Tuesday, November 25, 2008

ശംഖുമുഖത്തെ കുളിസീൻ

കാലം എൺപതുകളുടെ യൗവ്വനം.
എൻ. സി. സി യെന്ന കുട്ടിപ്പട്ടാളം ലാടം തറച്ച ബൂട്ടുമിട്ട്‌, കോളേജുകളുടെ വരാന്തകളും, കളിസ്ഥലവുമെല്ലാം മുഖരിതമാക്കിയിരുന്ന കാലം.
പൊക്കം ഇത്തിരി കുറവായിരുന്നാലും, പകരത്തിനും കൂടി തടി ഉണ്ടായിരുന്നതിനാൽ, പട്ടാളത്തിൽ ഒരു ബ്രിഗേഡിയറൊ (മലയാറ്റൂരിന്റെ ബ്രിഗേഡിയർ എന്നെ സ്വാധീനിച്ചിട്ടേയില്ലാട്ടോ!) ഇല്ലെങ്കിൽ കേരള പോലീസിൽ ഒരു ഡി. ജി. പി യൊ ആകാനുള്ള തയ്യാറെടുപ്പിലായിരുന്നതിനാൽ, എൻ. സി. സി എന്റെ ദൗർബ്ബല്യമായി മാറിയിരുന്നു.
(പരേഡുള്ള ദിവസങ്ങളിൽ കിട്ടുന്ന മുട്ടയും ഏത്തപ്പഴവും.....യേയ്‌ ആർക്ക്‌ വേണം! ചുമ്മാ ആത്മാർഥതയെ ചോദ്യം ചെയ്യല്ലെ!)

പിന്നെ ഇടക്കിടയ്ക്ക്‌, അവിടെയും ഇവിടെയുമൊക്കെ, ക്യാമ്പുകളുണ്ടാവും. ഓസിനുള്ള യാത്രകളും, ആഴ്ചകളോളം ക്ലാസ്സിൽ കയറണ്ട എന്ന മഹത്തായ ബോണസ്സും, എല്ലാം ചേർന്ന് ഞാനൊരു നല്ല കേഡറ്റായി മാറി.

ആഗസ്റ്റ്‌ 15-ാ‍ം തിയതിയും, ജാനുവരി 26-ാ‍ം തിയതിയുമൊക്കെ ജില്ലാ കേന്ദ്രത്തിൽ പരേഡുണ്ടാകും (എന്തിനാന്നാർക്കറിയാം!)

അങ്ങനെയിരിക്കെ, തിരുവനന്തപുരത്തെ, നെയ്യാർ ഡാമിൽ വച്ച്‌ ഒരു ക്യാമ്പു നടന്നു. ആത്മാർഥതയ്ക്കു കയ്യും കാലും മുളച്ചു ഭൂമിയിൽ അവതരിച്ച ഞാൻ പോകാതിരിക്കാനോ? നോ ചാൻസ്‌!

ഡെയ്‌ലി കവാത്ത്‌, വെടി പരിശീലനം, ഓട്ടം, ചാട്ടം തീറ്റ, വൈകുന്നേരങ്ങളിൽ സമീപത്തെ പാർക്കിൽ വായിൽ നോട്ടം, ഇത്യാദി രാജ്യസേവന പരിപാടികളുമായി ഇരിക്കവെ, ക്യാമ്പ്‌ മാനേജർ സർദാർജിക്കു കരുണ തോന്നി ഒരു ഉച്ചനേരം എല്ലാവരെയും പിക്‌നിക്കിനു കൊണ്ടുപോകാൻ തീരുമാനിച്ചു. (പഞ്ചാബിൽ നിന്നു വന്ന മൂപ്പർ കടലു കണ്ടിട്ടില്ലാത്തതിനാലാവണം, അതോ കോവളത്ത്‌ ചെന്നാൽ വെയിലത്ത്‌ തുറന്നു വെച്ചിരിക്കുന്ന മാംസം കാണാനുള്ള മോഹം കൊണ്ടാണോ എന്തോ) കണ്ടം ചെയ്യാറായ പട്ടാള വണ്ടിയിൽ ഞങ്ങളെ കോവളത്തെത്തിച്ചു.
ക്യാമ്പിൽ നിന്നിറങ്ങുന്നതിനു മുൻപ്‌, കടലിൽ കുളിക്കാമെന്ന് പറഞ്ഞ കേമന്മാരൊക്കെ, കടലു കണ്ടതേ പിന്മാറി.
ഒടുവിൽ ഞാനും ദാസും മാത്രം.
ഉച്ചയുറക്കത്തിലായിരുന്നതിനാലാവണം, കടലിൽ തിരകൾക്കൊരു ക്ഷീണഭാവമായിരുന്നതിനാൽ അധികം കുളിക്കാതെ കയറിപ്പോന്നു.
അടുത്ത സ്ഥലം ശംഖുമുഖം!
ഇവിടെ തിരകൾ കുറച്ച്‌ ഉഷാറിലായിരുന്നു. ഞാനും ദാസും വീണ്ടും റെഡി.
(ഇനിയൊരു രഹസ്യം പറഞ്ഞോട്ടെ, നാട്ടിൻപുറത്ത്‌ കൈത്തോട്ടിലും, കുളക്കരയിലും വെറും തോർത്തുടുത്തു കുളിക്കുന്ന സ്വഭാവം വച്ച്‌ ഞങ്ങൾ രണ്ടാളും ഓരോ തോർത്തുമുടുത്താണ്‌ കുളിക്കാനിറങ്ങിയയത്‌.അടിയിലെന്തെങ്കിലും ധരിക്കുക എന്നത്‌ അപരാധമായി കണ്ടിരുന്നതിനാൽ, അതിനേപ്പറ്റി പ്രത്യേകിച്ച്‌ പരാമർശിക്കാനില്ല. )
-ഇന്നു ഫേമസ്സായ ബർമുട അന്നു കാണുന്നത്‌, തമിഴ്‌ സിനിമകളിൽ, ജനകരാജൊ, കൗണ്ടമണിയൊ കൈലി മാടിക്കുത്തുമ്പോൾ മാത്രമായിരുന്നു-
ഏതായാലും നന്നായി ആസ്വദിച്ച്‌ കുളിച്ചുകൊണ്ടിരുന്ന എനിക്ക്‌ ഒരു സംശയം.
തിരയുടെ മുകളിൽ തുഴഞ്ഞു നിൽക്കണം എന്നാണ്‌ എന്റെ നാട്ടുകാരനും ഇനിയും കടൽ കണ്ടിട്ടില്ലാത്ത നീന്തൽ വിദഗ്ദനുമായ, കോട്ടപ്പാറ മാത്തു എനിക്കു നൽകിയിട്ടുള്ള ഉപദേശം.
എന്നാൽ തിര വരുമ്പോൾ ഒന്നു മുങ്ങി നോക്കിയാൽ എന്താ കുഴപ്പം? ഇതാണെന്റെ സംശയം.
സംശയം വന്നാൽ ദൂരീകരിക്കുക തന്നെ!
അടുത്തതായി വന്ന വലിയ തിരയുടെ മുന്നിൽ ഞാനൊന്നു കുനിഞ്ഞു കൊടുത്തു!

പിന്നെയുള്ള എന്റെ ഓർമ്മ തിരയുടെ ഉള്ളിൽ കിടന്നു കറങ്ങുന്നതാണ്‌.
കടലിലേക്കാണോ അതോ കരയിലേക്കാണോ എന്നൊരു പിടിയുമില്ല.
ആകെ ഭയന്നു പോയെങ്കിലും ഉപ്പുവെള്ളം കുടിക്കുന്നതിൽ ഞാനൊരു പിശുക്കും കാണിച്ചില്ല കേട്ടോ.

ഏതായാലും, കടലമ്മ ഭദ്രമായി എന്നെ കരയിൽ കൊണ്ടിരുത്തി. എന്താ പറ്റിയത്‌ എന്ന് വ്യക്തമായി വരുമ്പോഴേക്കും, കടപ്പുറത്തൊരു ആരവം കേട്ടു.

ചിരിച്ചു ബോധം കെടാതിരുന്ന ഒരാൾ തോളത്തു കിടന്ന തോർത്തെടുത്ത്‌ എന്റെ നേർക്കെറിഞ്ഞു.

പിന്നീടാണറിഞ്ഞത്‌, എന്റെ അന്നേരത്തെ അവസ്ഥയിൽ നിന്ന് ആവേശമുൾക്കൊണ്ടാണത്രേ, ശ്രീ കാനായി കുഞ്ഞിരാമൻ, മലമ്പുഴയിലെ യക്ഷിയെ സൃഷ്ടിക്കാനുള്ള ശ്രമം തുടങ്ങിയത്‌.

7 comments:

വരവൂരാൻ said...

മലമ്പുഴയിലെ യക്ഷി ...
ആണോ... പെണോ

പാര്‍ത്ഥന്‍ said...

തിരയുടെ ഉള്ളിൽ ഇതുപോലെ ഒരിക്കൽ പത്താം ക്ലാസ്സിൽ നിന്നും പിക്നിക് പോയപ്പോൾ കോവളത്തുവെച്ച് ഞാനും അനുഭവിച്ചിട്ടുണ്ട്. പക്ഷെ VIP കൂട്ടിനുണ്ടായിരുന്നു.

Roy said...

വരവൂരാനെ,
യക്ഷി പെണ്ണന്നെ! എന്റെ ഇരിപ്പും ഓൾടെ ഇരിപ്പും ഒന്നു 'ഗമ്പയർ' ചെയ്തതല്ലെ! നിക്കു വയ്യ..
ആരാ പാർത്ഥ ഈ വി ഐ പി?
രണ്ടാൾക്കും ടാങ്ങ്‌സ്‌!!

ശ്രീ said...

ഹ ഹ്അ. ചിരിപ്പിച്ചു മാഷേ.
:)

രഘുനാഥന്‍ said...

ഹ ഹ ഹ .. പഥികാ 'കുളിച്ചില്ലെങ്കിലും കോണകം ഷുഡ് ബി ഓണ്‍ ദ പെരപ്പുറം 'എന്ന് കേട്ടിട്ടില്ല? എന്‍ സി സി യുടെ കാക്കി നിക്കര്‍ എവിടെ കളഞ്ഞു? അറ്റ്‌ ലീസ്റ്റ് ഒരു കോണകം ഉടുക്കാമായിരുന്നില്ലേ?

പാര്‍ത്ഥന്‍ said...

എന്താ സുഹൃത്തെ,
VIP ഇപ്പോ‍ൾ കിട്ടാനില്ലേ. അക്കാലത്ത് അതായിരുന്നു സൂപ്പർ. അതില്ലായിരുന്നെങ്കിൽ ശുഷ്ക്കാന്തി (ജി.മനുവിന് കടപ്പാട്) മറയ്ക്കാൻ നാട്ടുകാരുടെ തോർത്തു വേണ്ടി വരുമായിരുന്നു. ഇനിയും മനസ്സിലായില്ലേ, മുന്നിലേയ്ക്കു നോക്കിയാൽ ചായപ്പീടികയിലെ ചായ അരിപ്പ പോലെ (കടപ്പാട്- വിശാലമനസ്കൻ) ഉണ്ടാകും. ഇനിയും മനസ്സിലായില്ലെ.

Roy said...

എന്റെ പാർത്ഥാ,
നമ്മളു കണ്ടിട്ടും കൂടിയില്ലാത്ത സാധനങ്ങളേപ്പറ്റി പറഞ്ഞാൽ എങ്ങനെയറിയാനാ ഇഷ്ടാ! ആളുകളൊക്കെ ഇങ്ങനെയേതാണ്ട്‌ വസ്തു ഉപയോഗിക്കാറുണ്ട്‌ എന്നറിഞ്ഞതു തന്നെ ഇപ്പഴാ! ഡബിൾ ഡാങ്ങ്സേ!
നന്ദി ശ്രീ!
രഘു മാഷെ, അതു ഞാൻ ചെയ്യാറുണ്ട്‌. കുളി കഴിയുമ്പോൾ, സഹമുറിയന്റെ കോണകം എടുത്ത്‌ പുറപ്പുറത്തിടും. (നമ്മക്കു ഡിഗ്നിറ്റി നോക്കണ്ടെ!) നന്ദി!