Tuesday, March 24, 2009
കോട്ടപ്പാറയുടെ ഇതിഹാസം - 2
പത്രുവെന്ന ഒറ്റയാനു ചേർന്ന പിടിയാന.
അവൾ കൂടെ വന്നതോടെ, പത്രുവിന്റെ ജീവിതത്തിൽ പുതിയ വർണ്ണങ്ങൾ വിടർന്നു.
പുതിയ ദിശാബോധവും കാഴ്ചപ്പാടുകളുമുണ്ടായി. കടമകളും, ഉത്തരവാദിത്തങ്ങളുമുണ്ടായി.
പത്രുവിന്റെ ജീവിതം ഏറിയ പങ്കും,വനത്തിലും, ദിവസേന വെട്ടിയും ചുട്ടുമൊരുക്കുന്ന ഭൂമിയിലുമായി. താമസം വനത്തിനു നടുവിലെ തടിയൻ 'ഇരൂൾ' മരത്തിൽ പണിതുണ്ടാക്കിയ ഏറുമാടത്തിൽ!
അവരുടെ മധുവിധു സ്വപ്നങ്ങൾ പൂത്തുലഞ്ഞത്, അങ്ങനെ മണ്ണിനും വിണ്ണിനുമിടയിലെ അതുല്യമായൊരു മേഖലയിലായിരുന്നു!
നാട്ടുവെട്ടം തെളിഞ്ഞാൽ അന്നക്കുട്ടി കൊടുക്കുന്ന ഒരു കോപ്പച്ചട്ടി ചക്കരക്കാപ്പിയും കുടിച്ച് പത്രു ഏറുമാടത്തിൽനിന്നും ഇറങ്ങിക്കഴിഞ്ഞാൽ, അയാൾ മണ്ണിൽ നിന്നും തല ഉയർത്തുക, നിഴൽപ്പാതിയിൽ, അന്നക്കുട്ടി ഒരു കലം പുഴുക്കും, കനലിൽ ചുട്ട്, കാന്താരിയും, വെളിച്ചെണ്ണയും ചേർത്തിടിച്ച ഉണക്ക മീനുമായി വരുമ്പോഴാണ്.
രണ്ടുപേരും കൂടി ഒരു തേക്കിലയിൽ വിളമ്പിയ കപ്പയും മീനും തിന്നു കഴിഞ്ഞാൽ പിന്നത്തെ അധ്വാനമൊന്നിച്ചാണ്.
ഉച്ചപ്പാതിയായാൽ, പണി നിർത്തി ഏറുമാടത്തിലേക്ക് മടക്കം. രാവിലെ അന്നയുണ്ടാക്കി വച്ചിട്ടു പോയ ഗോതമ്പ് കഞ്ഞി ഈരണ്ട് കവടിപ്പിഞ്ഞാണത്തിൽ നിറയെ കഴിച്ചുകഴിഞ്ഞാൽ പിന്നെ അവരുടെ മുന്നിൽ, അവരുടെ മാത്രം സ്വർഗ്ഗം തുറക്കുകയായി!
ഒടുവിൽ മലങ്കാറ്റിന്റെ നനുത്ത സ്പർശം, അവരുടെ നഗ്ന മേനികളെ ഉണക്കിയെടുക്കുമ്പോഴേക്കും, പത്രുവിന്റെ മാറിൽ തലയണച്ച്, അവന്റെ തുടകൾക്കുമേലെ തുട ചേർത്ത് വച്ച് അവളും, അവളെ കൈയ്യിൽ അണച്ചുചേർത്ത് അവനും ഉറക്കത്തിലാണ്ടിരിക്കും.
ഞായറാഴ്ച, അതി പുലർച്ചെ, രണ്ടു പേരും, പുരയിടത്തിൽ നിന്നു കിട്ടിയ കപ്പയോ കാച്ചിലോ മറ്റു നടുതലകളോ, പിന്നെ അന്നു പുലർച്ചെ പടക്കം കടിച്ചു ചത്ത വല്ല മൃഗങ്ങളുടെയും ഇറച്ചിയോ അല്ലെങ്കിൽ ഉണങ്ങിയതോ ഒക്കെയായി കോട്ടപ്പാറ അങ്ങാടിയിലെത്തും. ഞായറാഴ്ച ഇവരുടെ വരവിനായി കാത്തിരിക്കുന്നവർ ചുറ്റും കൂടി ദാന്നു പറഞ്ഞ നേരം കൊണ്ട് വ്യാപാരം തീർക്കും. ഓല മേഞ്ഞുണ്ടാക്കിയ ചെറിയ പള്ളിയിൽ കയറി ഇത്തിരി നേരമിരിക്കും. (അക്കാലത്ത് അവിടെ അച്ചനില്ല, ഒരു ഷെഡ്ഡും അതിലൊരു രൂപവും അതാണ് പള്ളി).
പിന്നെ വിശദമായ ഒരു ഷോപ്പിംഗ്, അടുത്ത ആഴ്ചയിലേക്കുള്ള പൊരുളുകൾ. ഒടുവിൽ വളവിലെ കള്ളുഷാപ്പിനു പുറത്ത് അന്നക്കുട്ടിയെ കാവലാക്കി പത്രു രണ്ടു ചെറുകുടം കള്ളകത്താക്കും. അന്നക്കുട്ടിക്ക് പാളയിൽ ഒരു കുടം കള്ളുമായി പുറത്തിറങ്ങും. ഉൾക്കാട്ടിലേക്കു കടക്കുന്നതിനു മുൻപുള്ള മൊട്ടക്കുന്നിലിരുന്ന് അന്നക്കുട്ടി ആ കള്ള് ഒരു കള്ളച്ചിരിയോടെ വലിച്ചുകുടിക്കുന്നത് പത്രു നോക്കിയിരിക്കും.
പിന്നെ വച്ചു പിടിച്ചൊരു നടപ്പാണ്. ചെറിയ കൈത്തോടുകൾ ഇറങ്ങിക്കയറി, ചാലു മാത്രമായ വഴികളിലൂടെ, കലപില ചിലക്കുന്ന പക്ഷിക്കൂട്ടങ്ങളെ കടന്ന്, മരച്ചില്ലകളിൽ ഊഞ്ഞാലാടിക്കളിക്കുന്ന, കുരങ്ങുകളെ കടന്ന്, കാലിൽ കടിച്ചു തൂങ്ങുന്ന അട്ടകളെ പുകയിലച്ചാറു പുരട്ടി നുള്ളിയെറിഞ്ഞുകൊണ്ട്, ചിലപ്പോൾ ആനക്കൂട്ടങ്ങളെ കണ്ട് വഴി മാറിയോ, ഓടിയകന്നോ- അങ്ങനെയങ്ങനെ വീണ്ടും തങ്ങളുടെ ഏറുമാടത്തിന്റെ സുരക്ഷിതത്വത്തിലേക്കും, കാടിന്റെ വിശാലതയിലേക്കും ആഴ്‌ന്നിറങ്ങുന്നു.
(ഇനിയും തുടർന്നേക്കാം........)
Sunday, February 22, 2009
കോട്ടപ്പാറയുടെ ഇതിഹാസം!
കോട്ടപ്പാറയെന്ന ഒരു പ്രദേശത്തിന്റെ ഇതിഹാസം!
ജീവിച്ചിരിക്കുന്ന പലരുമായും സാമ്യം കണ്ടാൽ വെറും യാദൃശ്ചികം!
സമയം കിട്ടുമ്പോഴൊക്കെ തുടരും!)
കോട്ടപ്പാറ മാത്തുവിന്റെ വല്ല്യപ്പൂപ്പൻ
പത്രു എന്ന പത്രോസ്, കഠിനാധ്വാനിയായിരുന്നു.
മീനച്ചിൽ താലൂക്കിലെ ഏതോ ഗ്രാമത്തിൽ നിന്നും കോട്ടപ്പാറ ചരുവിലേയ്ക്ക് കുടിയേറിയതാണ് കുറേ കൊല്ലങ്ങൾക്ക് മുൻപ്.
അന്ന് കോട്ടപ്പാറയിലേക്ക് കുടിയേറ്റം ആരഭിച്ചിട്ടേ ഉള്ളു.
ഇട തൂർന്ന വനം, നിറയെ അട്ടയും ആനയും.
മന:സ്തൈര്യം ഒന്നു കൊണ്ടു മാത്രം പിടിച്ചു നിൽക്കാൻ പറ്റുന്ന സാഹചര്യങ്ങൾ.
പത്രു കോട്ടപ്പാറയിൽ എത്തുമ്പോൾ ഒറ്റാംതടി. ഭൂതവും ഭാവിയുമില്ലാത്ത ജീവിതം.
ആരോടും പ്രത്യേകിച്ച് ഇഷ്ടമോ അനിഷ്ടമോ ഇല്ലാത്ത ഇത്തിരി മുരട്ട് സ്വഭാവം.
ആരു കൊടുക്കുന്ന എന്തു കടുപ്പ വേലയും മടുപ്പില്ലാതെ ചെയ്യും. കൊടുക്കുന്ന കൂലി വാങ്ങും കൂടിയാലും കുറഞ്ഞാലും പരാതിയില്ല. കൊടുത്തത് കുറഞ്ഞു പോയി എന്നു മനസ്സിലാവുന്നത് പിന്നീട് ജോലിക്കു വിളിച്ചാൽ വരാതാവുമ്പോൾ മാത്രം.
ഇങ്ങനെ കഴിയുന്നതിനിടയിലും പത്രു ഒരു കാര്യം മറന്നില്ല. പകൽ മുഴുവൻ മറ്റ് കുടിയേറ്റക്കാർക്കായി അധ്വാനിച്ച്, രാത്രിയിൽ, ആരും കടന്നുചെല്ലാൻ മടിക്കുന്ന നിബിഡ വനമേഖലയിൽ സ്വന്തമായി കുറേ ഭൂമി വളച്ചെടുത്ത് നല്ല നിലാവത്ത് കുറച്ചു കുറച്ചായി വെട്ടിത്തെളിച്ചുകൊണ്ടിരുന്നു. പകലധ്വാനത്തിൽ നിന്നും കിട്ടുന്ന പണം ഉപയോഗിച്ച് ചുറ്റും കമ്പി വേലിയും പടക്ക കെണികളും സ്ഥാപിച്ച് കൃഷിയിറക്കാനും തുടങ്ങി.
തിരുവിതാങ്കൂറുകാർ അച്ചായന്മാർക്ക് ഞായറാഴ്ച കുർബ്ബാന കണ്ടില്ലെങ്കിലും ഇറച്ചിയില്ലാത്ത ഊണ് അചിന്ത്യം. അതിനും പരിഹാരമായി പത്രുവിന്റെ പടക്ക കെണികൾ.
കോട്ടപ്പാറയിലെ പ്രമാണി അവറാനാണ്. ആദ്യകാലത്തു തന്നെ കുറേയേറെ പണവുമായി എത്തി നല്ലൊരു പ്രദേശം കയ്യടക്കി, കാശുമുടക്കി കൃഷിയിറക്കി, നല്ലനിലയിലായതാണ് അവറാൻ. എട്ടാണ്മക്കളിൽ ഇളയവനൊഴികെ എല്ലാരും കൃഷിയും, കച്ചവടവും, ഒക്കെയായി നല്ലനിലയിൽ.
ഇളയവൻ ആന്റുവാകട്ടെ അപ്പൻ പ്രമാണിയായതിനാൽ ഏതു ചെറ്റയും പൊക്കാം, ഏതു ഷാപ്പിലും കടം കുടിക്കാം എന്ന ലൈനിലാണ്.
കോട്ടപ്പാറയിൽ അടി എവിടെയുണ്ടോ അവിടെ ഓടിക്കൊണ്ട് പോയി മുഖം കാണിക്കുന്ന ശീലം.
വേറെ ഏഴെണ്ണം കൂടെ വീട്ടിലുള്ളതിനാൽ പക്ഷെ ആരും മന:പൂർവ്വം അവനെ തല്ലാറില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി, ആന്റു കണ്ടൻ പുലയന്റെ കൂരയിൽ ചുമ്മാ ഒരു സന്ദർശനത്തിനു പോയി.
കണ്ടന്റെ മോള് കറുമ്പിയാണെങ്കിലും അവളുടെ ഫിഗറിൽ കൊതി തോന്നി കയറിപ്പോയതാണ്.
പക്ഷെ അവളു അരിവാളെടുത്ത് ഉറഞ്ഞു തുള്ളിയപ്പോൾ ഉള്ളിലുള്ള കള്ളിന്റെ സർവ്വ കെട്ടും വിട്ട് ഇറങ്ങിയോടിയ വഴിയിൽ കണ്ടനും കൂട്ടരും ചേർന്ന് നന്നായി സൽക്കരിക്കുകയും ചെയ്തു.
പിറ്റേന്ന് പത്രു, കവലയിലേക്കു വരുമ്പോൾ കാണുന്ന കാഴ്ച, കണ്ടൻ പുലയനെയും മകനെയും, അവറാന്റെ എട്ടു മക്കളും ചേർന്ന് അടിച്ചൊതുക്കുന്നതാണ്.
അങ്ങനെയാരോടും ഒരു കരുണയൊന്നും കാട്ടിയിട്ടില്ലാത്ത പത്രു ചുമ്മാ ഒന്നിടപെട്ടു.
ഇടപാട് കഴിഞ്ഞ് ചിന്നഭിന്നമായിപ്പോയ കൈലിയും, നാണം മറയ്ക്കാൻ കഷ്ടിച്ചു ബാക്കിയുള്ള വരയൻ നിക്കറുമായി, കവലയിൽ നിന്നു പോരുമ്പോൾ, അവറാന്റെ എട്ടു മക്കളും, പോകല്ലെ എന്നു പറയാൻ പോലും ആവതില്ലാതെ പൂഴിമണ്ണിൽ കിടപ്പുണ്ടായിരുന്നു.
അങ്ങനെ പത്രു കോട്ടപ്പാറയുടെ ആദ്യത്തെ ഹീറോ ആയി.
അവറാനും കൂട്ടരും പടിച്ച പണിയെല്ലാം നോക്കിയിട്ടും പത്രുവിനെ ഒതുക്കാൻ പറ്റിയില്ല.
അവർ പത്രുവിന്റെ കുറെ നടുതല നശിപ്പിച്ചു, പിറ്റേന്ന് അവറാന്റെ മൂന്നേക്കറിലെ കുരുമുളക് ചെടികൾകത്തിച്ചാമ്പലായി.
അവറാൻ പത്രുവിന്റെ ഏറുമാടം കത്തിച്ചു. അവറാനു നഷ്ടമായത്, വലിയ തൊഴുത്തും, നാലു പശുക്കളും, കളപ്പുരയിലെ നെല്ലും, രണ്ടു വയ്ക്കോൽ തുറുവും.
ഇതിനെല്ലാം പത്രുവിന് കണ്ടൻ പുലയന്റേയും കൂട്ടരുടെയും പിൻബലമുണ്ടായിരുന്നു.
ഒടുവിൽ വശം കെട്ട അവറാൻ, പത്രുവിന് 'പുലയൻ പത്രു' എന്നൊരു പേരു സമ്മാനിച്ച് പത്തി മടക്കി. എന്നാൽ പിന്നെ അങ്ങനെ തന്നെ എന്നു കരുതിയ പത്രു കണ്ടന്റെ മകളെ പെണ്ണു ചോദിച്ചു.
അങ്ങനെ ചിരുത, ഒരു പള്ളിയിലും പോകാതെ, പത്രുവിന്റെ മാത്രം കാർമികത്വത്തിൽ, അന്നക്കുട്ടിയെന്ന് പേരുമാറ്റുകയും, പത്രു കൊടുത്ത കാൽപവൻ താലി, നൂലിൽ കോർത്ത് കഴുത്തിലിട്ട് അവനു ചേർന്ന ഭാര്യയാവുകയും ചെയ്തു.
(ആദ്യം തന്നെ പറഞ്ഞതു പോലെ ഇടയ്ക്കിടെ തുടരും......)
Thursday, January 29, 2009
ഞാനെന്റെ പേരു മാറ്റിയല്ലോ!
എങ്കിലും മറ്റു വായനക്കാർക്ക് 'കൺഫൂഷ്യം' വരാതെയിരിക്കാനായി ഞാനെന്റെ തലക്കുറി മാറ്റുന്നു. ഞാനെന്റെ 'ൻ' മുറിച്ചു കളഞ്ഞു വെറും 'പഥിക്' ആയി മാറിയ വിവരം എന്റെ ലക്ഷക്കണക്കായ (വിരലിൽ എണ്ണാവുന്നത്ര)വായനക്കാരെ ഇതിനാൽ തെര്യപ്പെടുത്തി ക്കൊള്ളുന്നു.
(ഇനി പഥിക് എന്നൊരു പേരു മുൻപാരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കിൽ ഇനിയും ശകലം കൂടി മുറിച്ചുകളയാൻ എനിക്കു മടിയില്ല.
ഇതു സത്യം! സത്യം!! സത്യം!!!
പാവം (പഴയ) പഥികൻ.
Saturday, November 29, 2008
കള്ളും കോഴിക്കാലും!
കാരണം, കുന്നേൽ ഷാപ്പിന്റെ പ്രൊപ്രൈറ്റർ കം കസ്റ്റമർ നം: 1 ആയ കോട്ടപ്പാറ മാത്തു പോലും, രാവിലെ പറശ്‌ശിനിക്കടവ് മുത്തപ്പന്റെ 'പോട്ട'ത്തിനു മുമ്പിൽ വയ്ക്കുന്ന കള്ളു ഗ്ലാസ്സ്, രാത്രിയിൽ ഷാപ്പടയ്ക്കുന്നതിനു മുൻപായി ഒറ്റവലിക്കു കുടിച്ചു കഴിഞ്ഞാൽ പിന്നെ, ഇതിലും വലിയ കവിതകൾ പാടാറുണ്ട്.
മാത്തുവിന്റെ കവിതകളും ഗദ്യങ്ങളും, വഴിയെ പോകുന്ന ആരെങ്കിലും, കാലു മടക്കി അടി നാഭി നോക്കി ഒന്നു കൊടുക്കുന്നതോടെ, വഴിയരികിൽ ചുരുണ്ടു കൂടി അവസാനിക്കാറാണ് പതിവ്.
എന്നാൽ മാത്തുവിന്റെ, ആത്മ മിത്രവും, ഷാപ്പിലെ പ്രധാന പറ്റുപടിക്കാരനുമായ, മേൽക്കുണ്ടൻ കാളി കവിതയും പാട്ടും നിർത്തണമെങ്കിൽ, വീട്ടിലെത്തി ഭാര്യ ഭവാനി അളന്നു തൂക്കി നൽകുന്ന നാലു പെട ചെള്ളയിൽ കിട്ടണം.
കാളിദാസനെന്ന കാളിക്കു മേൽക്കുണ്ടൻ എന്ന ഓമനപ്പേരു വീഴാൻ കാരണം, മൂപ്പരുടെ പിന്നാമ്പുറം, സധാരണക്കാരുടേതിൽനിന്നും ഉദ്ദേശ്യം 150% അധികം തള്ളി നിൽപ്പുണ്ട് എന്ന ചെറിയ കാരണത്താലാണ്.(13 ചീട്ട് ഒന്നിച്ച് കൈയ്യിൽ പിടിക്കാൻ പ്രാപ്തിയുണ്ടായ അന്നു മുതൽ കാളിയുടെ പ്രധാന ജോലി റമ്മി കളിയാണ്. ഇരുന്നിരുന്ന് ചന്തി തള്ളി പ്പോയതാണെന്ന് വിദഗ്ദാഭിപ്രായം)
എന്തെങ്കിലുമാകട്ടെ, കുന്നേൽ ഷാപ്പിലേ കള്ളിന്റെ അപാര കഴിവുകളെ ഒന്നു പുറം ലോകം അറിയിക്കുക എന്നതാണെന്റെ ലക്ഷ്യം. 'അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം' എന്ന മിനിമം ഉദ്ദേശ്യമേ ഇതിനുള്ളു.
കുന്നേൽ ഷാപ്പിന്റെ വൈവിധ്യപൂർണമായ പാനീയങ്ങളും, അനുബന്ധ അനുസാരികളുടെ നീണ്ട നിരയും (വിവരിച്ച് നിങ്ങളുടെ ആകാംഷയിൽ ഞാൻ മണ്ണു വാരിയിടുന്നില്ല-വരുവിൻ ആസ്വദിപ്പിൻ)ചേർന്ന്, ഇവിടം കുടിയന്മാരുടെ പറുദീസയാക്കി മാറ്റുന്നു.
ഇതൊരു വാണിജ്യ വ്യവസായ സ്ഥാപനമാണ്, ഇവിടെയുള്ളതൊക്കെ വിൽക്കാനുള്ളതാണ്, ആയതിനാൽ പുറമേ നിന്നുള്ള ഒരു വക വസ്തുക്കളും ഇവിടെ പ്രവേശിപ്പിക്കാനോ ഇതിനുള്ളിലിരുന്ന് ആസ്വദിക്കാനോ പാടില്ല എന്ന സങ്കുചിത ചിന്തകളൊന്നും കുന്നേൽ ഷാപ്പിന്റെ ആളിന്നോളായ, മാത്തുവിനില്ല. എന്നാൽ ഒരു കാര്യം നിർബന്ധമാണു താനും. ഇങ്ങനെയുള്ള എക്സ്റ്റ്രാ ഷാപ്പിയറി ആക്റ്റിവിറ്റീസിൽ മാത്തുവിനും ആദരണീയമായ സ്ഥാനമുണ്ടാകണം!അത്ര തന്നെ.
കോട്ടപ്പാറയുടെ ആസ്ഥാന മത്സ്യ മുതലാളിയായ പളുങ്ക് വർക്കി (രണ്ടു വണ്ടിയും ഒരു പമ്പും സ്വന്തമായുള്ള ബൂർഷ്വ! ഒരു വണ്ടിയിൽ സ്വന്തമായും രണ്ടാമത്തേതിൽ മൂത്ത മകനും മത്സ്യ വ്യവസായം നടത്തുന്നു. പഴയ പമ്പ് തകരാറായതിനാൽ പുതിയത് വാങ്ങി വീട്ടിൽ വച്ചിരിക്കുന്നു. എത്ര ദിവസം പഴകിയ മീനും പളുങ്കാണ് പളുങ്ക് എന്നു പറഞ്ഞു വിൽക്കുന്ന വീരൻ) ബിവറേജസിൽ നിന്നു വാങ്ങി വരുന്ന കൂമ്പു കലക്കി റമ്മും, ബാറ്ററി വാസു സ്വകാര്യാവശ്യത്തിനായി വാറ്റുന്ന സ്പെഷ്യൽ അമൃതുമൊക്കെ, മാത്തുവിന്റെ മുഖ്യ കാർമ്മികത്വത്തിൽ ഇവിടെ നിവേദിക്കപ്പെടാറുണ്ട്.
ഇങ്ങനെയുള്ള വിശിഷ്ടാവസരങ്ങളിൽ കോഴി, പന്നി തുടങ്ങിയവ ഉലർത്തിയത്, വറുത്തത് തുടങ്ങിയ അവശ്യ വസ്തുക്കളും കൂട്ടിനുണ്ടാകും. (പോത്ത്, പോട്ടി മീൻ പീര എന്നീ ചീളു സാധനങ്ങൾ ഷാപ്പിൽ ഡെയ്‌ലി ഉള്ളതാണല്ലോ!)
രണ്ടെണ്ണം അകത്തു ചെന്നാൽ പിന്നെ കാളിയുടെ കൈ ഇറച്ചിപ്പാത്രത്തിൽനിന്ന് മാറുകയേയില്ല എന്ന കാര്യം അറിയാവുന്നതിനാൽ, കാളിയെ എപ്പോഴും ഇറച്ചിപ്പാത്രത്തിൽ കൈയ്യെത്താത്ത ദൂരത്തിലെ ഇരുത്താറുള്ളൂ. കാളിക്കതിൽ പരാതിയുമില്ല, കാരണം പോത്തിറച്ചി കണക്കില്ലാതെ തിന്നിട്ടാണ് തന്റെ ബാക്ക് ഇത്തിരി അഡീഷണലായിപ്പോയത് എന്ന പരാതി കാളിക്കു തന്നെ തോന്നിയിട്ടുള്ളതാണ്.
ഏതായാലും അന്ന് ബാറ്ററിയുടെ ഇളയ മോള് പത്താം ക്ലാസ്സിൽ നാലാമത്തെ പ്രാവശ്യവും തോറ്റതിന്റെ ദു:ഖം തീർക്കാനായി, വാസുവിന്റെ പ്രത്യേക ആവശ്യ പ്രകാരം ചേർന്ന അനുശോചന യോഗം കുന്നേൽ ഷാപ്പിലാരംഭിച്ചു. (തന്തയ്ക്കു പിറക്കാത്തവള്! ഒരിക്കൽ കൂടി ഇത്തരമൊരു യോഗത്തിന് ചാൻസ് കൊടുത്തതേയില്ല! റിസൽട്ട് വന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ, ടൗണിലെ ബ്രദേഴ്സ് കോളേജിനടുത്ത് സ്ഥിരം വായിൽ നോക്കിയിരുന്ന, ലോട്ടറി മമ്മദിന്റെയൊപ്പം പൊയ്ക്കളഞ്ഞു!)
ഏതായാലും, അന്നത്തെ സ്പെഷ്യൽ വറുത്ത കോഴി.
തമിഴ് നാട്ടിൽ കോഴികളെല്ലാം വസന്ത പിടിച്ചു ചാകാൻ തുടങ്ങിയപ്പോൾ, ചെറുതും വലുതുമായി എല്ലാറ്റിനേയും പിടിച്ചു കേരളാവിലേക്ക് ചുളു വിലയ്ക്ക് അയയ്ക്കുന്ന കാലമായിരുന്നതിനാൽ കോഴി വറുത്തത് ധാരാളം. അതുകൊണ്ടു തന്നെ, കാളിയെ സാധാരണയിലും ഇത്തിരി കൂടി ദൂരത്തിലേ ഇരുത്തിയുള്ളു.
ആഘോഷം കൊഴുത്തു, സിനിമാപ്പാട്ട്, സർവ്വ മത ഭക്തിപ്പാട്ട്, പുത്തൻ ബ്രാന്റ് മാപ്പിളപ്പാട്ട് തുടങ്ങിയയവ എല്ലാം കടന്ന് ഭരണിപ്പാട്ടിന്റെ സംഗതികൾ ഒന്നും നഷ്ടപ്പെടുത്താതെ പാടി വരുമ്പോഴേക്കും, സ്റ്റോക്ക് മിക്കവാറും തീർന്നു, കള്ളിന്റേയും, കോഴിയുടേയും!
ഇത്രയായിട്ടും, മേൽക്കുണ്ടൻ കാളി മാത്രം, എന്തോ നഷ്ടപ്പെട്ടവനേപ്പോലെ വിഷമിച്ചിരിക്കുന്നു! സഹകുടിയന്മാർക്ക് സഹിക്കുന്ന കാര്യമല്ലല്ലോ! അവരു മാറി മാറി ചോദിച്ചു.
ഒടുവിൽ കാളി വേദനയോടെ കാര്യം പറഞ്ഞു. ഇത്തവണ കോഴി വാങ്ങാൻ പോയതും, അതിനെ ഭക്ഷണയോഗ്യമാക്കി മുമ്പിലെത്തിച്ചതും, കാളിയുടെ മേൽനോട്ടത്തിലായിരുന്നു. അതു കൊണ്ടു തന്നെ ഇങ്ങനെയൊരു ചതി പറ്റിയതിൽ, കാളി എല്ലാവരുടെയും കാലിൽ മാറി മാറി വീണു മാപ്പു പറഞ്ഞു!
എന്നിട്ടും ആർക്കും ഒന്നും മനസ്സിലായില്ല. ഒരു ദീഘനിശ്വാസത്തോടെ കാളി പറഞ്ഞു,
"ഈ കോഴിയിൽ എല്ലു മാത്രമല്ലേയുള്ളു, കോഴിക്കാരൻ ലോന നമ്മളെ പറ്റിച്ചു കളഞ്ഞില്ലേ?"
"ഇവനിതെന്താ പറ്റിയെ? ഇത്രയും ഇറച്ചിയുള്ള കോഴി അടുത്ത കാലത്തൊന്നും നമുക്കു കിട്ടിയിട്ടില്ലല്ലോ! നിനക്കു മാത്രമെന്താ ഇങ്ങനെ തോന്നിയത്?"
എനിക്കും ആദ്യം ഒന്നു രണ്ടു കഷണം നല്ലതു കിട്ടി. പിന്നെയെല്ലാം എല്ലു മാത്രം.
നീയിതെവിടുന്നാടാ കഴിച്ചത്?
ദേ ഈ പാത്രത്തീന്ന്.
"ആ പാത്രം എല്ലാവരും കോഴി കഴിച്ചതിനു ശേഷം എല്ലിട്ടു വച്ചിരുന്ന പാത്രമായിരുന്നു"
Tuesday, November 25, 2008
ശംഖുമുഖത്തെ കുളിസീൻ
എൻ. സി. സി യെന്ന കുട്ടിപ്പട്ടാളം ലാടം തറച്ച ബൂട്ടുമിട്ട്, കോളേജുകളുടെ വരാന്തകളും, കളിസ്ഥലവുമെല്ലാം മുഖരിതമാക്കിയിരുന്ന കാലം.
പൊക്കം ഇത്തിരി കുറവായിരുന്നാലും, പകരത്തിനും കൂടി തടി ഉണ്ടായിരുന്നതിനാൽ, പട്ടാളത്തിൽ ഒരു ബ്രിഗേഡിയറൊ (മലയാറ്റൂരിന്റെ ബ്രിഗേഡിയർ എന്നെ സ്വാധീനിച്ചിട്ടേയില്ലാട്ടോ!) ഇല്ലെങ്കിൽ കേരള പോലീസിൽ ഒരു ഡി. ജി. പി യൊ ആകാനുള്ള തയ്യാറെടുപ്പിലായിരുന്നതിനാൽ, എൻ. സി. സി എന്റെ ദൗർബ്ബല്യമായി മാറിയിരുന്നു.
(പരേഡുള്ള ദിവസങ്ങളിൽ കിട്ടുന്ന മുട്ടയും ഏത്തപ്പഴവും.....യേയ് ആർക്ക് വേണം! ചുമ്മാ ആത്മാർഥതയെ ചോദ്യം ചെയ്യല്ലെ!)
പിന്നെ ഇടക്കിടയ്ക്ക്, അവിടെയും ഇവിടെയുമൊക്കെ, ക്യാമ്പുകളുണ്ടാവും. ഓസിനുള്ള യാത്രകളും, ആഴ്ചകളോളം ക്ലാസ്സിൽ കയറണ്ട എന്ന മഹത്തായ ബോണസ്സും, എല്ലാം ചേർന്ന് ഞാനൊരു നല്ല കേഡറ്റായി മാറി.
ആഗസ്റ്റ് 15-ാം തിയതിയും, ജാനുവരി 26-ാം തിയതിയുമൊക്കെ ജില്ലാ കേന്ദ്രത്തിൽ പരേഡുണ്ടാകും (എന്തിനാന്നാർക്കറിയാം!)
അങ്ങനെയിരിക്കെ, തിരുവനന്തപുരത്തെ, നെയ്യാർ ഡാമിൽ വച്ച് ഒരു ക്യാമ്പു നടന്നു. ആത്മാർഥതയ്ക്കു കയ്യും കാലും മുളച്ചു ഭൂമിയിൽ അവതരിച്ച ഞാൻ പോകാതിരിക്കാനോ? നോ ചാൻസ്!
ഡെയ്‌ലി കവാത്ത്, വെടി പരിശീലനം, ഓട്ടം, ചാട്ടം തീറ്റ, വൈകുന്നേരങ്ങളിൽ സമീപത്തെ പാർക്കിൽ വായിൽ നോട്ടം, ഇത്യാദി രാജ്യസേവന പരിപാടികളുമായി ഇരിക്കവെ, ക്യാമ്പ് മാനേജർ സർദാർജിക്കു കരുണ തോന്നി ഒരു ഉച്ചനേരം എല്ലാവരെയും പിക്‌നിക്കിനു കൊണ്ടുപോകാൻ തീരുമാനിച്ചു. (പഞ്ചാബിൽ നിന്നു വന്ന മൂപ്പർ കടലു കണ്ടിട്ടില്ലാത്തതിനാലാവണം, അതോ കോവളത്ത് ചെന്നാൽ വെയിലത്ത് തുറന്നു വെച്ചിരിക്കുന്ന മാംസം കാണാനുള്ള മോഹം കൊണ്ടാണോ എന്തോ) കണ്ടം ചെയ്യാറായ പട്ടാള വണ്ടിയിൽ ഞങ്ങളെ കോവളത്തെത്തിച്ചു.
ക്യാമ്പിൽ നിന്നിറങ്ങുന്നതിനു മുൻപ്, കടലിൽ കുളിക്കാമെന്ന് പറഞ്ഞ കേമന്മാരൊക്കെ, കടലു കണ്ടതേ പിന്മാറി.
ഒടുവിൽ ഞാനും ദാസും മാത്രം.
ഉച്ചയുറക്കത്തിലായിരുന്നതിനാലാവണം, കടലിൽ തിരകൾക്കൊരു ക്ഷീണഭാവമായിരുന്നതിനാൽ അധികം കുളിക്കാതെ കയറിപ്പോന്നു.
അടുത്ത സ്ഥലം ശംഖുമുഖം!
ഇവിടെ തിരകൾ കുറച്ച് ഉഷാറിലായിരുന്നു. ഞാനും ദാസും വീണ്ടും റെഡി.
(ഇനിയൊരു രഹസ്യം പറഞ്ഞോട്ടെ, നാട്ടിൻപുറത്ത് കൈത്തോട്ടിലും, കുളക്കരയിലും വെറും തോർത്തുടുത്തു കുളിക്കുന്ന സ്വഭാവം വച്ച് ഞങ്ങൾ രണ്ടാളും ഓരോ തോർത്തുമുടുത്താണ് കുളിക്കാനിറങ്ങിയയത്.അടിയിലെന്തെങ്കിലും ധരിക്കുക എന്നത് അപരാധമായി കണ്ടിരുന്നതിനാൽ, അതിനേപ്പറ്റി പ്രത്യേകിച്ച് പരാമർശിക്കാനില്ല. )
-ഇന്നു ഫേമസ്സായ ബർമുട അന്നു കാണുന്നത്, തമിഴ് സിനിമകളിൽ, ജനകരാജൊ, കൗണ്ടമണിയൊ കൈലി മാടിക്കുത്തുമ്പോൾ മാത്രമായിരുന്നു-
ഏതായാലും നന്നായി ആസ്വദിച്ച് കുളിച്ചുകൊണ്ടിരുന്ന എനിക്ക് ഒരു സംശയം.
തിരയുടെ മുകളിൽ തുഴഞ്ഞു നിൽക്കണം എന്നാണ് എന്റെ നാട്ടുകാരനും ഇനിയും കടൽ കണ്ടിട്ടില്ലാത്ത നീന്തൽ വിദഗ്ദനുമായ, കോട്ടപ്പാറ മാത്തു എനിക്കു നൽകിയിട്ടുള്ള ഉപദേശം.
എന്നാൽ തിര വരുമ്പോൾ ഒന്നു മുങ്ങി നോക്കിയാൽ എന്താ കുഴപ്പം? ഇതാണെന്റെ സംശയം.
സംശയം വന്നാൽ ദൂരീകരിക്കുക തന്നെ!
അടുത്തതായി വന്ന വലിയ തിരയുടെ മുന്നിൽ ഞാനൊന്നു കുനിഞ്ഞു കൊടുത്തു!
പിന്നെയുള്ള എന്റെ ഓർമ്മ തിരയുടെ ഉള്ളിൽ കിടന്നു കറങ്ങുന്നതാണ്.
കടലിലേക്കാണോ അതോ കരയിലേക്കാണോ എന്നൊരു പിടിയുമില്ല.
ആകെ ഭയന്നു പോയെങ്കിലും ഉപ്പുവെള്ളം കുടിക്കുന്നതിൽ ഞാനൊരു പിശുക്കും കാണിച്ചില്ല കേട്ടോ.
ഏതായാലും, കടലമ്മ ഭദ്രമായി എന്നെ കരയിൽ കൊണ്ടിരുത്തി. എന്താ പറ്റിയത് എന്ന് വ്യക്തമായി വരുമ്പോഴേക്കും, കടപ്പുറത്തൊരു ആരവം കേട്ടു.
ചിരിച്ചു ബോധം കെടാതിരുന്ന ഒരാൾ തോളത്തു കിടന്ന തോർത്തെടുത്ത് എന്റെ നേർക്കെറിഞ്ഞു.
പിന്നീടാണറിഞ്ഞത്, എന്റെ അന്നേരത്തെ അവസ്ഥയിൽ നിന്ന് ആവേശമുൾക്കൊണ്ടാണത്രേ, ശ്രീ കാനായി കുഞ്ഞിരാമൻ, മലമ്പുഴയിലെ യക്ഷിയെ സൃഷ്ടിക്കാനുള്ള ശ്രമം തുടങ്ങിയത്.
Thursday, July 3, 2008
ഓന്തിന്റെ നിറം!
പ്രി ഡിഗ്രി ബോർഡ് എന്ന് ചുമ്മാ ഒന്നു പറഞ്ഞ മന്ത്രിയെ വിപ്ലവക്കുരുന്നുകൾ റോഡു നീളെ തടയുന്ന കാലം!
പത്താം ക്ലാസ്സിൽ നല്ല നിലയിൽ പാസ്സായി, കോളേജെന്ന വൻ സാഗരത്തിലേക്കു വരുന്ന കൗമാരങ്ങളെ, ചോപ്പും പച്ചയും നീലയും വെള്ളയുമായ കൊടികൾക്കു കീഴിൽ കുടുക്കി, കുരുന്നുകുത്തി കളയുന്ന കാലം.
അക്കാലത്താണ് ഇമ്മിണി വല്ല്യ ഡിഗ്രിയായ പ്രി ഡിഗ്രിക്കു പഠിക്കാൻ ഞാനും തീരുമാനിക്കുന്നത്.
(സത്യത്തിൽ തീരുമാനം എന്റേതായിരുന്നില്ല. മോനെ അപ്പോത്തിക്കിരിയാക്കിയേക്കാം എന്നു നേർച്ച നേർന്ന എന്റെ അപ്പന്റേതായിരുന്നു. കാരണം പത്താം ക്ലാസ്സ് വരെ തന്നെ പഠിക്കാൻ പെട്ട പാട് നമുക്കല്ലേ അറിയൂ!)
ഏതായാലും കോളേജിലെ (എല്ലാ പാർട്ടിയിലും പെട്ട) നേതാക്കൾക്ക് ഞാനൊരു അസ്സറ്റായിമാറി. കാരണം സമരം പ്രഖ്യാപിക്കുന്ന ഏതു പാർട്ടിയുടെയും കൂടെ മുദ്രാവാക്യം വിളിക്കാൻ ആദ്യത്തെ അര മണിക്കൂർ ഞാനുണ്ടാവും കട്ടായം!
പിന്നെ അവരായി അവരുടെ പാടായി!
എപ്പോഴും നമ്മളിങ്ങനെ നയിക്കാൻ നിന്നാൽ നേതാക്കളെങ്ങനെ സ്വയം പര്യാപ്തരാവും?
അവരും സ്വാശ്രയരാവട്ടെ! നേതാക്കളവട്ടെ!
മാത്രമല്ല, നമ്മുടെ സഹായമാവശ്യമുള്ള മറ്റു പലരും സമീപത്തെ തിയേറ്ററുകളിൽ കാത്തിരിക്കുന്നു!
നമ്മളായിട്ട് ആരെയും നിരാശരാക്കാൻ പാടില്ലല്ലൊ!
അക്കാലത്ത് ആകപ്പാടെ മനസ്സായിട്ട് കയറുന്ന ഒരേയൊരു ക്ലാസ്സ് ജോസഫ് സാറിന്റേതാണ്.
ആദ്യകാലങ്ങളിൽ ഞാനദ്ദേഹത്തിനൊരു നോട്ടപ്പുള്ളിയായിരുന്നെങ്കിലും, പിന്നീടേതോ ഒരു കഷ്ടകാല സമയത്ത് (എന്റെയല്ല) ഞാനദ്ദേഹത്തിന്റെ ഗുഡ് ബുക്കിലെത്തി.
അദ്ദേഹത്തിന്റെ തിയറി ക്ലാസ്സിൽ കയറാൻ കഴിഞ്ഞില്ലെങ്കിലും പ്രക്റ്റിക്കൽ ക്ലാസ്സ് ഞാനൊഴിവാക്കാറേയില്ല. സിൽക്കിനോ, എന്തിന്! അഭിലാഷയ്ക്കു പോലുമോ മടിയോടെയാണെങ്കിലും ഞാൻ അവധി പറയുമായിരുന്നു, ഈ പ്രാക്റ്റിക്കൽ ക്ലാസ്സിനു വേണ്ടി!
ആദ്യമായി ബയോളജി ലാബിലേക്കു ചെല്ലുമ്പോൾ ഫോർമാലിൻ മണത്തു തല പെരുത്തു നിൽക്കുന്ന നമ്മുടെ മുൻപിലേക്ക് കുറെ ജന്തുക്കളുടെ കുപ്പിയിലാക്കിയ ശവങ്ങളാണു തരിക. ലവന്മാരെ തിരിച്ചും മറിച്ചും നോക്കി കുറിപ്പെഴുതണം. ചിലരെ സ്റ്റഫ് ചെയ്ത് വച്ചിട്ടുണ്ടാകും.
ഇക്കൂട്ടരെയെല്ലാം നോക്കി വായും പൊളിച്ചു നിൽക്കുന്ന നമ്മുടെ സമീപത്തേക്കു ജോസഫ് സാർ നാടകീയമായി നടന്നു വരും.
വന്നു നിൽക്കുന്നത് ഒരു ബോർഡിൽ സ്റ്റഫ് ചെയ്തു വച്ചിരിക്കുന്ന വലിയൊരു ഓന്തിന്റെ അടുത്ത്.
എന്നിട്ടൊരു ചോദ്യം,"ഇതെന്താണെന്നറിയാമൊ?"
കുട്ടികൾ പറയും,"ഓന്ത്"
"ഓന്തല്ലെടോ പിള്ളാരെ, ഇതാണ് കലോട്ടെസ്,
കലോട്ടെസ് വേർസ്സിക്കൊളാർ""ശരി സാർ"
"ഇതിന്റെ നിറമെന്താണ്?"
"ചുവപ്പ്"
"ഇതിനെങ്ങനെയാണ് ചുവപ്പു നിറം വന്നതെന്നറിയാമോ?"
"ഇതു നിറം മാറും"
"പക്ഷേ ചുവപ്പു നിറം എങ്ങനെ വരും?"
കുട്ടികൾ മൗനം.
ശബ്ദത്തിൽ ഇത്തിരി കനം കൊടുത്ത് ഒരു സ്വകാര്യം പോലെ സാർ പറഞ്ഞു, "ഇതു ചോര കുടിക്കും"
കുട്ടികളുടെ കണ്ണുകളിൽ ഇത്തിരി അമ്പരപ്പ്, ചിലർ ടേബിളിനടുത്ത് നിന്ന് അറിയാതെ ഇത്തിരി നീങ്ങി നിന്നു.
സാർ ആൺകുട്ടികളുടെ നേരെ തിരിഞ്ഞിട്ടു പറഞ്ഞു "പക്ഷെ നിങ്ങൾ പേടിക്കേണ്ട, വല്ല്യമ്മമാർ പറഞ്ഞു കേട്ടിട്ടില്ലേ, ഇതു പെൺകുട്ടികളുടെ രക്തമേ കുടിക്കൂ"
ആൺകുട്ടികളുടെ മുഖത്ത് ഒരാശ്വാസം!
പെൺകുട്ടികൾ കണ്ണും തള്ളി മുഖം ചുവന്ന് ശ്വാസം വിടാൻ മറന്ന് നിൽക്കുന്നു!
ജോസഫ് സാർ ഹാളിലൂടെ രണ്ടു ചാൽ നടന്നിട്ട് തിരിച്ചെത്തി.
എന്നിട്ട് പെൺകുട്ടികളുടെ നേരെ തിരിഞ്ഞ് പറഞ്ഞു.
"എന്നോർത്ത് നിങ്ങളാരും പേടിക്കേണ്ട"
വീണ്ടും എല്ലാവരുടെയും മുഖത്ത് ആകാംഷ!
ഒന്നു കൂടി എല്ലാവരെയും ഒന്നു നോക്കിയിട്ട് ലാബിന്റെ പുറത്തേക്കുള്ള വാതിലിനു നേരെ നടന്നു കൊണ്ട് ജോസഫ് സാർ പറഞ്ഞു.
"ഓന്തുകൾ കന്യകകളുടെ രക്തമേ കുടിക്കൂ!!"
ഒന്നുമറിയാത്ത പോലെ പുറത്തേക്കു നടന്ന സാറിനെ നോക്കി എല്ലാവരും ഇത്തിരി നേരം മിഴിച്ചു നിന്നു.
പെട്ടെന്നുണ്ടായ തിരിച്ചറിവിൽ നിന്നും ലാബിൽ ഒരു ബോംബു പൊട്ടിയ ആരവം!
Sunday, June 29, 2008
കൊച്ചായനും ഭക്തിഗാനമേളയും
സമീപ ഭാഗങ്ങളിൽ കുറേ ലോഡ്ജുകളുണ്ട് സ്റ്റുഡന്റ്‌സ് ഒൺലി.
ദൈവസഹായം ലോഡ്ജ് ഫെയ്മസ്സാണ്.
സർവ്വ തക്കിട തരികിടകളും ചെന്നെത്തുന്നതവിടെയാണ്. കോളേജിൽ നിന്ന് ഇത്തിരി ദൂരത്തായതിനാൽ വലിയ ശല്ല്യങ്ങളുമില്ല.
എസ്തപ്പാനോസ് അച്ചായന്റേതാണ് ലോഡ്ജ്.
വലിയ ഭക്തനും സാത്വികനുമാണ് അച്ചായൻ. പച്ച വെള്ളം ചവച്ചു കഴിക്കുന്നയാൾ.
അതുകൊണ്ട് തന്നെ വന്നു താമസിക്കുന്ന ഏതു പച്ചപ്പാവവും തരികിട ശീലിച്ചതു തന്നെ.
അച്ചായന്റെ ആറു മക്കളിൽ മൂത്ത നാലെണ്ണവും ഗൾഫിൽ. ഇളയ മോളും മോനുമാണ് കൂടെയുള്ളത്.
ഇളയ മകനായ ചാണ്ടി വലിയ സ്റ്റയിലുകാരൻ. ഏതാണ്ട് കോട്ടയം കുഞ്ഞച്ചനിലെ കുഞ്ചനെപ്പോലെ.
ലോഡ്ജിൽ താമസിക്കുന്ന ഞങ്ങളോടൊന്നും മിണ്ടുക കൂടി ചെയ്യാത്ത പവറു കാരൻ.
ഇദ്ദേഹത്തെ ഞങ്ങൾ കൊച്ചായൻ എന്നു വിളിച്ചു പോന്നു. (എസ്തപ്പാനോസ് അച്ചായൻ വളർത്തുന്ന കണ്ണു കാണാൻ വയ്യാത്ത പട്ടിയും ഈ പേരിൽ തന്നെയാണു അറിയപ്പെട്ടിരുന്നത്.)
രണ്ട് കൊച്ചായന്മാരുടെയും പ്രധാന പണി തീറ്റയും ഉറക്കവും.
വീട്ടിൽ വരുന്ന അതിഥികൾക്കും പിന്നെ വീട്ടിലെ ആവശ്യത്തിനുമായി അച്ചായൻ ഒരു വലിയ കൂടു നിറയെ കോഴികളെ വളർത്തിയിരുന്നു. കൊച്ചായന്റെ പ്രധാന ജോലിയും കോഴി തീറ്റ തന്നെ. (ഞങ്ങളുടെയും.... !! ആ കഥ പിന്നാലെ.)
വൈകുന്നേരമായാൽ നാണുച്ചേട്ടന്റെ ഹോട്ടലിലെ ശാപ്പാടും കഴിഞ്ഞ്, കഴിച്ച ശാപ്പാടിന്റെ വിഷമം മാറാനായി സംഘം ചേർന്ന് പാടുക എന്നതാണു ഞങ്ങളുടെ പരിപാടി.
ഞങ്ങളുടെ കൂട്ടത്തിലെ പാരഡി വിദഗ്ദന്മാർ കൊള്ളാവുന്ന സർവ പാട്ടുകളെയും അശ്ലീലവൽക്കരിച്ചു വച്ചിട്ടുണ്ടാവും. നാട് മുഴുവൻ കേൾക്കാവുന്ന വിധത്തിൽ തകർത്ത് പാടുകയാണു രീതി.
ഒച്ചപ്പാട് കേട്ട് ആദ്യ കാലത്ത് ഒരിക്കൽ അച്ചായൻ കയറി വന്നപ്പോൾ ഞങ്ങളുടെ പാട്ട് ഭക്തി ഗാനമായി.
വൈകുന്നേരം ഉറക്കത്തിനു മുൻപായി ഭക്തി ഗാനം പാടുന്ന വിദ്യാർത്ഥികളെ കണ്ട് ആനന്ദഭരിതനായി, താളത്തിൽ കൊട്ടിപ്പാടാനായി ഒരു ഡ്രം തന്നു അച്ചായൻ.
അതോടെ ഞങ്ങളുടെ തെറിപ്പാട്ടിനു അകമ്പടിയായി ഡ്രമ്മിന്റെ മുഴക്കവുമുണ്ടായി.
അങ്ങനെയിരിക്കെ അച്ചായനു ഒരു ചിന്തയുദിച്ചു.
വീടിനു പുറത്തിറങ്ങാത്ത, ആരോടും മിണ്ടാത്ത, സ്നേഹിതരില്ലാത്ത കൊച്ചായനെ, വൈകുന്നെരത്തെ ഞങ്ങളുടെ ഭക്തിഗാനമേളയിൽ പങ്കെടുപ്പിച്ചാൽ ഇത്തിരി ഗുണമുണ്ടായാലോ എന്ന്.
ഏതായാലും പിറ്റേന്നു മുതൽ കൊച്ചായൻ ഞങ്ങളുടെ കൂടെ വൈകുന്നേരത്തെ പാട്ടിനെത്തി.
ഇൻഡ്രൊഡ്യൂസ് ചെയ്യാനെത്തിയ അച്ചായൻ പോകുന്നതു വരെ ഞങ്ങൾ അറിയാവുന്ന പള്ളിപ്പാട്ടുകൾ പാടി.
ബോറടിച്ച് വലഞ്ഞ്, അച്ചായനെ ഭയന്ന് കൊച്ചായനും ഞങ്ങളോടൊപ്പം ചുണ്ടനക്കി.
അച്ചായൻ പോയതോടെ ഞങ്ങളുടെ പാട്ടിന്റെ ലൈൻ മാറാൻ തുടങ്ങി.
ആദ്യം സംഭവം മനസ്സിലാകാതിരുന്ന കൊച്ചായൻ പതിയെ ശ്രദ്ധിക്കാൻ തുടങ്ങി.
എന്തിനേറെപ്പറയുന്നു പിറ്റേന്നു മുതൽ കൊച്ചായൻ ഞങ്ങളുടെ ഗാനമേളയിലെ പ്രധാന ഗായകനും, ഞങ്ങളുടെയെല്ലാം സുഹൃത്തുമായി മാറി.
കൊച്ചായനെ ഇത്തരത്തിൽ മാറ്റിയെടുത്ത ഞങ്ങൾക്കു അച്ചായന്റെ പ്രത്യേക ഈസ്റ്റർ സദ്യയും കിട്ടി.
ഒരിക്കൽ ഓർക്കാപ്പുറത്തു കടന്നു വന്ന അച്ചായൻ ഞങ്ങളുടെ യഥാർത്ഥ ഭക്തിഗാന സുധ കേട്ടപ്പോഴുണ്ടായ ചീത്ത വിളിക്കു പക്ഷെ സദ്യയുടെ രുചി ഉണ്ടായിരുന്നില്ല.
Tuesday, June 17, 2008
കേരളം ഹാ കേരളം!
നേരേചൊവ്വെ വടിപിടിക്കാനറിയാത്തവർ ഗ്വാൾഫുകൾ കളിക്കുന്നത് കാണാനും പോകാറുള്ള
ഗ്ലബ്ബ് പൂട്ടിക്കെട്ടാൻ, വകുപ്പ് തലവന്മാർ തുരുമ്പിച്ച താഴുമായി പോകുന്നിടം!
പട്ടിണിപ്പാവത്തിനു കഞ്ഞി പാരാനുള്ള പദ്ധതിയിലും, കയ്യിട്ട് വാരാനുള്ള മുഖ്യ അവകാശത്തെച്ചൊല്ലി തമ്പ്രാക്കൾ തമ്മിലടിക്കുന്നിടം!!
കാശും കൊടുത്ത് മൂട്ട കടിയും കൊണ്ട് നാട്ടുകാർ എറിഞ്ഞിട്ട് പോകുന്ന ഭിക്ഷയാണു സ്വന്തം ചോറെന്നറിയാതെ തമ്മിലടിക്കുന്ന ക(കൊ)ലാകാരന്മാരുള്ളിടം!!!
കേരളം ഹ ഹ ഹ കേരളം!!!!
Monday, June 16, 2008
തിരിച്ചു വരവ്
മലയാള ബ്ലോഗുകളിൽ നിന്നും അകലെയായിരുന്നെങ്കിലും ചുരുങ്ങിയ ഇടവേളകളിൽ ചലനങ്ങൾ അറിയുന്നുണ്ടായിരുന്നു.
പുരോഗമനപരവും അല്ലാത്തതും.
നാറുന്നതും നാറാത്തതും.
വായിച്ചവയ്കു കമന്റിടാൻ പോലും തോന്നാത്ത ക്ലീഷേകൾ.
അച്ചടി മഷി പുരളാൻ യോഗ്യതയില്ലാത്ത പാമരന്മാർ സ്വയം പ്രകാശനം നടത്തുന്ന വേദികളിൽ എന്തോന്നു ചേരികൾ, രാഷ്ട്രീയം, പാരകൾ, ഒതുക്കലുകൾ, ഏറാന്മൂളിത്തരങ്ങൾ?
ഞാനായി എന്റെ പാടായി.
എന്റെ പാമരത്തം ഒക്കുമ്പോളൊക്കെ ഞാനും തുടരട്ടെ!!!
Wednesday, November 21, 2007
പട്ടാളം പിള്ളയുടെ തോക്ക്
വീണ്ടും ഒരു മടക്കയാത്ര.
ഞാനന്ന് ആറു വയസ്സുകാരന്‍. താമസം മൂലമറ്റം പവര്‍ഹസിനടുത്തുള്ള ഒരു സ്ഥലം.
(കൃത്യമായി പറഞ്ഞാല്‍ പഴയ തല്ലുകൊള്ളിത്തരങ്ങളുടെ ബാക്കി പത്രങ്ങള്‍ വിസയെടുത്ത് ഇവിടെ വന്നു പെരുമാറിയിട്ടു പോകും. അതിനാല്‍ ക്ഷമി!)
ഞങ്ങളുടെ പുരയിടം ഒരു കുന്നിന്‍ പ്രദേശത്താണ്. തെങ്ങും, കശുമാവും മരച്ചീനിത്തോട്ടവും, വിവിധ ഇനം മാവുകളും നെല്ലിയും ഒക്കെയുള്ള നാലേക്കറോളം സ്ഥലം.
പക്ഷെ ഞങ്ങള്‍ മൂന്നു മക്കള്‍ക്ക് സ്കൂളില്‍ പോകാന്‍ ബുദ്ധിമുട്ടായതിനാല്‍ റോഡരികില്‍ ഒരു വീട്ടിലാണ് താമസം. (അതുകൊണ്ടും സ്കൂളില്‍ പോകാനുള്ള എന്റെ "ബുദ്ധിമുട്ട്" മാറിയേയില്ല കേട്ടൊ.)
ശനിയാഴ്ചയും ഞായറാഴ്ചയും ഞങ്ങള്‍ മലയില്‍ പോകും, പ്രത്യേകിച്ച് പഴങ്ങളുടെ സീസണില്‍. വേനലവധിക്കാലത്ത് മിക്കവാറും താമസവും അവിടെയാക്കും.
അവധിക്കാലത്ത് മലയായ മല മുഴുവന്‍ കറങ്ങി നടക്കലാണ് ഞങ്ങള്‍ മൂവരുടെയും പരിപാടി. ഞങ്ങളുടെ പുരയിടത്തില്‍ നിറയെ പഴങ്ങളുണ്ടെകിലും അയല്‍വക്കത്തെ പുരയിടങ്ങളില്‍ പോയി അടിച്ചുമാറ്റിയാലെ ഒരു തൃപ്തി വരൂ.
പ്രധാനമായും നെല്ലിക്കയാണ് അയല്‍വക്കത്തു നിന്നും വേണ്ടത്.
അധികമൊന്നും വേണ്ട, ചേട്ടന്റെ നിക്കറിന്റെ രണ്ട് കീശ നിറയെ, ചേച്ചിയുടെ ഉടുപ്പിന്റെ മടക്കുനിറയെ, എനിക്കു കീശയും കൈയും നിറയെ.
പിന്നെ ഏതെങ്കിലും വലിയ പാറപ്പുറത്ത് കയറി കരുതിക്കൊണ്ടു വരുന്ന ഉപ്പും കാന്താരി മുളകും ചേര്‍ത്ത് തിന്നുക (പണ്ടാരം.... വായില്‍ വെള്ളം നിറഞ്ഞിട്ട് ടൈപ്പു ചെയ്യാനും കൂടി പറ്റുന്നില്ല.....).
ഇതിനിടയില്‍ ഞങ്ങള്‍ക്കൊരു സുഹൃത്തിനെക്കൂടി കിട്ടി.
രവി.
ചേട്ടന്റെ പ്രായം. എന്നാല്‍ തരികിടക്ക് എന്റെയും ചേട്ടന്റെയും ചേര്‍ന്ന പ്രായം.
ഏതു പുരയിടത്തില്‍ എന്തിനം നെല്ലിക്ക, മാങ്ങ, നാരങ്ങ ഇത്യാദി വഹകള്‍ ഉണ്ടെന്നു വര്‍ഷങ്ങളായി ഗവേഷണം മുഖ്യതൊഴില്‍.
സൈഡായി പഠനത്തൊഴിലും!
ഏതായാലും രവി കൂടി ഗാങ്ങിലെത്തിയതോടെ ഞങ്ങളുടെ വിഹാരങ്ങളുടെ വിശാലതയും സമയവും കൂടി.കറക്കം കഴിഞ്ഞ് തിരിയെ വരുമ്പോള്‍ അമ്മയുടെ കയ്യില്‍ നിന്നു കിട്ടുന്ന തല്ലിന്റെ അളവും!
അങ്ങനെയിരിക്കെ രവി ഒരു പുതിയ ഗവേഷണഫലവുമായെത്തി. ഏകദേശം ഒന്നര രണ്ടു കിലോമീറ്റര്‍ ദൂരെയൊരിടത്ത് ഒത്തിരി വലിയ നെല്ലിക്ക അവൈലബിള്‍!
അടുത്ത പ്രദേശത്തൊന്നും ആ വലിപ്പമുള്ള ഇനം ഇല്ലത്രേ!!
കേട്ടപാതി കേള്‍ക്കാത്ത പാതി ഞാന്‍ മുന്നിട്ടിറങ്ങി.
പക്ഷെ വേറെ പ്രശ്നമുണ്ട്. ഉടമസ്ഥന്‍ ആളു കുഴപ്പക്കാരനാണ്. എക്സ് മിലിട്ടറി കൂടിയായ ---- പിള്ള .
മുഖം നിറഞ്ഞ കൊമ്പന്‍ മീശ. തോക്കു സ്ഥിരം കൈയ്യിലുണ്ടെന്നും അതല്ല നിറച്ച് വീട്ടില്‍ വച്ചിരിക്കയാണെന്നും രണ്ടു കേള്‍വി.
അയാള്‍ കണ്ണിലെ കൃഷ്ണമണി പോലാണ് നെല്ലിമരം കാത്തുസൂക്ഷിക്കുന്നത്. ഒളിച്ചും പതുങ്ങിയും പോകണം.
ഏതായാലും ബാലനായ എന്നെയും അബലയായ ചേച്ചിയെയും ഒഴിവാക്കി ചേട്ടനും രവിയും സാഹസികമായി കാര്യം സാധിച്ചു.
സത്യം പറയണമല്ലൊ ആ നെല്ലിക്കയുടെ വലിപ്പവും രുചിയും ഒന്നു വേറെ തന്നെ!
അടുത്ത ആഴ്ചത്തെ പര്യടനത്തിന് ഞാനുമുണ്ടെന്നു നേരത്തെ അവരെ അറിയിച്ചു. പറ്റില്ലെന്നു പറഞ്ഞ ചേട്ടനെ വിവരം വീട്ടിലറിയിക്കുമെന്ന ഭീഷണിയില്‍ വരുതിയിലാക്കി. മുഖം വീര്‍പ്പിച്ച ചേച്ചിയെ ഞാന്‍ രണ്ടു നെല്ലിക്ക എക്സ്ട്ര പറഞ്ഞൊതുക്കി.
ഏതായാലും പിള്ളയുടെ പുരയിടം ദൂരെക്കണ്ടതോടെ എന്റെ ധൈര്യമെല്ലാം ചോര്‍ന്നു. കാലിനിത്തിരി ബലക്ഷയം!
ഈ പറയപ്പെടുന്ന തോക്കെന്നു പറയുന്ന സാധനം ചുക്കോ ചുണ്ണാമ്പോ എന്നറിയില്ലെങ്കിലും, രവി പറയാറുള്ള എംജിആര്‍ സിനിമക്കഥകള്‍ ഓര്‍ത്തപ്പോള്‍ അമ്മച്ചിയെ അപ്പോള്‍ തന്നെ കണ്ടാല്‍ കൊള്ളാമെന്നൊരു തോന്നല്‍.
എന്റെ സ്പീഡ് കുറഞ്ഞ് കുറഞ്ഞ് സീറോ ആയി.
ഒടുവില്‍ എന്നെ കുറെ ദൂരെ നിര്‍ത്തിയിട്ട് അവര്‍ രണ്ടുപേരും മുന്നോട്ടുപോയി.
ഞാന്‍ ഒരു വലിയ പാറപ്പുറത്ത് കയറി അവര്‍ പോയ വഴിയേ നോക്കി നില്‍പ്പായി. .....
ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞു കാണും, ദൂരെ കുറ്റിക്കാട്ടിലൂടെ ചേട്ടന്റെയും രവിയുടെയും തലവെട്ടം കണ്ടെന്നു തോന്നിയപാടെ ആവേശം മൂത്ത ഞാന്‍ പാറയില്‍ നിന്നു ചാടിയിറങ്ങി അവരുടെ അടുത്തേക്കോടി.
പോകുന്ന വഴിയില്‍ "ഇഷ്ടം പോലെ കിട്ടിയോ ചേട്ടായി" എന്നുറക്കെ വിളിച്ചു ചോദിച്ചു കൊണ്ടിരുന്നു.
മറുപടി കിട്ടിയില്ലെങ്കിലും ഞാന്‍ ഓട്ടം നിര്‍ത്തിയില്ല.
ഏതാണ്ട് നൂറ് മീറ്റര്‍ ദൂരെയെത്തിയപ്പോള്‍ ഒരു പറ പറ ശബ്ദത്തില്‍ മറുപടി കിട്ടി
"കിട്ടിയെടാ കിട്ടി"
"ഇന്നാണെടാ നിന്നെയൊക്കെ എനിക്കു കിട്ടിയതെടാ കൊച്ചു കഴുവേറീടെ മോനെ"
ഇടിവെട്ടേറ്റ പോലെ നിന്ന ഞാന്‍ നോക്കുമ്പോള്‍ പിള്ളയുടെ നീണ്ട ഇരുകൈകളിലും ചേട്ടനും രവിയും!!
മാത്രമല്ല പിള്ളയുടെ പിറകില്‍ തോളിനു പിന്നിലൂടെ ഉയര്‍ന്നു നില്‍ക്കുന്ന തോക്കിന്‍ കുഴലും!!
എനിക്കോര്‍മ്മ വീഴുമ്പോള്‍ പിള്ളേച്ചന്‍ എന്റെ മുഖത്തു വെള്ളം തളിച്ചു തടവുകയാണ്!
ചേട്ടനും രവിയും അടുത്ത് നിന്ന് വിങ്ങിക്കരയുന്നു!
തോക്കെന്നു കരുതിയ സാധനം ഒരു കല്ലില്‍ ചാരിവച്ചിരിക്കുന്നു!!
പുരയിടത്തിലൂടെ നടക്കുമ്പോള്‍ പാമ്പിനെ പേടിച്ച് കരുതാറുള്ള മുട്ടന്‍ വടി!!!
Tuesday, November 20, 2007
ഒരു വീരകൃത്യം
ഹൈറേഞ്ചിന്റെ കളിത്തൊട്ടിലായ, തൊടുപുഴയുടെ മണിമുത്തായ ന്യൂമാന്‍ കോളേജാണ് രംഗവേദി.
ഞാനന്നു ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി.
പഠിക്കുന്ന കാര്യമൊഴിച്ച് എന്തിനും റെഡി. പ്രധാന ഹോബി വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ തമ്മിലുള്ള അലക്കും തല്ലും കണ്ടാസ്വദിക്കല്‍.
അന്ന് ന്യുമാനില്‍ കെ എസ് യു, ഒരിനം കെ എസ് സി, എം എസ് എഫ് എന്നിവര്‍ ചേര്‍ന്നൊരു മുന്നണി, വേരൊരിനം കെ എസ് സി, എ ബി വി പി, ചേര്‍ന്ന മറ്റൊരു മുന്നണി, എസ് എഫ് ഐ തനിയെ എന്നൊക്കെയാണ് അവിയലുകള്‍.
ഏതു പാര്‍ട്ടി സമരം പ്രഖ്യാപിക്കുന്നോ, അന്നത്തേക്ക് എന്റെ സപ്പോര്‍ട്ട് അവര്‍ക്ക്. പ്രത്യേകിച്ച് ഗോപാലകൃഷ്ണന്‍ സാറിന്റെയോ (അടൂരല്ല) മണി സാറിന്റെയോ പടം റിലീസാകുന്ന ദിവസമാണെങ്കില്‍ ഡബിള്‍ സപ്പോര്‍ട്ട്.
ഏതായാലും ഒരു സുദിനം, സമരദിനം!!
അന്നേദിവസം രണ്ടു കൂട്ടര്‍ക്ക് അവകാശബോധമുദിച്ചു. ഗ്രൗണ്ട് ഫ്ലോറിന്റെ ഓരോ അറ്റങ്ങളില്‍ നിന്നും ഇരുകൂട്ടരും പ്രകടനം തുടങ്ങി.
ശബ്ദം കേട്ട പാടെ സേവന തല്‍പരനായ ഞങ്ങടെ മാഷ് പുസ്തകം മടക്കി പുറത്തിറങ്ങി.(അദ്ദേഹത്തിനു സെക്കന്റ് ഹാന്റ് കാറിന്റെ സൈഡ് ബിസിനസ്സുണ്ട്)
മാഷിന്റെ പിന്നാലെ ആവേശഭരിതനായി ഞാനും.
പക്ഷെ സ്ഥിരം കുറ്റികളുമായി ഒത്തുകൂടിയപ്പോള്‍ ആവേശം ഇത്തിരി തണുത്തു.
ആകെയുള്ള മൂന്നു തിയേറ്ററിലും തല്ലിപ്പൊളി പടങ്ങള്‍. ഒരിടത്ത് മമ്മൂട്ടി, മറ്റൊരിടത്ത് മോഹന്‍ലാല്‍, മൂന്നമത്തെയിടത്ത് ബാലചന്ദ്രമേനോന്‍!
ഛെ ആര്‍ക്കുവേണം! എവിടെ അഭിലാഷ? എവിടെ.......???
അതുകൊണ്ട് നേരെ ഗള്‍ഫിലേക്കു നടന്നു. (ലേഡീസ് കോര്‍ണറാണ് ഗള്‍ഫ്. അവരുടെ മൂത്രപ്പുര വിശ്രമ, സല്ലാപ കേന്ദ്രങ്ങള്‍ തുടങ്ങിയവ ഇവിടെ.) എല്ലാ പ്രകടനങ്ങളുടെയും സ്വാഭാവിക അവസാനം ഗല്‍ഫിലാണ്. കാരണം പ്രസാദിക്കേണ്ടത് പെണ്‍മണികളാണ്. വോട്ട് വീഴണ്ടെ!?
പക്ഷെ കുറെ കാത്തിരുന്നിട്ടും രണ്ടു കൂട്ടരും ഗള്‍ഫിലെത്തുന്നില്ല. അപ്പോള്‍ കേള്‍ക്കാം മൂന്നാം നിലയില്‍ നിന്നൊരാരവം. ആരൊ പറഞ്ഞു, അടി തുടങ്ങിയെന്ന്.
അടി കാണാന്‍ പറ്റിയില്ലെങ്കില്‍ കോളേജു ജീവിതം കൊണ്ടെന്തു ഗുണം?
നേരെ മുകളിലേക്കോടി. മൂന്നാം നിലയിലെ കോറിഡോറിന്റെ നടുവിലായി രണ്ടു കൂട്ടരും മുഖാമുഖം നില്‍ക്കുന്നു. പരസ്പരം ചീത്തവിളിയും ഒച്ചപ്പാടുമല്ലാതെ അടിവീണിട്ടില്ല.
(ഒരുകാര്യം പ്രത്യേകം പറയട്ടെ, ന്യൂമാനില്‍ വന്ന ശേഷം, ചില്ലറ ഉന്തും തള്ളുമല്ലാതെ നല്ലൊരടി ഇനിയും കാണാന്‍ പറ്റിയിട്ടില്ല. ഇവിടുത്തെ നേതാക്കളും അനുയായികളും വലിയ ആഢ്യന്മാര്‍, ഷര്‍ട്ട് ചുളിയുന്ന ഒരിടപാടിനുമില്ല)
അടിവീഴുന്നെങ്കില്‍ ഓടാനുള്ള പാകത്തില്‍ ഒരു മൂലയില്‍ നിന്നു ഞങ്ങള്‍ എത്തിനോക്കിക്കൊണ്ടിരുന്നു.
ഇതിനിടയില്‍ ഹംസ പോയി അടുത്ത ക്ലാസ്സില്‍ നിന്നും ഒരു സ്റ്റൂള്‍ കൊണ്ടുവന്ന് അതില്‍ക്കയറി നിന്നു നോക്കാന്‍ തുടങ്ങി.
ഞാനന്നും ഇന്നും നല്ല പൊക്കക്കാരനായതിനാല്‍ (സച്ചിന്‍ തെണ്ടുല്‍ക്കറേക്കാള്‍ വെറും രണ്ടിഞ്ചു കുറവേയുള്ളു. അതത്ര കുറവാണൊ? എല്ലാവര്‍ക്കും സച്ചിനാവാന്‍ പറ്റുവോ!!) ഞാനും അതില്‍ കയറിക്കൂടി.
രണ്ടു പ്രകടനവും ഏതാണ്ട് മൂന്നു മീറ്റര്‍ അകലത്തിലായി നില്‍ക്കുന്നു. എന്തും സംഭവിക്കാം.
അപ്പോഴാണ് എന്റെ അയല്‍വാസിയും, പ്രകടനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ഒരു പാര്‍ട്ടിയുടെ യൂണിറ്റ് പ്രസിഡന്റുമായ മനോഹരന്‍ എന്റെ അടുത്തെത്തിയത്. എന്തേ പ്രകടനത്തില്‍ ചേര്‍ന്നില്ല എന്നതിന് താന്‍ വന്നപ്പോള്‍ താമസിച്ചു എന്നും രംഗം എങ്ങിനെയുണ്ടെന്നറിഞ്ഞിട്ട് കൂടാം എന്നും പറഞ്ഞ് എന്നെ സ്റ്റൂളില്‍ നിന്നിറക്കി അതില്‍ക്കയറി നോക്കിനിന്നു.
ശബ്ദകോലാഹലമല്ലാതെ അടിയുടെ ഒരു ലക്ഷണവും കാണുന്നേയില്ല.
പെട്ടെന്നാണ് ഞങ്ങളുടെ പിന്നിലൂടെ പ്രിസിപ്പല്‍ തിരക്കിട്ടു വരുന്നത് ഞാന്‍ കണ്ടത്.
ദാണ്ടെടാ ------ (പ്രിസിപ്പലിന്റെ വിളിപ്പേര്) വരുന്നു എന്നു ഞാന്‍ പറഞ്ഞതും ഹംസ സ്റ്റൂളില്‍ നിന്നും ചാടിയിറങ്ങി.
ബാലന്‍സ് പോയ മനോഹരന്‍ സ്റ്റൂളുമായി ടപ്പേയെന്ന് തറയില്‍!
തിരിഞ്ഞു നോക്കിയ ഹംസ പ്രിന്‍സിപ്പലിനെ കണ്ട് ഭയന്ന് ഓടിച്ചെന്നു കയറിയത് പ്രകടനത്തിന്റെ ഇടയിലേക്ക്!
സ്റ്റൂള്‍ വീഴുന്ന ശബ്ദവും, ഹംസയുടെ പെട്ടെന്നുള്ള തള്ളിക്കയറ്റവും എല്ലാം ചേര്‍ന്നുള്ള ഇളക്കത്തില്‍ അടിയും തുടങ്ങി.
അടി തുടങ്ങിയതും നാലുകാലും പൊക്കി ഞാനോടിയതും ഒന്നിച്ച്!!
കോറിഡോറിന്റെ ഏറ്റവും അറ്റത്തെത്തി കോണിപ്പടികള്‍ മൂന്നുവീതം ചാടിയിറങ്ങി ഒന്നാം നിലയിലെത്തുന്നതു വരെ ഞാന്‍ കരുതി ഏറ്റവും മുന്നിലോടുന്നത് ഞാന്‍ തന്നെ....
ആ ചിന്തയില്‍ ഒന്നു ചിരിച്ച് തല ഉയര്‍ത്തിയ ഞാന്‍ കണ്ടത് എന്റെ മുന്നിലോടുന്ന മനോഹരനെ!!
അതിനു തൊട്ടു പിന്നില്‍ മനോഹരനോടു മല്‍സരിച്ച് ളോഹയും പൊക്കിപ്പിടിച്ചോടുന്ന പ്രിന്‍സിപ്പലച്ചനെ!!
Sunday, October 28, 2007
ആരോ
പുള്ളിക്കോണകമുടുത്തു നടന്ന പ്രായത്തിലെ ഓര്‍മകള്‍ അന്‍പതുകളിലെ സിനിമ പോലാണു മനസ്സില്‍.എങ്കിലും ഏതെങ്കിലും പോസ്റ്റ് വായിക്കുന്ന സമയത്ത് അതു മെല്ലെ മെല്ലെ മിന്നും. ആ മിന്നലിനു കാത്തിരിക്കുന്നതിനിടയില്‍, കാലിത്തിരി കവച്ചു വയ്ച് ഞാന്‍ കോട്ടയം സി. എം. എസ്. കോളേജിലേക്കൊന്നു കടന്നു ചെല്ലട്ടെ.
കാലം 1980. ജയന്റെ സിനിമകളും ബെല്‍ബോട്ടം പന്റ്സുകളും കൊടികുത്തി വാഴുന്ന കാലം. ഇക്കാലത്ത് തന്നെയാണു, ജയന്‍ ഹെലികോപ്റ്ററില്‍ നിന്നു വീണു മരിച്ചതും (?). പിന്നീടു കുറച്ചുകാലം, ടിയാന്‍ അമേരിക്കയിലോ, ജപ്പാനിലോ അതോ വിദൂരസ്തമായ വൈപ്പിന്‍ കരയിലോ, ബാലന്‍ കെ നായരോടു പകരം വീട്ടാനായി കാത്തിരിക്കുന്നോ ഇല്ലയോ തുടങ്ങിയ കാലിക പ്രസക്തമായ ചര്‍ച്ചകളിലായിരുന്നു യുവജന സമൂഹം.
അതവിടെ നില്‍ക്കട്ടെ. ഇടുക്കി ജില്ലയിലെ ഒരു ഓണം (സംക്രാന്തിയും) കേറാ മൂലയില്‍ നിന്നും കോട്ടയം പട്ടണത്തിലെത്തിയ ഞാന്‍ (കോട്ടയത്ത് എത്തിപ്പെടാനുണ്ടായ കാരണം രഹസ്യം) വികാരിയച്ചന്‍ കാബറെ ഹോട്ടലില്‍ കയറിയതു പോലെ ആദ്യമൊന്നു പകച്ചു എങ്കിലും പോകെപ്പോകെ, ഗ്രഹണിപ്പിള്ളേരുടെ മുന്‍പില്‍ ചക്കക്കൂട്ടാന്‍ തുറന്നുവച്ചതുപോലെ കാര്യമായി ആര്‍മാദിച്ചു.ആദ്യമുണ്ടായ രണ്ടെണ്ണത്തിന്റെയും മുഖത്ത് എങ്ങനെ നോക്കിയിട്ടും ഡോക്ടര്‍ ലക്ഷണങ്ങള്‍ കാണാനാവാതെ വന്നപ്പോള്‍, അടുത്തത് ഡോക്ടര്‍ തന്നെ എന്നുറപ്പിച്ചാണു എന്റപ്പന്‍ എന്നെ സ്വരുക്കൂട്ടിയത്. അപ്പോള്‍പിന്നെ പ്രീഡിഗ്രിക്ക് സെക്കന്റ് ഗ്രൂപ്പല്ലാതെ ഞാന്‍ ചേരാനിടയില്ലെന്ന് ഇതു വായിക്കനിടയുള്ള ഏത് പോലീസുകാരനും മനസ്സിലാകുമല്ലോ.
ശനിദശ ചന്ദ്രനില്‍ ചെന്നാലും തീരില്ലല്ലോ! കോളേജിലും പ0നം തന്നെയാണു നടക്കുന്നത് എന്ന ദു:ഖസത്യം ഞാന്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു.
പിന്നെ ആകെയുള്ള മെച്ചം, ഇന്ന ക്ലാസ്സെന്നു വ്യത്യാസമില്ലാതെ ഏതു ക്ലാസ്സിലും കയറി ഇരിക്കാം എന്നതു മാത്രം. എന്റെ പ്രധാന അവതാരം തേര്‍ഡ് ഗ്രൂപ്പ് ക്ലാസ്സിലാണു. കാരണം സാറന്മാര്‍ വന്നു മാക്രൊ ഇക്കണോമിക്സ്, മൈക്രോ ഇക്കണോമിക്സ് എന്നൊക്കെ വിരട്ടുമെന്നല്ലാതെ വേറെ ശല്യമില്ല. മുട്ടത്തുവര്‍ക്കിയുടെ മാനസപുത്രിമാരുടെ നീണ്ട നിരയും അവിടെ ലഭ്യം.
അന്നത്തെ കുട്ടികളുടെ, ക്ലാസ്സിനുള്ളിലെ പ്രധാന ഹോബി, കടലാസ് കടലപ്പൊതി പോലെ ചുരുട്ടി, പരത്തി, മടക്കി, വിരലിന്നിടയില്‍ വച്ച് പറപ്പിക്കുന്നതാണു. വി-2 എന്നും, ആരൊ എന്നും, റോക്കെറ്റെന്നുമൊക്കെ ഓമനപ്പേരില്‍ ഈ സൂത്രം അറിയപ്പെട്ടു.
ഇത് ആണു പെണ്ണു വ്യത്യാസമില്ലതെ നിര്‍മ്മിക്കുകയും, ആവശ്യാനുസരണം ഉപയോഗിക്കുകയും ചെയ്തിരുന്നു.അദ്ധ്യാപഹയര്‍ വന്നു തട്ടില്‍ കയറിയാലുടന്‍ എല്ലാവരും ചേര്‍ന്നു റോക്കെറ്റാക്രമണമാണു ആദ്യ സ്വീകരണം. സാധുക്കള്‍ സ്നേഹപൂര്‍വം ഉള്ളില്‍ പ്രാകിക്കൊണ്ട്, വി-2 എല്ലാം തട്ടി മാറ്റി കര്‍മ്മം തുടങ്ങും.
അങ്ങനെയിരിക്കെ, ആ സുദിനമെത്തി. പതിവുപോലെ ഞാനന്നും കോളേജിലെത്തി.
വഴിതെറ്റിക്കയറിയത് സ്വന്തം ക്ലാസ്സില്‍ തന്നെ.
സമയനിഷ്ടയില്‍ നിര്‍ബ്ബന്ധമുണ്ടായിരുന്നതിനാല്‍,സാധാരണ പോലെ, സെക്ക്ന്റവര്‍ പകുതിയേ ആയിരുന്നുള്ളു.
ഞാന്‍ ചെല്ലുന്നതു കൊണ്ട് ക്ലാസ്സിനോ സാറിനോ പ്രത്യേക ഗുണദോഷങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍, പാറപ്പുറത്ത് അപ്പൂപ്പന്‍ താടി വീണ അനുഭവമേ ക്ലാസ്സിലുണ്ടായുള്ളു.
ഞാന്‍ സ്ഥിരം ഇടമായ ബായ്ക് ബെഞ്ചില്‍ ചെന്നിരുന്നു സാറിനെ നോക്കി.മൂപ്പര്‍ തിരിഞ്ഞുനിന്നു തവളയുടെ ആന്തരികാവയവങ്ങള്‍ ബോര്‍ഡില്‍ തകര്‍ത്ത് വരക്കുകയാണു.
നല്ല സമയം. ഞാന്‍ ബുക്കിനകത്തു നിന്നും തലേന്നു ബാക്കിയായ ഒരു വി-2 പുറത്തെടുത്തു. ചൂണ്ടുവിരലുകള്‍ക്കിടയില്‍ വച്ച് 45 ഡിഗ്രി ആംഗിളില്‍ സാറിന്റെ പുറം ലക്ഷ്യമാക്കി പറപ്പിച്ചു. ആയുധം കൃത്യമായി തറച്ച ത്രില്ലില്‍ ഞാന്‍ ചുറ്റും കണ്ണോടിച്ചു.
എന്താണെന്നറിയില്ല ക്ലാസ്സ് ഒറ്റയടിക്കു നിശ്ശബ്ദമായി!!
സാറിന്റെ പടം വര നിന്നു. ആളു മെല്ലെ തിരിഞ്ഞു.
എന്റെ ചങ്കില്‍ ത്രുശ്ശൂര്‍ പൂരത്തിന്റെ കരിമരുന്നു പ്രയോഗം കത്തിപ്പടര്‍ന്നു.സുവോളജി ഡിപ്പാര്‍ട്‌മന്റ് ഹെഡ്!! കോളെജില്‍ പേരുകേട്ട കിടിലന്‍! പ്രിന്‍സിയെക്കാള്‍ പുലി!!
സി. എം. എസ്സിന്റെ ഒരു വീരപുത്രനും വി-2 അയയ്ക്കാന്‍ ധൈര്യപ്പെടാത്ത പുപ്പുലി!!!
ക്ലാസ്സില്‍ സ്ഥിരം കയറിയിരുന്നതു കൊണ്ട്, ഇദ്ദേഹം എന്റെ ക്ലാസ്സില്‍ പഡിപ്പിക്കാറുണ്ടെന്നു ഞാനറിഞ്ഞിരുന്നില്ല.
സപ്ത നാഡികളും തളര്‍ന്ന് ഞാനിരിക്കുമ്പോള്‍ അദ്ദേഹം കുനിഞ്ഞ് എന്റെ വി-2 കൈയ്യിലെടുത്തു. മെല്ലെ ചിരിച്ചുകൊണ്ട് ക്ലാസ്സില്‍ മുഴുവന്‍ നോക്കി ചോദിച്ചു.
"ഇതാരാ വിട്ടത്"
ആരും മിണ്ടിയില്ലെങ്കിലും എല്ലാ നോട്ടവും എന്റെ നേര്‍ക്കു നീണ്ടു വരുന്നത് സാര്‍ കണ്ടു." ആഹ! നീയാ...? ഒന്നെണീറ്റെ, കാണട്ടെ" ചിരിച്ചുകൊണ്ടുതന്നെ അദ്ദേഹം പറഞ്ഞു.
ആ ചിരിയില്‍ വിശ്വാസമുറപ്പിച്ച് ബലം കുറയുന്ന കാലുകളില്‍ ഞാന്‍ എണീറ്റു.
ചിരി മായാതെ തന്നെ അദ്ദേഹം ചോദിച്ചു.
"ആരോ ഉണ്ടാക്കി ഇങ്ങോട്ടു വിട്ടു അല്ലെ"
"ഉണ്ടാക്കി" എന്ന വാക്കിനു അദ്ദേഹം കൊടുത്ത പ്രത്യേക ശക്തിയുടെ അര്‍ത്ഥം മാലപ്പടക്കം പോലെ ക്ലാസ്സില്‍ പൊട്ടിപ്പടര്‍ന്നു.പിറ്റേന്നു മുതല്‍ സി. എം. എസ്സിന്റെ വശ്യസുന്ദരമായ കാമ്പസ്സിലെ ചൂള മരങ്ങളുടെ തണലില്‍ സ്ഥിരം ഉറങ്ങിക്കിടക്കുന്ന ഒരു ബുദ്ധിജീവി കൂടി അവതരിച്ചു.
Friday, October 26, 2007
റബ്ബര്‍ പാല്‍ കുളി
വിവരമറിഞ്ഞ് എന്നെ തല്ലാനോടിച്ച അമ്മച്ചിയില്‍ നിന്നും എന്നെ രക്ഷിച്ചു എളിയിലെടുത്തുകൊണ്ട് ഓടിപ്പോയ ചേട്ടത്തിയുടെ സ്നേഹം കണ്ണും നിറയ്ക്കുന്നു.
Saturday, October 20, 2007
ഒരു ബാല്യകാല സ്മൃതി.
എന്റപ്പനു മക്കള്‍ മൂന്ന്. ഇളയയവന്‍ ഞാന്‍.മൂത്തതു ചേട്ടന്‍. നടുക്കു പെങ്ങള്‍.ഞാന്‍ ജനിച്ചപ്പോള്‍ വീട്ടില്‍ നല്ല സ്തിതി. (എന്റെ തല കണ്ടു കഴിഞ്ഞു കീഴോട്ടായി). ധാരാളം ജോലിക്കാര്‍ എന്നും ഉണ്ടാവും. അമ്മക്കു അവരുടെ പിന്നാലെ നടക്കനെ നേരമുള്ളു. (അപ്പനന്നേ നാടു നന്നാക്കലാണു ജോലി)പിച്ച നടക്കുന്ന എന്നെ നോക്കനുള്ള ഉത്തരവാദിത്തം ചേട്ടനായി. മൂപ്പര്‍ക്കാണെങ്കില്‍ ഒരു പറ്റം കൂട്ടുകാരുമായി കുത്തിമറിയണം. (ഏഴാണു വയസ്സ്.) ഇവരുടെ പ്രധാന ഹോബി നാട്ടിലുള്ള സര്‍വമാന മാവിലും മരത്തിലും കയറ്റം. അക്കാലത്ത് അതിനൊട്ട് ക്ഷാമവുമില്ല. ഏതായാലും മാമ്പഴം തിന്ന് എനിക്ക് വയറ്റിളക്കം പിടിച്ചു. എന്നെ ഇത്രയും മാമ്പഴം തീറ്റിയതിനു അമ്മ ചേട്ടനെ ശാസിച്ചു. ഇനി എനിക്കു മാമ്പഴം തരരുതെന്ന് വിലക്കുകയും ചെയ്തു.പക്ഷെ ചേട്ടനും കൂട്ടുകാരും മാമ്പഴം തിന്നുമ്പോള്‍ ഞാന്‍ കരച്ചിലും ബഹളവുമായി. കൊച്ചുകുട്ടിയല്ലേ, എന്തു ചെയ്യും?എന്റെ കരച്ചില്‍ മാറ്റണം. വയറ്റിളക്കം ഉണ്ടാവാനും പാടില്ല. ഒടുവില്‍ ചേട്ടന്‍ ഒരു വഴി കണ്ടെത്തി.ഒരു മാമ്പഴം മുഴുവന്‍ മൂപ്പര്‍ തിന്നും. ഒട്ടും കഴമ്പ് ബാക്കിയില്ലതെ മാങ്ങാണ്ടി എന്റെ കയ്യില്‍ തരും.മാമ്പഴം കിട്ടിയ സന്തോഷത്തില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ആ മാങ്ങാണ്ടിയും നക്കി ഞാന്‍ ചേട്ടന്റെ പിന്നാലെ ഒരു വഴക്കുമില്ലാതെ നടക്കും. എനിക്കു വയറിളക്കമില്ല, ചേട്ടനു ശല്ല്യമില്ല. അമ്മയുടെ ശാസനയുമില്ല.ഇന്നും ആ മാങ്ങാണ്ടിയുടെ മധുരം ഞാനെന്റെ നാവില്‍ കൊണ്ടു നടക്കുന്നു.
ആമുഖം
| നടന്നു തീര്‍ത്ത ഇടവഴികളില്‍ നിന്നും വീണു കിട്ടിയ വളപ്പൊട്ടുകള്‍.അടുക്കും ചിട്ടയുമില്ലാതെ നിരത്തുകയാണു ഞാന്‍.അവകാശവാദങ്ങളില്ല.സ്വപ്നങ്ങള്‍ മാത്രം. പഥികന്‍ |