടികളുടെ കണ്ണുകളിൽ ഇത്തിരി അമ്പരപ്പ്‌, ചിലർ ടേബിളിനടുത്ത്‌ നിന്ന് അറിയാതെ ഇത്തിരി നീങ്ങി നിന്നു.
സാർ ആൺകുട്ടികളുടെ നേരെ തിരിഞ്ഞിട്ടു പറഞ്ഞു "പക്ഷെ നിങ്ങൾ പേടിക്കേണ്ട, വല്ല്യമ്മമാർ പറഞ്ഞു കേട്ടിട്ടില്ലേ, ഇതു പെൺകുട്ടികളുടെ രക്തമേ കുടിക്കൂ"
ആൺകുട്ടികളുടെ മുഖത്ത്‌ ഒരാശ്വാസം!
പെൺകുട്ടികൾ കണ്ണും തള്ളി മുഖം ചുവന്ന് ശ്വാസം വിടാൻ മറന്ന് നിൽക്കുന്നു!
ജോസഫ്‌ സാർ ഹാളിലൂടെ രണ്ടു ചാൽ നടന്നിട്ട്‌ തിരിച്ചെത്തി.
എന്നിട്ട്‌ പെൺകുട്ടികളുടെ നേരെ തിരിഞ്ഞ്‌ പറഞ്ഞു.
"എന്നോർത്ത്‌ നിങ്ങളാരും പേടിക്കേണ്ട"
വീണ്ടും എല്ലാവരുടെയും മുഖത്ത്‌ ആകാംഷ!
ഒന്നു കൂടി എല്ലാവരെയും ഒന്നു നോക്കിയിട്ട്‌ ലാബിന്റെ പുറത്തേക്കുള്ള വാതിലിനു നേരെ നടന്നു കൊണ്ട്‌ ജോസഫ്‌ സാർ പറഞ്ഞു.
"ഓന്തുകൾ കന്യകകളുടെ രക്തമേ കുടിക്കൂ!!"
ഒന്നുമറിയാത്ത പോലെ പുറത്തേക്കു നടന്ന സാറിനെ നോക്കി എല്ലാവരും ഇത്തിരി നേരം മിഴിച്ചു നിന്നു.
പെട്ടെന്നുണ്ടായ തിരിച്ചറിവിൽ നിന്നും ലാബിൽ ഒരു ബോംബു പൊട്ടിയ ആരവം!